കൗളം എന്നാൽ കുലത്തെ സംബന്ധിച്ചത് എന്ന് അർത്ഥമാകുന്നു. കുലം എന്നാൽ സുക്ഷുമ്‌നാ നാഡി. സുഷുമ്നാ നാഡിയിലൂടെയുള്ള പ്രാണശക്തിയുടെ ഉദ്ഗമനത്തെക്കുറിച്ചുള്ള ശാസ്ത്രമാണ് കൗളം എന്നത്.
മനുഷ്യശരീരത്തിൽ എഴുപത്തിരണ്ടായിരം നാഡികളുണ്ട്. അവയിൽ പ്രധാനം പതിനാല് നാഡികൾ. അവയാകട്ടെ അലംബുസ, കുഹു, വിശ്വോദര, വാരണ, ഹസ്തിജിഹ്വാ, യശോവതി, പയസ്വിനി, ഗാന്ധാരി, പൂഷാ, ശംഖിനി, സരസ്വതി, ഇഡ, പിംഗല, സുഷുമ്ന എന്നിവയാകുന്നു. ഇഡ, പിംഗല, സുഷുമ്ന എന്നിവ ഇതിൽ പ്രാധാന്യമർഹിക്കുന്നു. പിംഗലയെ സൂര്യനാഡി എന്നും ഇഡയെ ചന്ദ്രനാഡി എന്നും പറയുന്നു. സുഷുമ്നാനാഡി അഗ്നിതത്വത്തെ വഹിക്കുന്നതാകുന്നു. ഈ അഗ്നിതത്വം എന്നത് പ്രാണശക്തിതന്നെ. അഗ്നിസൂര്യസോമാത്മകമാണ് മനുഷ്യശരീരം. കൂടാതെ ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിങ്ങനെ മൂന്നു ഗ്രന്ഥികളാക്കി തിരിച്ചിരിക്കുന്നു. ബ്രഹ്മഗ്രന്ഥി അഗ്നിതത്വത്തെയും വിഷ്ണുഗ്രന്ഥി സൂര്യതതത്വത്തെയും രുദ്രഗ്രന്ഥി സോമതത്വത്തെയും വഹിക്കുന്നതാകുന്നു. അതിനാൽ അഗ്നിസൂര്യസോമാത്മകമാണ് ഈ ശരീരം.
സുഷ്മനാനാഡിയിൽ ആറ് ആധാരപത്മങ്ങളുണ്ട്. ലിംഗഗുദങ്ങൾക്ക് മധ്യേ ഏറ്റവും കീഴറ്റത്തായി മൂലാധാരപത്മം, അതിനുമീതെ ജനനേന്ദ്രിയത്തിന്റെ സ്ഥാനത്ത് സ്വാധിഷ്ഠാനം, നാഭിസ്ഥാനത്ത് മണിപൂരകം, ഹൃദയസ്ഥാനത്ത് അനാഹതം, കണ്ഠനാളത്തിന്റെ സ്ഥാനത്ത് വിശുദ്ധി, ഭ്രൂമദ്ധ്യത്തിന്റെ സ്ഥാനത്ത് ആജ്ഞാ എന്നിവയാണ് ആറ് ആധാരപത്മങ്ങൾ. അതിനു മുകളിൽ മസ്തിഷ്‌കം സഹസ്രദള പത്മം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നു. അതിനും മദ്ധ്യത്തിലായി ബ്രഹ്മരന്ധ്രം. അതിനും മുകളിലായി " അകുലം " എന്നു പേരുള്ള അഷ്ടദളപത്മവും ഉണ്ടത്രെ. ആജ്ഞക്കുമുകളിലായി സൂക്ഷ്മമായി വീണ്ടും ആറ് ആധാരചക്രങ്ങൾ ഉണ്ടെന്ന് യോഗശാസ്ത്രം സിദ്ധാന്തിക്കുന്നു.
മൂലാധാരത്തിന്റെ അടിസ്ഥാന ദേവത ഗണപതിയാണ്. സ്വാധിഷ്ഠാനത്തിന്റേത് ബ്രഹ്‌മാവ്, മണിപൂരകത്തിന്റേത് വിഷ്ണു, അനാഹതത്തിന് രുദ്രൻ, വിശുദ്ധിയ്ക്ക് ഈശ്വരൻ, ആജ്ഞയ്ക്ക് സദാശിവൻ എന്നിവർ ദേവതകളാകുന്നു. സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രത്തിൽ സാക്ഷാൽ പരമശിവൻ. അകുലം എന്ന സ്ഥാനത്ത് " ശ്രീഗുരു " പരമശിവഭാവത്തിൽ കുടികൊള്ളുന്നു.
മൂലാധാരത്തിന്റെ അടിത്തട്ടിൽ മൂന്നരച്ചുറ്റായി ജീവശക്തി സർപ്പാകൃതിയിൽ ശയിക്കുന്നു. ഇതിന് കുണ്ഡലിനീശക്തി എന്ന് പറയുന്നു. ഈ ശക്തിയെ മന്ത്രജപത്തിനാൽ ഉണർത്തി ബ്രഹ്മരന്ധ്രസ്ഥിതനായ പരമശിവനുമായി സംയോഗം ചെയ്യിക്കുന്നതാണ് യോഗാനുഭൂതി എന്ന് പറയുന്നത്. ഈ യോഗാനുഭൂതി വിഷയകമായ സാധനതന്നെയാണ് " കൗളധർമ്മം " എന്ന പേരിൽ അറിയപ്പെടുന്നത്. യമനിയമ ആസനപ്രാണായാമ പ്രത്യാഹാരധാരണാ ധ്യാനസമാധികളാകുന്ന അഷ്ടാംഗയോഗം ഇതിന് സഹായകരമായിത്തീരുന്നു.
ഈ ശരീരത്തെ പിണ്ഡാണ്ഡം എന്നും പ്രപഞ്ചത്തെ ബ്രഹ്മാണ്ഡം എന്നും വിവക്ഷിക്കുന്നു. പിണ്ഡാണ്ഡാധിഷ്ഠിതമായ പ്രാണശക്തിയെ കുണ്ഡലിനീശക്തി എന്നും ബ്രഹ്മാണ്ഡാധിഷ്ഠിതമായ പ്രാണശക്തിയെ അതായത് പരാശക്തിയെ ' ത്രിപുരസുന്ദരി " എന്നും പറയുന്നു. മുപ്പത്തിയാറ് തത്വങ്ങളുടെ സംഘാതമാണ് ഈ പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും എന്നതിനാൽ ഇവയ്ക്ക് പരസ്പരമുള്ള ഐക്യാനുസന്ധാനത്തിലൂടെ ജീവ - ബ്രഹ്മ ഐക്യാനുസന്ധാനം സാധ്യമാകുന്നു. " തത്ത്വമസി " തുടങ്ങിയ മഹാവാക്യങ്ങളെക്കൊണ്ട് ലക്ഷീകരിക്കുന്ന അർത്ഥവും ഇതുതന്നെ. ഇതിലൂടെ സാധകൻ പരമമായ അദ്വൈതഭാവനയിലേക്ക് എത്തിച്ചേർന്ന് ബ്രഹ്മാനന്ദം അനുഭവിക്കുന്നു. അതിനാൽ ശ്രീഗുരുവിൽനിന്ന് കൗളദീക്ഷ സ്വീകരിച്ച സാധകൻ പരമമായ തത്വബോധത്തിലൂടെ അദ്വൈതസാക്ഷാത്കാരത്തെ നേടുകയാണ്.