ചില നാളുകളില്‍ കുട്ടികള്‍ ജനിച്ചാല്‍ അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും ദോഷം ചെയ്യുമോ ?

ചില നാളുകളില്‍ കുട്ടികള്‍ ജനിച്ചാല്‍ അത് അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും ദോഷം ചെയ്യാം എന്നുള്ള ഒരു വിശ്വാസം നിലവിലുണ്ട്. അതിന്‍റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കുകയാണിവിടെ.

കാലുള്ള നക്ഷത്രങ്ങള്‍

വേദാംഗ ജ്യോതിഷം ചില നക്ഷത്രങ്ങളെ കാലുള്ള നക്ഷത്രങ്ങള്‍ എന്നുപറയുന്നു. അവ പൂയം, അത്തം, പൂരാടം എന്നിവയാണ്. ഒരു നക്ഷത്രത്തിന് ഏകദേശം 60 നാഴിക സമയം(അതായത് ഏകദേശം 24 മണിക്കൂര്‍) ആണുള്ളത്. അതിന്‍റെ നാലില്‍ ഒന്നിന് ഒരു കാല്‍ എന്ന് പറയുന്നു. ഒരു നക്ഷത്രക്കാല്‍ എന്നത് ഏകദേശം 15 നാഴിക- 6 മണിക്കൂര്‍ ആണ്. 

പൂയം നക്ഷത്രം തുടങ്ങി ആദ്യത്തെ 6 മണിക്കൂര്‍ ആണ് 1-ാം കാല്‍. ഈ സമയത്ത് ജനനം നടന്നാന്‍ ജനിച്ച കുഞ്ഞിന് തന്നെയും, പിന്നത്തെ 6 മണിക്കൂറില്‍ ജനിച്ചാല്‍ മാതാവിനും, അതിനുശേഷമുള്ള 6 മണിക്കൂറില്‍ ജനിച്ചാല്‍ പിതാവിനും, അവസാനത്തെ 6 മണിക്കൂറില്‍ ജനിച്ചാല്‍ അമ്മാവനും ദോഷം സംഭവിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഈവിധം ദോഷം സംഭവിക്കണമെങ്കില്‍ മറ്റുചില കാര്യങ്ങളും കൂടി യോജിച്ച് വരണം.

പൂയം നക്ഷത്രത്തിന് നക്ഷത്രകാല്‍ അല്ലെങ്കില്‍ കൂറുദോഷം സംഭവിക്കണമെങ്കില്‍ പൂയം നക്ഷത്രവും, ബുധനാഴ്ചയും ചേര്‍ന്നുവരണം. ആ ദിവസത്തെ തിഥി പ്രഥമയും, ജന്മലഗ്നം കര്‍ക്കിടകവും ആയിരിക്കണം. ഇത് വളരെ വിരളമായിട്ട് മാത്രമേ സംഭവിക്കുകയുള്ളു എന്നത് പരിശോധിക്കാം. പൂയം നക്ഷത്രം വരുന്നത് ബുധനാഴ്ച അല്ലെങ്കില്‍ കൂറുദോഷം വരില്ല. ബുധനാഴ്ച വന്നാല്‍ തന്നെ ദോഷം സംഭവിക്കണമെങ്കില്‍ അന്നത്തെ തിഥി പ്രഥമ ആയിരിക്കണം. ഉദാഹരണത്തിന് ബുധനാഴ്ചയും പൂയവും ചേര്‍ന്നുവന്നാലും അന്നത്തെ തിഥി ചതുര്‍ത്ഥി ആണെങ്കില്‍ കൂറുദോഷം സംഭവിക്കുന്നില്ല. ഒരുപക്ഷേ ബുധനാഴ്ച പൂയം നക്ഷത്രവും, പ്രഥമയും ചേര്‍ന്നുവന്നു എന്നിരിക്കട്ടെ. എന്നാലും ദോഷം സംഭവിക്കണമെങ്കില്‍ ജന്മലഗ്നം കര്‍ക്കിടകം ആയിരിക്കണം.

