സ്ത്രീകള്‍ക്ക് സാഷ്ടാംഗ നമസ്ക്കാരം ചെയ്യരുതെന്നൊരു വിധിയുണ്ട്. പുരുഷന്മാര്‍ പോലും ശരിയായ വിധത്തിലല്ല സാഷ്ടാംഗ നമസ്ക്കാരം ചെയ്യുന്നതെന്നാണ് ബോദ്ധ്യപ്പെടുന്നത്.
"ഉരസാ ശിരസാ വാചാ
മനസാനുഞ്ജലിനാ ദൃശാ
ജാനുഭ്യാം ചൈവ പാദാഭ്യം
പ്രണാമോ അഷ്ടാംഗ ഈരിതഃ"
എന്നാണ് സാഷ്ടാംഗ നമസ്ക്കാരത്തെപ്പറ്റി പറയുന്നത്.
മാറിടം, നെറ്റി, വാക്ക്, മനസസ്, തൊഴുകൈ, കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ ഇവയാണ് സാഷ്ടാംഗ നമസ്ക്കാരത്തിനുപയോഗിക്കുന്ന എട്ടംഗങ്ങള്‍. നമസ്ക്കരിച്ചു കിടക്കുമ്പോള്‍ രണ്ടു കാലിന്റെയും പെരുവിരലുകള്‍, രണ്ടു കാല്‍മുട്ടുകള്‍, മാറ്, നെറ്റി, എന്നീ നാല് സ്ഥലങ്ങള്‍ മാത്രമേ നിലത്തു മുട്ടാവു എന്നും വിധിയുണ്ട്. കൈകള്‍ നിലത്തു കുത്താതെ ഈ വിധം നമസ്ക്കരിക്കുവാന്‍ കഴിയില്ലെങ്കിലും അങ്ങനെ കമഴ്ന്നു കിടന്നുകൊണ്ട് കൈകളെടുത്ത് തലയ്ക്കുമീതെ നീട്ടി തൊഴുമ്പോഴാണ് നമസ്ക്കാരമാവുന്നത്. അങ്ങനെ നിലത്തു മുട്ടിയിരിക്കുന്ന നാലവയവങ്ങളും തൊഴുകൈ (അഞ്ജലി) യും കൂടി ചേര്‍ത്ത് അഞ്ചംഗങ്ങള്‍. ശേഷം വരുന്ന മൂന്ന് അംഗങ്ങള്‍ വാക്കും കണ്ണും മനസ്സുമാകുന്നു. അതില്‍ വാക്കുകൊണ്ട് മന്ത്രം ചൊല്ലുകയും കണ്ണുകൊണ്ട് ദേവനെ നോക്കുകയും മനസ്സുകൊണ്ട് ധ്യാനിക്കുകയും ചെയ്യണം.
ഇത്തരത്തില്‍ കമിഴ്ന്നുകിടന്നു ചെയ്യുന്നതുകൊണ്ട് മാറിടത്തിന്റെ അസ്വാധീനം കാരണം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാവുമെന്നതുകൊണ്ടാണ് സ്ത്രീകള്‍ സാഷ്ടാംഗ നമസ്ക്കാരം ചെയ്യരുതെന്ന് വിധിച്ചിട്ടുള്ളതെന്നായിരുന്നു കരുതിവന്നിരുന്നത്.
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം ഈ നിര്‍ദ്ദേശത്തെ തള്ളികളയുന്നില്ല. ഗര്‍ഭപാത്രത്തിന് സാഷ്ടാംഗ നമസ്ക്കാരം ഗുണകരമല്ലെന്നാണ് അവരുടെ വാദം. ഗര്‍ഭപാത്രത്തിന് സ്ഥാനഭ്രംശം സംഭവിക്കുന്നതുമൂലം അത് കീഴ്പ്പോട്ടു തള്ളിവരുന്ന അപകടകരമായ അവസ്ഥ പല സ്ത്രീകളിലും കണ്ടുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ സ്ത്രീകള്‍ക്ക് കുനിഞ്ഞിരുന്നു നമസ്ക്കരിക്കാവുന്നതാനെന്നാണ് ആയുര്‍വേദം വിധിച്ചിട്ടുള്ളത്. ഇതു ഗര്‍ഭപാത്ര സുസ്ഥിരതയ്ക്കും ആരോഗ്യത്തിനും ഗുണകരമത്രേ!