ഗണപതിയുടെ രൂപഭാവങ്ങള്‍ ഭക്തരുടെ സങ്കല്‍പ്പത്തിനനുസരിച്ച് മുപ്പത്തിരണ്ട് രൂപങ്ങളില്‍ പൂജിക്കപ്പെടുന്നു. അവയില്‍ പതിനാറ് രൂപങ്ങള്‍ ഗണപതിയുടെ ഷോഡശരൂപങ്ങളായി ആരാധിക്കപ്പെടുന്നു. ഈ പതിനാറുരൂപങ്ങളേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഓരോ രൂപത്തിന്‍റെയും പേര് ജപിച്ച് പ്രാര്‍ത്ഥിച്ചുവന്നാല്‍ സര്‍വ്വകാര്യങ്ങളിലും വിജയമുണ്ടാവുമെന്നാണ് വിശ്വാസം.
ഓം ഭക്തഗണപതയേ നമഃ
പൂര്‍ണ്ണചന്ദ്രനെപ്പോലെ വെണ്‍മയാര്‍ന്ന മേനിയോടുകൂടിയവന്‍. തന്‍റെ നാലുകൈകളില്‍ നാളികേരം, മാമ്പഴം, വാഴപ്പഴം, അമൃതകലശം എന്നിവ ഏന്തിയ ഈ ഗണപതിയെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ അന്നസമൃദ്ധിയുണ്ടാവും.
ഓം ദ്വിജഗണപതയേ നമഃ
നാല് മുഖങ്ങളോടുകൂടി ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന, നാലുകൈകളില്‍ യഥാക്രമം ചുവടി, അക്ഷമാല, ദണ്ഡം, കമണ്ഡലം എന്നിവ ഏന്തിയ ഗണപതി കൈകളില്‍ മിന്നല്‍പിണര്‍ പോലെയുള്ള വളകളോടുകൂടിയ ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദുര്‍വിനകള്‍ എല്ലാംതന്നെ അകലും.
ഓം ത്രയക്ഷരഗണപതയേ നമഃ
സ്വര്‍ണ്ണനിറമേനിയോടുകൂടിയ ആടികൊണ്ടിരിക്കുന്ന ചെവികള്‍, നാല് കൈകളില്‍ പാശം, അങ്കുശം, ദന്തം, മാമ്പഴം എന്നിവ ഏന്തിയിരിക്കുന്നു. തുമ്പിക്കയ്യില്‍ മോദകം. ഈ രൂപത്തെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ കലകളില്‍ ജ്ഞാനം സിദ്ധിക്കും.
ഓം ഊര്‍ദ്ധ്വഗണപതയേ നമഃ
പൊന്നിന്‍റെ നിറം. കൈകളില്‍ നീലപുഷ്പം, നെല്‍ക്കതിര്‍, താമര, കരിമ്പ്, വില്ല്, ബാണം, ദന്തം എന്നിവ ഏന്തിയിരിക്കുന്നു. പച്ചനിറ മേനിയുള്ള ദേവിയെ ആശ്ലേഷിച്ചുകൊണ്ട് ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാമ്പത്യജീവിതം സന്തുഷ്ടപ്രദമാകും.
ഓം ഏകദന്ത ഗണപതയേ നമഃ
കുടവയറോടുകൂടിയ നീലനിറത്തിലുള്ള ദേഹത്തോടുകൂടിയ ഗണപതി. കൈകളില്‍ കോടാലി, അക്ഷമാല, ലഡു, ദന്തം എന്നിവ ഏന്തിയിരിക്കുന്നു. ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ മുജ്ജന്മത്തിലും ഈ ജന്മത്തിലും ചെയ്ത പാപങ്ങള്‍ അകലും.
ഓം ഏകാക്ഷരഗണപതിയേ നമഃ
ചുവന്ന മേനിയില്‍ ചുവന്ന പട്ടുധാരി. കുറുകിയ കൈകാലുകളോടുകൂടിയവന്‍. നാല് കൈകള്‍ അഭയവരദഹസ്തങ്ങളോടുകൂടി മുകളിലെ രണ്ട് കൈകളില്‍ പാശാങ്കുശങ്ങളും തുമ്പിക്കയ്യില്‍ മാതളപഴവുമായി ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വദോഷങ്ങളും അകലും.
ഓം ഹരിദ്രാഗണപതയേ നമഃ
മഞ്ഞള്‍ നിറമേനി. കൈകളില്‍ പാശം, അങ്കുശം, ദന്തം, മോദകം എന്നിവയേന്തി ഭക്തര്‍ക്ക് ക്ഷണത്തില്‍ അഭയമേകുന്നവന്‍. ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ സൂര്യനെ കണ്ട മഞ്ഞുപോലെ ആപത്തുകള്‍ വിട്ടൊഴിയും.
ഓംഹേരം ഗണപതയേ നമഃ
അഞ്ച് മുഖങ്ങളോടുകൂടിയ ഗണപതി. രണ്ട് കൈകളില്‍ അഭയവരദഹസ്തവും മറ്റുള്ള കൈകളില്‍ പാശം, ദന്തം, അക്ഷമാല, പുഷ്പങ്ങള്‍, പരശ്, ചമ്മട്ടി, മോദകം, പഴം എന്നിവയേന്തി ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശത്രുഭയം അകലും.
ഓം ലക്ഷ്മീ ഗണപതയേ നമഃ
പാലുപോലെ വെണ്‍മയാര്‍ന്ന മേനി. തന്‍റെ എട്ട് കൈകളില്‍ തത്ത, മാതളം, കലശം, അങ്കുശം, പാശം, കല്‍പ്പകകൊടി, ഗഡ്കം ഏന്തിയും വരദഹസ്തം കാണിച്ചും മടിയില്‍ ഇരുവശങ്ങളിലുമായി സിദ്ധി, ബുദ്ധി ദേവിമാരെ ഇരുത്തി ദര്‍ശനമരുളുന്നു. ഈ ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യം അകലും.
