ധ്യാനം ജീവിതത്തിനു ഗുണം ചെയ്യുമെന്നാണ് പഴയ തലമുറ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
ശാന്തമായിരുന്ന്, ഏകാഗ്രതയോടെ, തന്നിലും സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഉപാസനയത്രേ ധ്യാനം.
യുഗങ്ങള്‍ കൊണ്ട് മാത്രം നടക്കാനിടയുള്ള മനസ്സംസ്ക്കരണം ത്വരിതപ്പെടുത്തി, ഈ ജന്മത്തില്‍ തന്നെ പരിണാമം സാക്ഷാത്ക്കരിക്കാനുള്ള സാധനയാണെന്നും ധ്യാനത്തിന് വിശേഷണങ്ങളുണ്ട്.
ധ്യാനത്തിന്റെ ഗുണങ്ങളെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. മനസ്സിന്റെയും ബുദ്ധിയുടേയും ശക്തി നേടിയെടുക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗം മാത്രമേ ആധുനിക ശാസ്ത്രം ഉപദേശിക്കുന്നുള്ളു. അത് ധ്യാനത്തിന്റെ മാര്‍ഗ്ഗമാണ്. മനസ്സിനെ ഏകാഗ്രമാക്കി ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ച് ധ്യാനിച്ചാല്‍ മനസ്സിനെ മറ്റെല്ലാ ചിന്തകളില്‍ നിന്നും മോചിപ്പിക്കും.
ധ്യാനത്തിന്റെ അഗാധതലത്തിലെത്തുമ്പോള്‍ മസ്തിഷ്ക്കത്തിലെ ബീറ്റാ തരംഗങ്ങള്‍, ആല്‍ഫാ, ഗാമാ, ഡല്‍റ്റ, തീറ്റ എന്നീ തരംഗങ്ങളായി മാറുന്നുവെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഇവയ്ക്ക് മസ്തിഷ്ക്കത്തെ അനേകം മടങ്ങ് വലിപ്പത്തില്‍ പ്രവര്‍ത്തനനിരതമാക്കാനാകുമത്രേ!. 'ഇ. ഇ. ജി' പഠനത്തിലൂടെ ഇതു തെളിയിച്ചിട്ടുണ്ട്.
വൈദേശിക സര്‍വ്വകലാശാലകള്‍ തങ്ങളുടെ അംഗീകൃത മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ധ്യാനത്തിന് അര്‍ഹമായ സ്ഥാനമാണ് ഇപ്പോള്‍ നല്‍കിവരുന്നത്.