വൈദികാചാരത്തേക്കാൾ കൗളം ശ്രേഷ്ഠമാണോ?

കലിയുഗത്തിൽ വൈദികമന്ത്രങ്ങൾ നിർവ്വീര്യമാണെന്നും താന്ത്രികമന്ത്രങ്ങൾക്കേ പ്രസക്തിയുള്ളൂ എന്നും പറയപ്പെടുന്നു. കലിയുഗത്തിൽ വേദമന്ത്രങ്ങൾ വിഷമില്ലാത്ത പാമ്പിനേപ്പോലെ നിർവ്വീര്യങ്ങളാണ് എന്നിങ്ങനെ മഹാനിർവ്വാണതന്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. വൈദികമന്ത്രങ്ങൾ വേശ്യകളെപ്പോലെ പ്രകടങ്ങളാണെന്നും താന്ത്രികവിദ്യകൾ കുലകന്യകയെപ്പോലെ ഗോപ്യമായതാണെന്നും ശ്രീപശുരാമകല്പസൂത്രത്തിലും പ്രസ്താവിച്ചിരിക്കുന്നു.

വൈദികമന്ത്രങ്ങൾ സ്ഥൂലവും താന്ത്രികമന്ത്രങ്ങൾ സൂക്ഷ്മവും ആകുന്നു. ഉദാഹരണമായി ഗായത്രീമന്ത്രത്തിന്റെ  സൂക്ഷ്‌മമരൂപമാണത്രെ ശ്രീവിദ്യാമന്ത്രം. അതേപോലെ മൃത്യുഞ്ജയമന്ത്രം തന്നെ താന്ത്രികമായി വരുമ്പോൾ കേവലം രണ്ടക്ഷരങ്ങളിൽ ഉൾകൊള്ളുന്നു. സ്ഥൂലത്തേക്കാൾ ശക്തിമത്തായിത്തീരുമല്ലോ സൂക്ഷ്മരൂപം. അതിനാൽ വൈദികമന്ത്രങ്ങളേക്കാൾ ശക്തിമത്താണ് താന്ത്രികമന്ത്രങ്ങൾ.

അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ജനജീവിതത്തിൽ വൈദികവൃത്തി ഏറെക്കുറെ ദുസ്സാദ്ധ്യമാണ് താനും. അശൗചാദി നിമിത്തമായ ശുദ്ധി അശുദ്ധികളെ ഇന്ന് എത്രകണ്ട് ആചരിക്കുവാൻ സാധിക്കും? ഇന്ന് ത്രിസന്ധ്യകളിൽ ഗായത്രിതർപ്പണം ചെയ്യുന്ന വൈദികന്മാർ എത്രപേരുണ്ട്. സന്ധ്യാവന്ദനം എന്നത് കേവലം നാമമാത്രമായിത്തീർന്നിരിക്കുന്നു. വൈദികമായി ആചരിച്ചുവരുന്ന ശുദ്ധി അശുദ്ധികൾ ആചരിക്കുവാനും ഏറെക്കുറെ വിഷമകരമാണ്.

ഇതുകൂടാതെ ബ്രഹ്മക്ഷത്രിയ വൈശ്യന്മാർക്ക് അതായത് ത്രൈവർണ്ണികർക്ക് മാത്രമേ വേദാധികാരം വിധിച്ചിട്ടുള്ളു. സ്ത്രീശുദ്രന്മാർക്ക് വേദത്തിൽ അധികാരമില്ല. അതിന് പ്രമാണം മനുസ്മൃതി തുടങ്ങിയ സ്മൃതികൾ തന്നെയാണ്. ശ്രീശങ്കരാചാര്യർ തന്റെ ബ്രഹ്മസൂത്രം ഭാഷ്യത്തിൽ അപശൂദ്രാധികരണത്തിലും ഈ കാര്യം വളരെ സ്പഷ്ടമാക്കിയിരിക്കുന്നു. വേദാധികാരമില്ലാത്ത സ്ത്രീശൂദ്രന്മാർക്കുപോലും വേദത്തിന്റെ പൊരുൾ എത്തിക്കുവാൻ വേണ്ടിയായിരുന്നു രാമായണവും മഹാഭാരതവും പതിനെട്ട് പുരാണങ്ങളും എഴുതപ്പെട്ടത് എന്ന് പറഞ്ഞുവരുന്നു. അതിനാൽ സ്ത്രീശൂദ്രന്മാർക്ക് വേദത്തിലല്ല, അതിന്റെ ഉപാംഗമായിരിക്കുന്ന പുരാണങ്ങളിലാണ് അധികാരമുള്ളത്. എന്നാൽ താന്ത്രികോപാസനക്ക് ജാതിലിംഗഭേദമില്ല. അതിൽ താന്ത്രികശ്രുതികൾ തന്നെ പ്രമാണമായിട്ടുണ്ട്. സ്ത്രീശൂദ്രന്മാർക്ക് വേദാധികാരമുണ്ടെന്ന് ഒരു വൈദികശ്രുതികൊണ്ടും സമർത്ഥിക്കുവാൻ കഴിയുകയില്ല. തസ്മാത് സർവ്വ പ്രയത്നേന ചണ്ഡാലാദപി ദീക്ഷയേത് എന്ന കുലാർണവ വചനമനുസരിച്ച് ചണ്ഡാലനിൽനിന്നുപോലും കൗളദീക്ഷ സ്വീകരിക്കാം എന്ന് സിദ്ധിച്ചിരിക്കുന്നു. ഇക്കാരണങ്ങൾ എല്ലാം വെച്ചുനോക്കുമ്പോൾ ഏറ്റവും ശ്രേഷ്ഠമായ ഉപാസനാമാർഗ്ഗം കൗളമാർഗ്ഗം തന്നെയാണെന്ന് സിദ്ധിച്ചിരിക്കുന്നു.

വേദമന്ത്രങ്ങളിൽ അർത്ഥത്തിനേക്കാൾ പ്രാധാന്യം ശബ്ദത്തിനാണ്. മന്ത്രങ്ങളുടെ ഉച്ചാരണക്രമം അറിഞ്ഞിരിക്കണം. അതായത് ഉദാത്ത അനുദാത്ത സ്വരിതഭേദങ്ങളും ഘനപാഠം, ജഡാപാഠം തുടങ്ങിയ പാഠഭേദങ്ങളും അറിഞ്ഞിരിക്കണം. അതല്ലാതെ സ്വരശുദ്ധിയില്ലാതെ വേദമന്ത്രം ഉച്ചരിച്ചാൽ വിപരീതഫലമായിരിക്കും കൈവരിക്കുക. എല്ലാർക്കും സംഗീതം പഠിക്കുവാൻ കഴിയില്ല എന്നതുപോലെ വേദമന്ത്രോച്ചാരണവും എല്ലാവർക്കും കഴിയണമെന്നില്ല. അതിന് നൈസർഗ്ഗികമായ വാസന തന്നെവേണം. അതിനെയാണ് പൂർവ്വജന്മസുകൃതം എന്നുപറയുന്നത്. അതിനാൽ സംഗീതത്തിൽ സാധകം ചെയ്യുന്നതുപോലെ വേദമന്ത്രങ്ങളും സാധകം ചെയ്ത് ശീലിക്കേണ്ടതാണ്. അതാണ് വേദാംഗമായ ശിക്ഷ എന്നു പറയപ്പെടുന്നത്. അതിനാൽ വേദം ഒരിക്കലും സാർവ്വത്രികമാക്കാൻ കഴിയുന്നതല്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.