ഗുരുസ്വരൂപം, ഗുരുമഹത്വം

സമസ്തകർമ്മങ്ങളുടെയും പ്രാരംഭക്രിയയാണ് ഗുരു-ഗണപതി വന്ദനം. ഇതിൽ ഗണപതി വന്ദനം (നിവേദ്യം)  സർവ്വസാധാരണമെങ്കിലും ഗുരുവന്ദനം സൗകര്യപൂർവ്വം വിസ്മരിക്കപ്പെടുന്നതായി കാണുന്നു. എന്നാൽ ഗണപതി നിവേദ്യം പോലെത്തന്നെ പ്രാധന്യമർഹിക്കുന്നതാണ് ഗുരുവന്ദനം. ഗുരുവന്ദനത്തോടുള്ള അലംഭാവം പൂജ്യപൂജാവ്യതിക്രമം  തന്നെയാണ്. ഗുരുവന്ദനം, ഒരു പൂവ്വ് ആരാധിക്കുന്നതോടുകൂടി കൃത്കൃത്യരായെന്ന് കരുതുന്നു; ചിലർ ഗുരുവിനെ  അവഗണിക്കുന്നത് ഗുരുത്വദോഷം തന്നെയാണെന്ന്  വേണം കണക്കാക്കാൻ. അഥവാ ഗുരുവിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. എന്നത്രേ സത്യം. ഗുരുവിന്റെ മഹാത്മ്യം മനസ്സിലാക്കാത്തതിനു  പിന്നിൽ അഹന്തയുടെ മുഖംമൂടിയാണ് നിലനിൽക്കുന്നത്.

'യജ്ഞൈരനേകൈർ ബഹുഭിസ്തപോഭി- 
രാരാദ്ധ്യമാദ്യം ഗജരാജവക്ത്രം" 

യജ്ഞാനങ്ങളും ഉപാസനകളും എന്നുവേണ്ട സമസ്തകർമ്മങ്ങളിലും ഗണപതിവന്ദനം ആദ്യമായി ചെയ്യണം . എന്നാൽ പ്രഥമാരാദ്ധ്യൻ ഗുരുവാണെന്നറിയുക. പിന്നീട് ഗണപതിയും.

'ഗുരുരേവ പരംബ്രഹ്മ തസ്മാദാദൗ സമർച്ചയേൽ".

ഗുരു പരബ്രഹ്മമൂർത്തിതന്നെയാണ്, അതിനാൽ ഗുരുവിനെയാണ് ആദ്യമായി പൂജിക്കേണ്ടത്.

എന്താണ് ഗുരു:-

ആത്യന്തികമായ ജ്ഞാനമാണ് ഗുരുവിന്റെ യഥാർത്ഥസ്വരൂപം. 'ജ്ഞാനവാൻ  ഗുരുരുച്യതേ' -  ജ്ഞാനസ്വരൂപനാണ് ഗുരു. 'ചിദാനന്ദമയോ ഗുരുഃ' - സച്ചിദാനന്ദസ്വരൂപനാണ് ഗുരു, 

ചിലർ ഗുരുവിനെ ദക്ഷിണാമൂർത്തിയായി കണക്കാക്കുന്നു.  ചിലരകട്ടെ സ്വഗുരുവെത്തന്നെ ഗുരുവെന്നു വ്യവഹരിക്കുന്നു.

ഗുരു എന്ന പദത്തിന് നാം കൽപിച്ചിരിക്കുന്ന അർത്ഥത്തിലും എത്രയോ പ്രൗഢവും അത്യുന്നതവുമായ വിവരണമാണ്  കാണുന്നത്. ..

"ഗു" ശബ്ദ്ത്ത്വന്ധകാരം "രു" ശബ്ദ്സ തന്നിരോധകഃ" 

"ഗു" എന്നത് അന്ധകാരത്തെയും 

"രു" എന്നത് തിരോധാനത്തെയും കുറിക്കുന്നു .   

അന്ധകാരത്തെ ഇല്ലാതാക്കുന്ന പ്രകാശസ്വരൂനാണ്  ഗുരു. " 

“സൂര്യവത് സർവ്വദീപകഃ"  സൂര്യനെ പോലെ  എല്ലാറ്റിനെയും പ്രകാശപൂർണ്ണമാക്കുന്നു ഗുരു.  ജ്ഞാനോപദേശം ചെയ്ത് മോക്ഷത്തിലേക്ക് നയിക്കുന്നു ഗുരു.... 

