സനാതനധര്‍മ്മത്തിന്റെ ഒരു പ്രത്യേകതയാണ് ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത്. ജനങ്ങള്‍ പല സംസ്‌കാരങ്ങളിലുള്ളവരാണ്. ഓരോരുത്തരേയും അവരവരുടെ സംസ്‌കാരത്തിനനുസരിച്ചുവേണം നയിക്കുവാന്‍. മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ഇറച്ചി കൊടുത്താല്‍ ദഹിക്കില്ല; ദഹിക്കാന്‍ പാകത്തിനുള്ള ഭക്ഷണം നല്‍കണം. ചില രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുത്താല്‍ അലര്‍ജിയാകും; അവര്‍ക്ക് ഗുളിക വേണ്ടിവരും. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ അക്ഷരങ്ങളില്‍ തൊടുവിച്ചു പഠിപ്പിക്കണം. ചെവി കേള്‍ക്കാത്ത കുട്ടിയെ ആംഗ്യഭാഷയിലൂടെ പഠിപ്പിക്കണം. ഇതേരീതിയില്‍ ഓരോരുത്തരുടേയും ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌ക്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിച്ചത്. അങ്ങനെയാണ് സഗുണസങ്കല്‍പ്പവും, ഭക്തിയോഗവും, കര്‍മ്മയോഗവും തുടങ്ങി വിവിധ സമ്പ്രദായങ്ങള്‍ നിലവില്‍വന്നത്.
ഈശ്വരാരാധനയുടെ പ്രഥമ ഘട്ടമാണ് ക്ഷേത്രാരാധന. വ്യക്തിഭാവത്തില്‍ ഈശ്വരനെ ആരാധിക്കുവാനും അവിടത്തോട് ഒരു ബന്ധം വളര്‍ത്തുവാനും ക്ഷേത്രവും പ്രതിഷ്ഠയും ഉപകരിക്കുന്നു. എന്നാല്‍ ക്രമേണ എല്ലായിടത്തും ഈശ്വരചൈതന്യം ദര്‍ശിക്കുവാന്‍ നമ്മള്‍ കഴിവുനേടണം. അതാണ് ക്ഷേത്രാരാധനയുടെ ലക്ഷ്യം.
കടലും, തിരയും ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ രണ്ടും വെള്ളമാണ്. മാലയും, വളയും, മോതിരവും, പാദസരവും എല്ലാം കാണുമ്പോള്‍ ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ അവയെല്ലാം സ്വര്‍ണ്ണം തന്നെയാണ്. ഇതുപോലെ നമുക്കു ചുറ്റുമുള്ളവയെല്ലാം വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും തത്ത്വത്തില്‍ അവയെല്ലാം ബ്രഹ്മം തന്നെ. അത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. അതറിയുന്നതോടെ ഒരുവന്റെ പ്രശ്‌നങ്ങളെല്ലാം അസ്തമിക്കുന്നു. സൂര്യനുദിക്കുന്നതോടെ അന്ധകാരം ഒഴിയുന്നതുപോലെ. എന്നാല്‍ ഇത് സാക്ഷാത്കരിക്കണമെങ്കില്‍ വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ കുടികൊള്ളുന്നത് എന്ന വിശ്വാസത്തെ അതിക്രമിക്കണം. സര്‍വ്വതിലും ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം.
വാസ്തവത്തില്‍ നമ്മില്‍ത്തന്നെ കുടികൊള്ളുന്ന ആത്മചൈതന്യത്തെയാണ് നാം ഉപാസിക്കേണ്ടത്. ആ ചൈതന്യത്തെ ഒരു കണ്ണാടിയില്‍ എന്നപോലെ ക്ഷേത്രവിഗ്രഹത്തില്‍കണ്ട് ആരാധിക്കുന്നു. ശ്രീകോവിലിനുമുന്നില്‍നിന്നു വിഗ്രഹത്തെ ദര്‍ശിച്ചതിനുശേഷം കണ്ണുകളടയ്ക്കുന്നതിലൂടെ നാം അതാണ് ചെയ്യുന്നത്. പിന്നീട് കണ്ണുതുറന്ന് സര്‍വ്വതിലും ഈശ്വരനെ ദര്‍ശിക്കുക. അങ്ങനെ രൂപങ്ങളെല്ലാം അതിക്രമിച്ച സര്‍വ്വവ്യാപിയായ ആത്മതത്ത്വത്തെ സാക്ഷാത്ക്കരിക്കാന്‍ നമുക്കു കഴിയുന്നു.
കാളിദാസന്‍ ക്ഷേത്രത്തിനുള്ളില്‍ക്കടന്നു കതകടച്ചു. ദേവി കതകിനു മുട്ടി. കതകു തുറക്കുന്നില്ല. ദേവി ചോദിച്ചു. ‘അകത്താര്?’ ഉടനെ അകത്തുനിന്നും ഒരുചോദ്യം ‘പുറത്താര്?’വീണ്ടുംചോദിച്ചു, ‘അകത്താര്?’ അതിനും മറുപടി, ‘പുറത്താര്?’ അവസാനം ദേവി മറുപടി പറഞ്ഞു, ‘പുറത്തു കാളി’. അപ്പോള്‍ അകത്തുനിന്നും മറുപടി ‘അകത്തു ദാസന്‍’. എത്ര ചോദിച്ചിട്ടും ഞാന്‍ ഇന്ന ആളെന്നുപറഞ്ഞില്ല. പേരും പറഞ്ഞില്ല. ‘പുറത്തു കാളി’ എന്നു പറഞ്ഞതിനു ശേഷമാണ് ‘അകത്തു ദാസന്‍’ എന്നുപറയുന്നത്. ആ നിമിഷം അദ്ദേഹത്തിനു ഈശ്വരദര്‍ശനവും ലഭിച്ചു. ‘ഞാന്‍’ നഷ്ടമാകുമ്പോള്‍ ശേഷിക്കുന്നത് ‘അവിടുന്നു’ മാത്രമാണ്. ഞാന്‍ എന്ന ചെറിയ വ്യക്തിത്വം നഷ്ടമാകണം. എല്ലാം അവിടുന്നാണ്, എല്ലാം ചെയ്യിക്കുന്നതും അവിടുന്നു തന്നെ എന്ന ബോധമാണ് ശരിയായ ഭക്തി.
