കൗളാത്പരതരം നഹി എന്നു പറയുന്നുണ്ടല്ലോ, എന്തുകൊണ്ട്?

എൺപത്തിനാല് ലക്ഷംതരം ജീവജാലങ്ങൾ ഈ ഭൂമിയിലുണ്ട് എന്ന് പറയപ്പെടുന്നു. ഈ ജീവപരിണാമചക്രത്തിൽ ഏറ്റവും സമുന്നതമായത് മനുഷ്യസൃഷ്ടിയാണെന്നതും സർവ്വസമ്മതമാണ്. മനുഷ്യനായാൽത്തന്നെ ഈശ്വരോന്മുഖമായി ചിന്തിക്കുക എന്നതും വളരെ വിരളമാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന ആയിരക്കണക്കിനാളുകളിൽ ഒരാൾമാത്രമേ ശരിയായ സാധകനായിത്തീരുന്നുള്ളൂ. അത്തരം ആയിരക്കണക്കിന് സാധകന്മാരിൽ ഒരാൾക്ക് മാത്രമേ ഈശ്വരസാക്ഷാത്കാരം ലഭിക്കുകയുള്ളൂ. എന്നും ശ്രീമദ് ഭഗവദ്ഗീതയിൽ പ്രസ്താവിക്കുന്നു.

എല്ലാ ഉപാസനാസമ്പ്രദായങ്ങളിലുംവെച്ച് ശ്രേഷ്ഠമായത് വൈദികമാണെന്നും വൈദികത്തേക്കാൾ ശ്രേഷ്ഠം വൈഷ്ണവമാണെന്നും അതിനേക്കാൾ ശ്രേഷ്ഠം ശൈവമാണെന്നും ശൈവത്തേക്കാൾ ശ്രേഷ്ഠം ദക്ഷിണാചാരമാണെന്നും പറയപ്പെടുന്നു. ദക്ഷിണാചാരത്തേക്കാൾ ശ്രേഷ്ഠം വാമാചാരമാണെന്നും അതിനേക്കാൾ ശ്രേഷ്ഠം സിദ്ധാന്തമാണെന്നും ഏറ്റവും ശ്രേഷ്ഠമായത് കൗളമാണെന്നും കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുംതന്നെ ഇല്ലെന്നും കുലാർണ്ണവതന്ത്രം ഉപദേശിക്കുന്നു. ഇവിടെ വൈദികം എന്നതുകൊണ്ടുദ്ദേശിയ്ക്കുന്നത് വേദത്തിന്റെ പൂർവ്വകാണ്ഡമായ മീമാംസാശാസ്ത്രത്തെയാണ്. അതായത് യാഗാദികർമ്മങ്ങളെയും ധർമ്മങ്ങളെയും കുറിയ്ക്കുന്ന ശാസ്ത്രം തന്നെ. എന്നാൽ ഉത്തരകാണ്ഡം ജ്ഞാനപ്രധാനമാണ്. അത് മോക്ഷധർമ്മത്തെ ഉപദേശിക്കുന്നു. തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ താൽപര്യവും ഇവിടെത്തന്നെയാണ്. ഇത് ബ്രഹ്മസാക്ഷാത്കാരത്തിനുള്ള ഉപാധിയാണ് എന്നതുകൊണ്ട് കൗളധർമ്മത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്.

ഇതെന്തുകൊണ്ടാണെന്ന് നോക്കാം. മറ്റെല്ലാ ഉപാസനാ സമ്പ്രദായങ്ങളും ബഹിർമുഖങ്ങളാകയാൽ കൂടുതൽ കൂടുതൽ അന്തർമുഖമായതും യോഗാനുഭൂതി വിഷയകവുമായ മാർഗ്ഗങ്ങളാണ് ഉത്തരോത്തരം പറയപ്പെട്ടത്. അതിൽ ശ്രവണമനനങ്ങൾക്കപ്പുറം ജീവബ്രഹ്മ ഐക്യാനുസന്ധാനങ്ങൾക്ക് അനുരൂപമായിരിയ്ക്കുന്ന നിദിദ്ധ്യാസനപ്രക്രിയയാണ് കൗളധർമ്മത്തിന്റേത്.

ഇത് വെറും പക്ഷപാതപരമായ സമീപനമല്ലെ?

ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂർവ്വമീമാംസ, ഉത്തരമീമാംസ എന്നീ ആറ് ദർശനങ്ങളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് വേദാന്തം എന്ന പേരിലറിയപ്പെടുന്ന ഉത്തരമീമാംസയാണ്, അദ്വൈതദർശനം അതിന്റെ പാരമ്യവുമാണ്. ശ്രീശങ്കരാചാര്യർ ഈ ദർശനങ്ങളെയും ഇത് കൂടാതെ പാശുപതം, പാഞ്ചരാത്രം എന്നിങ്ങനെയുള്ള ശൈവവൈഷ്ണവ സമ്പ്രദായങ്ങളെയും ബൗദ്ധചാർവാക ദർശനങ്ങളെയും നിരാകരിച്ചുകൊണ്ട് പരമായ തത്വം അദ്വൈതമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൗളസമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടേയില്ല. അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലാത്തതുകൊണ്ടല്ലല്ലോ പരാമർശിയ്ക്കാതെ പോയത്. സൗന്ദര്യലഹരി എന്ന സ്തോത്രത്തിലും പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിലും അദ്ദേഹം ഈ സമ്പ്രദായത്തെ വളരെയേറെ പ്രശംസിക്കുകയും ചെയ്യുന്നു. അതിനാൽ കൗളധർമ്മം എന്ന രഹസ്യപദ്ധതി ബ്രഹ്മസാക്ഷാത്കാരത്തിനുള്ള ഉപാധിയാണെന്ന് അദ്ദേഹം അംഗീകരിച്ചിരിക്കുകയാണ്.

ശ്രവണം മനനം, നിദിദ്ധ്യാസനം എന്നീ ഉപാധികളിൽ ശ്രവണമനനങ്ങൾ എന്തെന്ന് മാത്രമേ ഉപനിഷത്തുക്കളിൽ പ്രഖ്യാപിക്കുന്നുള്ളു. ശരിയായ നിദിദ്ധ്യാസനരൂപമാണ് ശ്രീചക്രപൂജ എന്നത് ശ്രീചക്രത്തിന്റെ തത്വം മനസ്സിലാക്കിയാൽ അംഗീകരിക്കേണ്ടിവരും. അത് തുടർന്നുള്ള അദ്ധ്യായത്തിൽ വിവരിക്കാൻ പോകുന്നതേയുള്ളു.

ഒരു കൗളനെ സംബന്ധിച്ചിടത്തോളം ആരംഭം, തരുണം, യൗവ്വനം, പ്രൗഢം, തദന്തം, ഉൻമനം, അനവസ്ഥ എന്നിങ്ങനെ ഏഴ് ഉല്ലാസങ്ങളുണ്ട്. ഉല്ലാസങ്ങൾ എന്നാൽ ഉപാസനയുടെ പദം പദമായ അനുഭൂതിമണ്ഡലങ്ങളാകുന്നു.

ഉപാസന തുടങ്ങണമെന്ന് ആഗ്രഹിയ്ക്കുന്നതും ഗുരുവിനെ സമാശ്രയിക്കുന്നതും ആരംഭോല്ലാസത്തിലാണ്. പൂജ ചെയ്ത് ലയം സംഭവിക്കുന്നത് തരുണോല്ലാസത്തിലാണ്. ഈ അവസ്ഥയിൽനിന്നുകൊണ്ടാണ് ഗുരു ശിഷ്യന് ഉപദേശം കൊടുക്കുന്നത്. പിന്നീടുള്ള യൗവ്വനം, പ്രൗഢം, തദന്തം എന്നീ അവസ്ഥകൾ കേവലം മന്ത്രധ്യാനാദികളുടെ വിഭിന്ന തലങ്ങളാണ്. ആനന്ദാനുഭൂതി കൈവരിയ്ക്കുകയും അതൊരു ലഹരിയെന്നപോലെ ആയിത്തീരുകയും ചെയ്യുന്ന അവസ്ഥയാണ് ഉൻമനം എന്നത്. പിന്നീടുള്ള അവസ്ഥയുടെ പേരുതന്നെ അനവസ്ഥ എന്നാകയാൽ കേവല ബ്രഹ്മാനുഭൂതി വിഷയകവും നിർവികല്പവും മനോവാക്കുകൾക്ക് അഗോചരവുമാകുന്നു. കൗളം എന്നത് അദ്വൈതബോധമാണ്. നിർവികൽപസമാധിയാണ്. കേവലം ബ്രഹ്മാനുഭൂതിയുമാണ്. അതുകൊണ്ടാണ് ' കൗളാത്പരതരംനഹി " എന്ന് പ്രസ്താവിച്ചിട്ടുള്ളത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.