കര്‍ക്കിടകവും ഭദ്രകാളിയും

കലികാലത്ത് പെട്ടെന്ന് പ്രസാദിപ്പിക്കാവുന്ന ദേവതകള്‍ ഭദ്രകാളിയും ഗണപതിയുമാണ്. കര്‍ക്കിടകമാസത്തില്‍ പൊതുവില്‍ ശുഭകര്‍മ്മങ്ങളൊന്നും നടത്താറില്ല. പഞ്ഞമാസമെന്നാണ് വയ്പ്. എന്നാല്‍ ജ്യോതിഷപ്രകാരം സ്ത്രീരാശിയും മാതൃകാരകത്വമുള്ള ചന്ദ്രന്‍റെ രാശിയുമായ കര്‍ക്കിടകമാസത്തില്‍ ഭദ്രകാളിസേവ, ജപം, കാളീസ്തവം, മന്ത്രസാധന ഇവ പെട്ടെന്നു ഫലപ്രാപ്തി കണ്ടുവരുന്നു. ഉത്തരായനം തീര്‍ന്നു ദക്ഷിണായനം തുടങ്ങുന്ന കര്‍ക്കിടകത്തില്‍ ശ്രദ്ധഭക്തിയോടെ ദക്ഷിണകാളി, സിദ്ധകാളി, ആകാശകാളി, പാതാളകാളി, അഷ്ടകാളി ഇവയിലൊരു ദേവീമന്ത്രമെടുത്ത് ജപം, ധ്യാനം, ഉപാസന ഇവ അനുഷ്ഠിച്ചാല്‍ സര്‍വ്വദുരിത നിവാരണവും സര്‍വ്വസൗഭാഗ്യവും ഫലം. കാളിദാസനെ കാളീശ്വരി അനുഗ്രഹിച്ചതും ഒരു കര്‍ക്കിടകത്തിലെ പഞ്ഞകാലത്താണത്രേ!

കടുത്തശനിദോഷത്തിന് ദശമഹാവിദ്യയില്‍ കാളീശ്വരിയെയാണത്രെ പ്രീതിപ്പെടുത്തേണ്ടത്. ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശയില്‍ ശനിയപഹാരം, മറ്റുപാപഗ്രഹങ്ങളുടെ ദശയില്‍ ശനിയപഹാരം എന്നിവയാല്‍ വലയുന്നവര്‍ തീര്‍ച്ചയായും മഹാദേവിയുടെ സ്തുതികള്‍ ചൊല്ലുകയും ശനിയാഴ്ച കാളിക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നതായാല്‍ ദോഷശാന്തി ഉറപ്പ്. ശനിദോഷത്താല്‍ വിവാഹം താമസിക്കുന്നവരും വിവാഹതടസ്സജാതകമുള്ളവരും ഇരുപത്തൊന്നുനാള്‍ ആദിത്യനെ വണങ്ങിയശേഷം തുടര്‍ച്ചയായി മൂന്നുദിവസം വേതാളകാര്‍ത്ത്യായനീക്ഷേത്ര ദര്‍ശനം നടത്തി സങ്കടം പറഞ്ഞാല്‍ അമ്മ പെട്ടെന്ന് മംഗല്യഭാഗ്യം നല്‍കും. ചുവന്ന പൂക്കളാല്‍ മാലകെട്ടി കര്‍ക്കിടകത്തിലെ ശനിയാഴ്ചദിവസം കാളിക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മംഗല്യത്തിനെന്നല്ല ഏത് തടസ്സം നീങ്ങാനും പ്രാര്‍ത്ഥിക്കുന്നത് ഗുണകരം.

കാളിധ്യാനം

സദ്യശ്ഛിന്നശിരഃ കൃപാണമഭയം
ഹസ്തൈര്‍വ്വരം ബിഭ്രതീം
ഘോരാസ്യം ശിരസാം സ്രജാ സുരുചിരാ
മുന്മുക്ത കേശാവലിം
സ്യക്യാക് പ്രവാഹാം ശ്മശാനനിലയാം
ശ്രുത്യോഃ ശിവാലംകൃതിം
ശ്യാമാംഗീം കൃതമേഖലാം ശവകരൈര്‍
ദേവീം ഭജേ കാളികാം