ഒരു നക്ഷത്രസമയം ഏകദേശം 24 മണിക്കൂര്‍ ആണെന്ന് പറഞ്ഞല്ലോ. ഒരു ലഗ്നത്തിന് 2 മണിക്കൂര്‍ എന്ന നിലയില്‍ മേടം മുതല്‍ മീനംവരെ 12 ലഗ്നങ്ങള്‍ മാറിമാറി വരും. അതായത് 24 മണിക്കൂര്‍ ഉള്ള ഒരു നാളിന് 22 മണിക്കൂറും ദോഷമില്ല. ദോഷം സംഭവിക്കുന്നത് കര്‍ക്കിടകലഗ്നം വരുന്ന ഏകദേശം 2 മണിക്കൂര്‍ മാത്രം. ഇങ്ങനെ വന്നാല്‍ തന്നെ ദോഷം അനുഭവത്തില്‍ വരണമെങ്കില്‍ ചന്ദ്രന് ബലം ഇല്ലാതിരിക്കുകയും, ശുഭഗ്രഹയോഗദൃഷ്ടികള്‍ ഇല്ലാതിരിക്കുകയും, ചന്ദ്രന്‍ ലഗ്നാല്‍ ദുഃസ്ഥാനത്ത് നില്‍ക്കുകയും വേണം. ഉദാഹരണത്തിന് മകരമാസത്തിലെ പൂയം പൗര്‍ണ്ണമി ദിവസമായിരിക്കും. ചന്ദ്രന്‍ വളരെ ബലവാനായി സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ദിവസം. അന്ന് ഒരു ജനനം ഉണ്ടായാല്‍ കുടുംബത്തില്‍ ആര്‍ക്കും ഒരു ദോഷവും സംഭവിക്കുകയില്ല. എന്നുമാത്രമല്ല ആ കുടുംബത്തിന് ഉയര്‍ച്ച ഉണ്ടാകുകയും ചെയ്യും.

ഇങ്ങനെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കൂറുദോഷം സംഭവിച്ചു എന്നുതന്നെ വിചാരിക്കുക എങ്കില്‍പ്പോലും അതിന്‍റെ ദോഷം അനുഭവിക്കണമെങ്കില്‍ ജനനസമയത്തെ ഗ്രഹനിലയില്‍ അരിഷ്ടത ഉണ്ടായിരിക്കണം. പൂയം നക്ഷത്രത്തില്‍ കൂറുദോഷത്തോടെ ജനിച്ച ഒരു കുട്ടിയുടെ ഗ്രഹനിലയില്‍ 4-ാം ഭാവാധിപനും, 4-ാം ഭാവത്തിന്‍റെ കാരകന്മാരായ ചന്ദ്രനും ശുക്രനും ബലവാന്മാരായിരിക്കുകയോ, 4-ാം ഭാവത്തില്‍ ശുഭഗ്രഹയോഗദൃഷ്ടികള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഒരിക്കലും അമ്മയ്ക്കോ, അമ്മാവനോ ദോഷം സംഭവിക്കുകയില്ല. അതുപോലെ 9-ാം ഭാവത്തിനും, ഭാവാധിപനും ഭാവകാരകനായും വ്യാഴത്തിനും പിതൃകാരകനായ സൂര്യനും ബലമുണ്ടെങ്കില്‍ അച്ഛനും ഒരു ആപത്തും ഉണ്ടാകുകയില്ല.

അത്തത്തിന്

അത്തം നക്ഷത്രത്തിന് കൂറുദോഷം സംഭവിക്കണമെങ്കില്‍ അത്തവും, ചൊവ്വാഴ്ചയും, സപ്തമിയും ചേര്‍ന്ന് വരണം. ലഗ്നം കന്നിയായിരിക്കണം. പൂരാടം നക്ഷത്രത്തിന് ശനിയാഴ്ചയും രിക്തതിഥിയും (ചതുര്‍ത്ഥി, ചതുര്‍ദശി, നവമി) ചേര്‍ന്നുവരണം. ലഗ്നം ധനു ആയിരിക്കണം.

ഒരു കുട്ടിയുടെ ജനനശേഷം ആ കുടുംബത്തില്‍ ഉണ്ടാകുന്ന സകലപ്രശ്നങ്ങളുടേയും കാരണം നിസ്സഹായനായ ആ കുഞ്ഞാണ് എന്ന് ആരോപിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. പ്രതികരിക്കുവാന്‍ ശേഷിയില്ലാത്ത നിഷ്ക്കളങ്കരായവരെ വേദനിപ്പിക്കുന്നത് ബ്രഹ്മഹത്യാപാപത്തിന് തുല്യമാണ്. ദോഷാരോപണം നടത്തുന്നതിന് മുമ്പ് അറിവും, അനുഷ്ഠാനവുമുള്ള ഒരു ദൈവജ്ഞനെ സമീപിച്ച് ഉപദേശം തേടുക. നാളത്തെ നന്മയുടെ വെളിച്ചമാണ് കുഞ്ഞുങ്ങള്‍. അവര്‍ അങ്ങനെതന്നെ വളര്‍ന്നുവരണമെങ്കില്‍ കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത, സ്നേഹവും പ്രോത്സാഹനവും ഉള്ള ഒരു അന്തരീക്ഷം അവര്‍ക്കായി ഒരുക്കിക്കൊടുക്കുക. അവരിലെ ചെറിയ തെറ്റുകള്‍ തിരുത്തുന്നതുപോലും സ്നേഹത്തോടെ ആകട്ടെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.