ജ്യോതിഷം എന്ന മഹാ ശാസ്ത്രം പ്രചുര പ്രചാരം നേടിയിരിക്കുന്നു എന്നതിൽ രണ്ടാമതൊരഭിപ്രായം ഇല്ല. എന്നാൽ ഏതു വിഷയവും ജനകീയമാവുമ്പോൾ അത്രതന്നെ ആരോപണ വിധേയവും ആവും. കാരണം സ്വീകാര്യതയും, അസ്വീകാര്യതയും ഒരേ നാണയത്തിന്റെ രണ്ടു വശം എന്നത് തന്നെ. എന്നാൽ ജ്യോതിഷന്മാർ തന്റെ ദൈനം ദിന കർമ്മങ്ങളിൽ നിന്നും വ്യതിചലിച്ചു തുടങ്ങുമ്പോൾ, ഫലപ്രവചനത്തിൽ പ്രകടമായ മാറ്റവും ഉണ്ടാകുന്നു. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഇപ്പോൾ ജ്യോതിഷത്തിന് അത്തരത്തിലുള്ള അപചയം സംഭവിക്കുന്നത് സൂക്ഷ്മ ദൃക്കുകൾക്ക് ദർശിക്കാനാവും.
സ്ത്രീ ജാതകത്തിൽ എട്ടാം ഭാവം കൊണ്ട് ഭർത്താവിന്‍റെ ആയുർബലം ചിന്തിക്കണം. അതുപോലെ സ്ത്രീ ജാതകത്തിലെ ലഗ്നം കൊണ്ടും ചന്ദ്രലഗ്നം കൊണ്ടും സ്ത്രീയുടെ ആയുസ്സും ചിന്തിക്കണം. അതേ ലഗ്നങ്ങൾ കൊണ്ട് സ്ത്രീയുടെ അഴകും, അവയവാദി ഗുണവിശേഷങ്ങളും ചിന്തിക്കണം. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചിന്തിക്കേണ്ടുന്നതിന് ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഒന്നും, എന്നാൽ വിഷയങ്ങൾ രണ്ടും. ജ്യോതിഷ കൃത്യത്തിൽ ഉണ്ടാകുന്ന വ്യതിചലനം, ഇവിടെ ഫലപ്രവചനത്തിൽ സാരമായി ബാധിക്കും.
സ്ത്രീ ജാതകത്തിലെ ലഗ്നവും ചന്ദ്രനും യുഗ്മ രാശികൾ ആയിരുന്നാൽ, അവൾക്ക് സ്ത്രൈണത പൂർണ്ണമായും ഉണ്ടാവും. അവയ്ക്ക് ശുഭ ഗ്രഹ ദൃക്ഷ്ടി കൂടി ഉണ്ടായിരുന്നാൽ, സ്ത്രീ എന്ന ഭാരതചിന്തക്ക് പരിപൂർണ്ണതയായി. എന്നാൽ ഇത് പൂർവ്വ ജന്മ സുകൃത ഫലവും ആണ്. അത് ജാതകത്തിലെ അഞ്ചാം ഭാവത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ലഗ്നവും ചന്ദ്രനും സ്ത്രീ രാശി ആവുക, അവയ്ക്കു ശുഭഗ്രഹ ദൃക്ഷ്ടി ഉണ്ടാവുകയും ചെയ്‌താൽ, ആ ജാതകത്തിലെ അഞ്ചാം ഭാവം ഭദ്രം ആയിരിക്കും. ഇനി അഞ്ചാം ഭാവം ഭദ്രമല്ലെങ്കിൽ എന്തഭിപ്രായം പറയും എന്നത് ജ്യോതിഷന്റെ അറിവിനപ്പുറം ഉപാസനാ ബലം തന്നെയാണ്.