ഗുരു ശൈവമല്ല, വൈഷ്ണവമല്ല, ദക്ഷിണാമൂർത്തിയുമല്ല.  അഥവാ മൂർത്തിഭേദമില്ല

"അത്രിണേത്രഃ ശിവഃ  സാക്ഷാദ് അ ചതുർബാഹുരച്യുതഃ അചതുർവദനോ ബ്രഹ്മാ ശ്രീഗുരുഃ കഥിതഃ പ്രിയേ!" 

ബ്രഹ്മവിഷ്ണുശിവന്മാരുടെ സവിശേഷതകൾ ഒഴിച്ചു നിർത്തിയാൽ ഗുരുവാകും. ത്രിനേത്രനല്ലാത്ത ശിവൻ,  നാലുകൈകളില്ലാത്ത വിഷ്ണു, നാലുമുഖങ്ങളില്ലാത്ത ബ്രഹ്മാവ്,  എന്നിങ്ങനെ,  അഥവാ ഈ ദേവന്മാരുടെ മൗലികസത്തയാണ് ഗുരു......

"ഗുരു സദാശിവഃ സാക്ഷാത് സത്യമേവ ന സംശയഃ"

ശിവനെ പരക്കെ സദാശിവനെന്നു വ്യവഹരിക്കപ്പെടാറുണ്ടെങ്കിലും സദാശിവഭാവമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സദാശിവൻ ആണ് അനുഗ്രഹത്തിന്റെ  അധിഷ്ഠാനദേവത. 

"ആജ്ഞാരൂപോ ഗുരുഃ സ്മൃതഃ"

എന്ന മറ്റൊരു നിർവചനം പ്രസക്തമാണ്. ആജ്ഞാസ്വരൂപനാണ് ഗുരു. അതായത് ശരിയും തെറ്റും വേർതിരിച്ച് മാർഗ്ഗത്തിലേക്ക്  നയിക്കുന്ന ആചാര്യനാണ്  ഗുരു.  

ഇച്ഛാ - ക്രിയാ - ജ്ഞാനശക്തികളിൽ, ജ്ഞാനശക്തിയുടെ അഭാവം (ഗുരുവിന്റെ) മറ്റുരണ്ടു ശക്തികളേയും  നിഷ്ക്രിയമാക്കുന്നു. അന്തഃസാരശൂന്യമക്കുന്നു.  ജ്ഞാനശക്തിയാകുന്ന   ഗുരുവിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും എപ്പോഴും എവിടെയും അത്യാവശ്യമാണെന്നു  വരുന്നു. പല ക്രിയകളുടെയും പരാജയകാരണം ഗുരുവിന്റെ  അനുഗ്രഹത്തിന്റെ അഭാവമാണെന്നു  കരുതാൻ ന്യായമുണ്ട്. 

കാരണം അതാതു ദേവന്റെ (ദേവത) പ്രതിബിംബാത്മകമൂർത്തിയായി. കർമ്മസാക്ഷിയായി; സദാ അഭയപ്രദനായി  ഗുരു സ്ഥിതി ചെയ്യുന്നു. മന്ത്രമൂർത്തിയുടെ അനിഷ്ട്ത്തെപ്പോലും തിരുത്താൻ കെൽപ്പുള്ള പൂർണ്ണകൃപാനിധിയാണ് ഗുരു.

"ദേവേ രുഷ്ടേ ഗുരുസ്ത്രാതാ ഗുരോരുഷ്ടേന കാശ്ചന" 
(കുലാർണ്ണവം) 

ദേവൻ കോപിച്ചാൽ ഗുരു രക്ഷിക്കും. ഗുരു കോപിച്ചാൽ പിന്നെ ആരുംതന്നെ രക്ഷിക്കാനില്ല.

ഗുരു കർമ്മസാക്ഷിയാണ്  ആ നിലയ്ക്ക് കർമ്മഫലദാതാവെന്ന നിലയിലും ഗുരു വലിയ പങ്കു വഹിക്കുന്നുണ്ട്. ഗുരു ദേവാധിദേവനാണ്.