സമര്‍പ്പിക്കുക എന്നുപറയുമ്പോള്‍ ചിലര്‍ ചിന്തി്ക്കും, ഈശ്വരന് എന്തെങ്കിലുംകൊടുത്താല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ എന്ന്. സമര്‍പ്പണത്തെ മനസ്സിലാക്കേണ്ടത് അങ്ങനെയല്ല. ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് മനോബുദ്ധിതലത്തിലാണ്. ഞാന്‍ ശരീരമാണ്, ഞാന്‍ ഇന്നയാളുടെ മകനാണ്, മകളാണ്, എന്റെ പേരിതാണ് എന്നിങ്ങനെ ഈ ‘ഞാനി’ന്റെ കൂടെ നമ്മള്‍ എന്തൊക്കെ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ അവയൊക്കെയാണ് സമര്‍പ്പിക്കേണ്ടത്. അതിനെത്തന്നെയാണ് അഹങ്കാരം എന്നു പറയുന്നത്. അപ്പോള്‍ നമ്മള്‍ ഈശ്വരന്റെ ചുണ്ടിലെ പുല്ലാങ്കുഴലായിത്തീരും, പ്രണവനാദമുയര്‍ത്തുന്ന ശംഖായിമാറും.
ഇന്നു ക്ഷേത്രാരാധന വെറും അനുകരണം മാത്രമാണ്. ഒരാള്‍ കുടുംബക്ഷേത്രത്തില്‍ നിത്യവും പൂജ ചെയ്യുമായിരുന്നു. ഒരു ദിവസം എല്ലാം ഒരുക്കിവെച്ചു. പൂജ തുടങ്ങിയ സമയം വളര്‍ത്തു പൂച്ച നിവേദിക്കാന്‍വെച്ച പാലില്‍ നക്കി. അടുത്ത ദിവസം അദ്ദേഹം എല്ലാം ഒരുക്കിയതിനുശേഷം പൂച്ചയെപിടിച്ച് ഒരു കുട്ടക്കീഴില്‍ അടച്ചിട്ടു. പൂജ തീര്‍ന്നതിനുശേഷമേ അതിനെ തുറന്നുവിട്ടുള്ളു. അങ്ങനെ പൂജയ്ക്കുമുമ്പ് പൂച്ചയെ കുട്ടയ്ക്കുകീഴിലാക്കുന്നത് അദ്ദേഹം ഒരു ശീലമാക്കി.
കുറെനാള്‍ കഴിഞ്ഞു, മകന്‍ പൂജ ഏറ്റെടുത്തു. പൂച്ചയെ പൂജയ്ക്കുമുമ്പ് അടച്ചിടുന്നതു മകനും തുടര്‍ന്നു. ഒരു ദിവസം പൂജക്കൊരുക്കിയശേഷം പൂച്ചയെ അന്വേഷിക്കുമ്പോള്‍ അതിനെക്കാണുന്നില്ല. അതു ചത്തവിവരം അപ്പോഴാണറിയുന്നത്. പിന്നെ താമസിച്ചില്ല, അടുത്ത വീട്ടിലെ പൂച്ചയെപിടിച്ചുകൊണ്ടുവന്ന് കുട്ടക്കീഴിലടച്ചതിനുശേഷമേ പൂജ തുടങ്ങിയുള്ളൂ. അച്ഛന്‍ എന്തിനുവേണ്ടിയാണ് പൂച്ചയെ കുട്ടക്കീഴിലടച്ചിട്ടിരുന്നതെന്ന കാര്യം മകന്‍ അന്വേഷിച്ചില്ല. ഇതുപോലെയാണ് നമ്മള്‍ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്. അതിന്റെ പിന്നിലെ തത്ത്വം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ഏത് മതത്തിലായാലും ആചാരങ്ങളുടെ പിന്നിലെ തത്ത്വം നാം ഗ്രഹിക്കണം. അങ്ങനെയാകുമ്പോള്‍ അനാചാരങ്ങള്‍ നിലനില്‍ക്കുകയില്ല. അഥവാ, ഉണ്ടെങ്കില്‍ത്തന്നെ അവയെ ഉപേക്ഷിക്കാന്‍ കഴിയും.
ആദ്ധ്യാത്മികതയെക്കുറിച്ചും, ക്ഷേത്രാചാരങ്ങളുടെ പിന്നിലുള്ള തത്ത്വങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കുവാനുള്ള സൗകര്യം ക്ഷേത്രങ്ങളോടനുബന്ധിച്ചുണ്ടാകണം. ക്ഷേത്രം മനുഷ്യമനസ്സില്‍ സംസ്‌കാരം വിളയിക്കുന്ന കേന്ദ്രങ്ങളായി മാറണം. എങ്കില്‍ മാത്രമേ തിളക്കമാര്‍ന്ന പൈതൃകം വീണ്ടെടുക്കാന്‍ നമുക്ക് കഴിയൂ.