സ്ത്രീ ജാതകത്തിൽ,പരുഷ - അല്ലെങ്കിൽ പുരുഷ രാശി ലഗ്നങ്ങൾ ആയി വരുകയും, ആ ലഗ്നങ്ങളുടെ ത്രിംശാശകം കുജനാവുകയും ചെയ്‌താൽ അവൾ ദുഷ്ട സ്വാഭാവിയാവും, ശനി ത്രിംശാംശകം ആയാൽ ദാസ്യവും, വ്യാഴമായാൽ പതിവ്രതയും, ബുധനായാൽ മായാവതിയും, ശുക്രനായാൽ കുൽസിത ചരിതയും ആവും എന്നുപറയുമ്പോൾ പ്രസ്തുത യോഗങ്ങൾക്ക് ശുഭ ഗ്രഹ ബന്ധം വന്നാൽ ഇവയിൽ ഉണ്ടാകാവുന്ന മാറ്റം മനസ്സിലാക്കിയില്ല എങ്കിൽ, നമ്മുടെ ശാസ്ത്രത്തിന് അത് ആക്ഷേപ കാരണം ആവും എന്നതിൽ തർക്കമില്ല. ഇത്തരത്തിലുള്ള യോഗങ്ങൾ ചേർന്ന ഒരു ജാതകം ആരും ചോദിച്ചു വാങ്ങുന്നതല്ലല്ലോ. അപ്പൊ, അങ്ങനെ സംഭവിച്ചാൽ അതൊരു മുന്നറിയിപ്പായി കരുതി അവയിൽ നിന്നും രക്ഷപെടാൻ വേണ്ടുന്ന ഉപദേശം നൽകി അത് പ്രാവർത്തികമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക എന്നത് ജ്യോതിഷന്‍റെ, തന്‍റെ ശാസ്ത്രത്തോടുള്ള കടമയും കടപ്പാടും തന്നെയാണ്.
ഇപ്പോൾ ഈ വിഷയം പറയാൻ കാരണം, സമൂഹത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പാതിമടങ്ങു വിവാഹബന്ധങ്ങൾ വേർപിരിയലിൽ കലാശിക്കുന്നു. ഈ അവസ്ഥാവിശേഷം തുടർന്നാൽ, ഭാരതത്തിന്‍റെ പൈതൃക കുലാചാരങ്ങൾ എവിടെ ചെന്നെത്തും?
ഈ വിഷയത്തിൽ ബോധവൽക്കരണം നടത്താനായാലും, ശാസ്ത്രം അതിന്റെ സൂക്ഷ്മ തലത്തിൽ പ്രയോഗിച്ചു, മേൽ പറഞ്ഞ ദുരവസ്ഥ ഗണ്യമാം വിധത്തിൽ കുറയ്ക്കാൻ ജ്യോതിഷനോളം കഴിയുന്ന മറ്റെന്ത് സംവിധാനമാണുള്ളത്? ഇതിനുള്ള പ്രതിബദ്ധത സമൂഹത്തോടല്ല മറിച്ചു ജ്യോതിഷം എന്ന മഹാ ശാസ്ത്രത്തോടാണ് ജ്യോതിഷൻ കാണിക്കേണ്ടത്.
അതിനു വേണ്ടുന്ന പരിശീലനങ്ങൾ നിർലോഭമായി നൽകാൻ കഴിയുന്ന തരത്തിലാവണം ജ്യോതിഷ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ.വളരെ സന്തോഷമായി ജീവിക്കുന്നവർക്ക് ജീവിതം നൈമിഷികമാണ്. മറ്റുള്ളവർക്ക് ജീവിതം നീണ്ടുവലിഞ്ഞതും. അതുകൊണ്ടു തന്നെയാണ് പൂർവ്വാചാര്യന്മാർ, ഭാരതീയ ശാസ്ത്രങ്ങളിലൂടെ സന്തോഷകരമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ ആവശ്യമായതെല്ലാം നമുക്ക് തന്നത് .അതുപയോഗിക്കാതിരുന്നിട്ട്, ദൈവത്തെ കുറ്റം പറഞ്ഞാൽ, വിധിയാണെന്ന് പറഞ്ഞാൽ, ഗതി കിട്ടുമോ ദൈവജ്ഞനായാലും?.