ശ്രീകൃഷ്ണൻ ഒരിടത്തു പറയുന്നു.

“ആചാര്യം മാം വിജാനീയാന്നാവമന്യേവകർഹിചിത് 
ന മർത്ത്യബുദ്ധ്യാ സൂയതേ സർവ്വദേവമയോ  ഗുരു" 

എന്നെ ആചാര്യൻ തന്നെയായി കാണുക. മനുഷ്യനായി കാണാതിരിക്കുക, ഞാൻ സർവ്വദേവമയസ്വരൂപനായ ഗുരുവല്ലാതെ മറ്റൊന്നല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക.

"ദേശികാകൃതിമാസ്ഥായ പാശുപാശാനശേഷതഃ  സർവ്വാനുഗ്രഹകർതൃത്ത്വാദീശ്വരഃ കരുണാനിധിഃ ആചാര്യരൂപമാസ്ഥായ ദീക്ഷയാ മോക്ഷയേത് പശൂൻ.

ഗുരുസ്വരൂപനായി, എല്ലാവിധ പാശങ്ങളെയും (ബന്ധനങ്ങളെയും) ഇല്ലാതാക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണമെന്ന ഉദ്ദേശ്യത്തിൽ കരുണാനിധിയായ ഈശ്വരൻ തന്നെയാണ് ആചാര്യസ്വരൂപം കൈകൊണ്ട് ദിവ്യമായ ജ്ഞാനോപദേശം നൽകി മോക്ഷത്തിലേക്ക് നയിക്കുന്നത്. ഗുരുവിൽ സർവ്വദേവതാസാന്നിദ്ധ്യമുണ്ടെന്ന്

"ഗുരുഃ സർവ്വസുരാധീശോ, ഗുരുഃ സാക്ഷീകൃതാകൃതേ സംപൂജ്യ സകലം കർമ്മം കുര്യാത്തസ്യജ്ഞായാ സദാ"  (കുലാർണ്ണവം) 

ഗുരു എല്ലാ ദേവന്മാരുടെയും അധീശനാണ്. നാം എന്തെല്ലാം ചെയ്യുന്നുവോ (ഗുണവും ദോഷവും) അതിന്റെയെല്ലാം സാക്ഷിയാണ് ഗുരു.  അതുകൊണ്ട് ആദ്യം തന്നെ ഗുരുവിനെ പൂജിച്ചു സന്തോഷിപ്പിച്ച്, ഗുരുവിന്റെ അനുവാദത്തോടും ആശിർവാദത്തോടും കൂടി വേണം എല്ലാകർമ്മങ്ങളും അനുഷ്ഠിക്കുവാൻ " ഗുരുദൈവതമന്ത്രാണാമൈക്യം സഞ്ചിന്തയേദ്ധിയാ" . ഗുരുവും ദേവനും മന്ത്രവും എല്ലാം ഒന്നാണെന്ന ഭാവം പ്രത്യേകം ഓർമ്മയുണ്ടായിരിക്കണം . മന്ത്രമൂർത്തിയും ഗുരുവും താനും എല്ലാം ഒന്നെന്ന ഭാവത്തിൽ എത്തിയ സാധകന് "അസ്മൽ പരതരോ ഗുരു"   - തന്നിൽ നിന്ന് അന്യമായിട്ട് ഒരു ഗുരുവില്ല എന്ന ഉന്നതപദത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നു.

“പ്രവൃത്തിശ്ച നിവൃത്തിശ്ച ദ്വൗ ഭാവൗ ജീവസംജ്ഞിതൗ  പ്രവൃത്തി ഭാവശ്ചിന്തായാമധോവക്രാണി  പാർവ്വതീ നിവൃത്തിര്യോഗമാർഗ്ഗേഷു സദൈവോർദ്ധ്വമുഖാനി ച യേ നേവന്യാസമാത്രേണ ദേവവൽ ജാതതേ നരഃ ( ശാക്താനന്ദതരംഗിണി) 