ഓം മഹാഗണപതിയേ നമഃ
മുക്കണ്ണനായി ചന്ദ്രക്കല ചൂടി കൈകളില്‍ മാതളം, ഗദ, കരിമ്പ്, വില്ല്, ചക്രം, താമര, പാശം, നീലോത്പല പുഷ്പം, നെല്‍കതിര്‍, ദന്തം, രത്നകലശം എന്നിവയുമായി മടിയിലിരിക്കുന്ന ദേവിയെ ആശ്ലേഷിച്ചുകൊണ്ട് ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ മനസ്സിന്‍റെ ചാഞ്ചാട്ടങ്ങള്‍ അകലും.
ഓം നൃത്തഗണപതിയെ നമഃ
കല്‍പ്പകവൃക്ഷച്ചുവട്ടില്‍ എഴുന്നെള്ളി കൈകളില്‍ പാശം, അങ്കുശം, കോടാലി, ദന്തം എന്നിവ ഏന്തിയ സ്വര്‍ണ്ണവര്‍ണ്ണമേനിയോടുകൂടിയ ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍, തിന്മകള്‍ എന്നിവ മാറി നന്മകള്‍ തേടിവരും.
ഓം ക്ഷിപ്രപ്രസാദഗണപതിയേ നമഃ
കുടംപോലുള്ള വയറോടുകൂടിയവന്‍. പാശം, അങ്കുശം, കല്‍പ്പലത, മാതളം, താമര, ദര്‍ഭ എന്നിവ കൈകളിലേന്തി ദര്‍ശനമരുളുന്ന ഈ ഗണപതിയെ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ തടസ്സങ്ങള്‍ എല്ലാം മാറി സല്‍കര്‍മ്മങ്ങള്‍ നടക്കും.
ഓം സൃഷ്ടിഗണപതിയേ നമഃ
ചുവന്നമേനി. പെരുച്ചാഴി വാഹനത്തിനുമീതെ ആസനസ്ഥനായി കൈകളില്‍ പാശം, അങ്കുശം, ദന്തം, മാമ്പഴം എന്നിവയേന്തി ദര്‍ശനമരുളുന്ന ഈ ഗണപതിയുടെ രൂപം മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ച് പോന്നാല്‍ കലാസൃഷ്ടികളില്‍ വിജയം നേടാനാവും.
ഓം വിജയഗണപതിയേ നമഃ
ചുവന്നമേനിയോടുകൂടിയവന്‍. പെരുച്ചാഴി വാഹനത്തിനുമീതെ തന്നെ ആസനസ്ഥനായി തന്‍റെ കൈകളില്‍ പാശം, അങ്കുശം, ദന്തം, മാമ്പഴം എന്നിവയേന്തി അനുഗ്രഹം വര്‍ഷിക്കുന്ന ഈ ഗണപതിയെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വകാര്യവിജയം ഫലം.
ഓം തരുണഗണപതിയേ നമഃ
ചുവന്ന മേനിയും എട്ടുകൈകളുമുള്ള ഗണപതി. കൈകളില്‍ പാശം, അങ്കുശം, മോദകം, വിളാംപഴം, ഞാവല്‍പ്പഴം, ഒടിഞ്ഞ ദന്തം, നെല്‍കതിര്‍, കരിമ്പിന്‍ കഷ്ണം എന്നിവ ഏന്തിയിരിക്കുന്ന ഈ ഗണപതിരൂപത്തെ മനസ്സില്‍ ധ്യാനിച്ചുപ്രാര്‍ത്ഥിച്ചാല്‍ സന്തതിപരമ്പരകള്‍ക്ക് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും.
ഓം ഉച്ചിഷ്ടഗണപതിയേ നമഃ
നീലനിറത്തിലുള്ള മേനിയോടുകൂടിയ ഗണപതി, രണ്ടുകൈകളില്‍ നിലോത്പലപുഷ്പവും മറ്റുള്ള കൈകളില്‍ മാതളം, വീണ, നെല്‍കതിര്‍, അക്ഷമാല എന്നിവയേന്തിയിട്ടുള്ള ഈ ഗണപതിരൂപത്തെ മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചുപോന്നാല്‍ മനോദുഃഖങ്ങള്‍ മാറി ആഹ്ലാദം വര്‍ദ്ധിക്കും.
1. ഓം ഭക്തി ഗണപതിയേ നമഃ
2. ഓം ദ്വിജ ഗണപതിയേ നമഃ
3. ഓം ത്രയക്ഷര ഗണപതിയേ നമഃ
4. ഓം ഊര്‍ദ്ദവ ഗണപതിയേ നമഃ
5. ഓം ഏകദന്തഗണപതിയേ നമഃ
6. ഓം ഏകാക്ഷരഗണപതിയേ നമഃ
7. ഓം ഹരിദ്രാഗണപതിയേ നമഃ
8.ഓം ഹേരംബഗണപതിയേ നമഃ
9. ഓം ലക്ഷ്മിഗണപതിയേ നമഃ
10. ഓം മഹാഗണപതിയേ നമഃ
11. ഓം നൃത്തഗണപതിയേ നമഃ
12. ഓം ക്ഷിപ്രപ്രസാദഗണപതിയേ നമഃ
13. ഓം സൃഷ്ടിഗണപതിയേ നമഃ
14. ഓം വിജയഗണപതിയേ നമഃ
15. ഓം തരുണ ഗണപതിയേ നമഃ
16. ഓം ഉച്ചിഷ്ടഗണപതിയേ നമഃ