സ്ത്രീജനങ്ങളെ യോഗിനിമാരായിക്കണ്ട് പൂജിയ്ക്കണമെന്നാണല്ലോ തന്ത്രശാസ്ത്രപ്രമാണം. എന്നാൽ സതി ആചരണം എങ്ങനെയുണ്ടായി?

ഭർത്താവ് മരിച്ചാൽ ഭാര്യ സതി ആചരിക്കണമെന്ന കാര്യം മുൻകാലങ്ങളിൽ ഇല്ലായിരുന്നു. രാമായണത്തിൽ ദശരഥൻ മരിച്ചിട്ട് മൂന്നുഭാര്യമാരിൽ ആരുംതന്നെ സതി ആചരിച്ചിട്ടില്ല. എന്നാൽ മഹാഭാരതകാലഘട്ടമായപ്പോഴേയ്ക്കും സതി ആചരണം നിലവിൽ വന്നിരുന്നു. പാണ്ഡുമഹാരാജാവിന്റെ ചിതയിലേയ്ക്ക് രണ്ടാമത്തെ ഭാര്യയായ മാദ്രി പ്രവേശിച്ചതായി പരാമർശമുണ്ട്. എന്നാൽ ഈ ആചരണം വളരെ വലിയ പാപമായിട്ടാണ് തന്ത്രശാസ്ത്രം ഉദ്ബോധിപ്പിക്കുന്നത്. ഭർത്താവിന്റെ കൂടെ കുലകാമിനിയെ ദഹിപ്പിക്കരുത് എന്നും അവൾ ദേവിയുടെ അംശമാണെന്നും മഹാനിർവ്വാണതന്ത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നു.