മനുഷ്യർക്ക് പ്രവൃത്തിമാർഗ്ഗമെന്നും  നിവൃത്തിമാർഗ്ഗമെന്നും രണ്ടു പദ്ധതികൾ ഉണ്ട്. പ്രവൃത്തി മാർഗ്ഗം ചിന്തയെ ആശ്രയിച്ചിരിക്കുന്നതും അധോമുഖമായതും ആണ്. നിവൃത്തിമാർഗ്ഗം പ്രവൃത്തിമാർഗ്ഗത്തിനു വിപരീതവും  യോഗമാർഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നതും ഊർദ്ധ്വമുഖമായതും ആണ്. ഈ രണ്ട് മാർഗ്ഗങ്ങളുടെയും  വിന്യാസ - ക്രമീകരണത്തിലൂടെ മനുഷ്യൻ  ദേവനെപ്പോലെ ആയിത്തീരുന്നു. 

പ്രവൃത്തി  +  നിവൃത്തി  = ദേവഭാവം

ദേവഭാവത്തെ പ്രകാശനം ചെയ്യുന്ന മനുഷ്യാവതാരമാണ് ഗുരു..

ഗുരുദേവതാത്മാവാണ്- മനുഷ്യശരീരമല്ല

ഗുരുവിന്റെ ഗുരുത്വം മനസ്സിലാക്കി, ഭക്ത്യാദരപുരസ്സരം അനുഷ്ഠിക്കുന്ന എല്ലാ കർമ്മവും സമസ്താഭ്യുദയങ്ങളെയും പ്രദാനം ചെയ്യുന്നു. കാരണം ഗുരു മംഗളദായകനാണ്, പ്രഭുവാണ്(ഗുരു കല്യാണവാൻ പ്രഭുഃ) 

ഗുരു ജ്ഞാനസ്വരൂപനാണ് - ജ്ഞാനം ആഗ്നേയ സ്വഭാവത്തോടുകൂടിയതണ്. അതിനാൽ ജ്ഞാനാഗ്നിയെന്ന് അറിയപ്പെടുന്നു.

'ജ്ഞാനാഗ്നിഃ സർവ്വകർമ്മാണി ഭസ്മാസാത്കുരുതേ  തഥാ’ (ഭഗവത്ഗീത) 

അഗ്നി വിറകിനെ ഏതുപ്രകാരം ദഹിപ്പിക്കുന്നുവോ അതുപോലെ ജ്ഞാനാഗ്നി സർവ്വകർമ്മങ്ങളെയും പവിത്രമാക്കുന്നു.  ഭസ്മതുല്യമാക്കുന്നു.

ശിരസ്സിലെ വെള്ളത്തമരയിൽ  സ്ഥിതിചെയ്യുന്നവനും രണ്ടു കണ്ണുകളും രണ്ടു കൈകളും  ഉള്ളവനും മന്ദസ്മിതത്തോടു കൂടിയവനായും  ഞാൻ ബ്രഹ്മം തന്നെയാണ്, ചൈതന്യസ്വരൂപനാണ് സർവ്വതന്ത്രസ്വതന്ത്രനാണ്, ദുഃഖങ്ങളില്ലാത്തവനാണ് എന്നിങ്ങനെ ഗുരുവിനെ ധ്യാനിക്കണം .

'സഹസ്രദളപങ്കജേ സകലശീതരശ്മിപ്രഭാം വരാഭയകരാംബുജം വിമലഗന്ധപുഷ്പസ്രജം പ്രസന്നവദനേക്ഷണം സകലദേവതാരൂപിണം സ്മരേച്ശിരസി ഹംസഗം തദഭിധാനപൂർവ്വം ഗുരും ( കുലാർണ്ണവതന്ത്രം ഉല്ലാസം 4) 

സഹസ്രദളകമലത്തിൽ  സകളരൂപനായി ചന്ദ്രനെപ്പോലെ ശീതളപ്രഭയോടുകൂടി, കൈകളിൽ അഭയമുദ്രയും വരദമുദ്രയും ധരിച്ച്, പരിശുദ്ധഗന്ധമുള്ള പൂമാലയാണിത് പ്രസന്നമുഖശ്രീയോട്കൂടി സർവ്വദേവതാസ്വരൂപനായി ഹംസഃ എന്ന പരമാത്മമന്ത്രത്താൽ അറിയപ്പെടുന്നവനായി ഗുരുവിനെ ശിരസ്സിൽ ധ്യാനിക്കണം.

കാലത്ത്  ഉണർന്ന് ഉടനെ ഗുരുസ്മരണം ചെയ്യണമെന്നു തന്ത്രസാരം അനുശാസിക്കുന്നു.

'ബ്രഹ്മമുഹൂർത്തേ  ഉന്ഥായ ശിരസി സഹസ്രദളകമലമേവാസ്ഥിതം 

ശ്വേതവർണ്ണം  ദ്വിഭുജം ശ്വേതമാല്യാനുലേപനം  സ്വപ്രകാശസ്വരൂപം സ്വാവാമാങ്കസ്ഥിത സുരക്തശക്ത്യാ സ്വപ്രകാശം സ്വരൂപതയാ സഹിതം ഗുരും വിഭായേത്."

ബ്രഹ്മമൂഹൂർത്തത്തിൽ ഉണർന്ന്, തന്റെ ശിരസ്സിലെ സഹസ്രദള  കമലത്തിൽ സ്ഥിതനായി വരദാഭയമുദ്രകൾ ധരിച്ച് തൂവെള്ളനിറത്തോടും വെള്ളനിറത്തിലുള്ള മാല കുറിക്കൂട്ട് എന്നിവയണിഞ്ഞ് തന്റെ ഇടത്ത് തുടയിൽ ചുകന്നനിറത്തോട്കൂടിയ സ്വന്തം പ്രതിച്ചായയായ ഭര്യയാൽ സമാലംകൃതനായ ഗുരുവിനെ സ്മരിക്കണം.  

ഗുരുവിനെ കേവലം മനുഷ്യനായും മന്ത്രത്തെ അക്ഷരങ്ങളായും ബിംബത്തെ ശിലയായും കണക്കാക്കുന്നവൻ നരകത്തിലെത്തിചേരുന്നു.

ഗുരു കർമ്മസാക്ഷിമാത്രമല്ല കർമ്മഫലദാതാവെന്ന നിലയിലും ഗുരു ഗണ്യമായ പങ്കുവഹിക്കുന്നു. ഗുരു ദേവാധിദേവനാണ്. കൂടാതെ  ജ്ഞാനത്തിന്റെ മൂർത്തീഭാവമാണ്.

ത്യാഗമെന്നത് തന്നെയാണ് അമൃതം (ത്യാഗേനേകേന മൃതതത്ത്വമാഹുഃ) എന്ന്  ശ്രുതിയുണ്ട്. അതിനാൽ സമസ്തകർമ്മങ്ങളും 'ഗുരു'വിന്റെ പാദാരവിന്ദത്തിൽ സമർപ്പിക്കുന്നു.

‘ശരീരമർത്ഥപ്രാണം ച സർവ്വം തസ്മൈ നിവേദയേത്'  

ശരീരവും ധർമ്മാർത്ഥകാമമോക്ഷങ്ങളും എന്നും വേണ്ട പ്രാണൻ പോലും ഗുരുവിനായിക്കൊണ്ട് സമർപ്പിക്കുന്നു. ഇതിലും  സർവ്വസമർപ്പണം  വെറെയെന്തുണ്ട്.  നാം അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ ഗുണദോഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും എന്നുവേണ്ട സമസ്തവും കർമ്മാവസനത്തിൽ ഗുരുവിങ്കൽ  സമർപ്പിക്കുന്നു.

'സർവ്വം കർമ്മഖിലം പാർത്ഥ! ജ്ഞാനേ പരിസമാപ്യതേ’ 
(  ഭഗവത് ഗീത )

എല്ലാകർമ്മങ്ങളും ജ്ഞാനത്തിൽ പര്യവസാനിക്കുന്നു.  അതിനാൽ സമസ്തകർമ്മങ്ങളും ജ്ഞാനത്തിന്റെ മൂർത്തിഭാവമായ ഗുരുവിങ്കൽ സമർപ്പിക്കുന്നു.

  ഈശ്വരസാക്ഷാത്കാരത്തിനു കാരണഭൂതനും കരുണാനിധിയും അണിമാദ്യഷ്ടൈശ്വര്യങ്ങളെയും നൽകുന്ന ഉദാരനിധിയുമായ ഗുരുവിന് നമസ്കാരം....

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.