ജാതക പൊരുത്തം വേണോ?

സാറെ അഞ്ച് ജ്യോതിഷികൾ പൊരുത്തം നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞു നടത്തിയതാ മൂത്ത കുട്ടിയുടെ വിവാഹം. രണ്ടാമത്തെ കുട്ടീയുടെ പ്രണയവിവാഹം ആയിരുന്നു. മനഃപ്പൊരുത്തം ഉള്ളതിനാൽ ജാതകം നോക്കേണ്ടതില്ലെന്നും പറഞ്ഞു. ഇപ്പോ രണ്ടും രണ്ട് വഴിക്കായി. ഇതിലൊക്കെ വലിയ കാര്യം വല്ലതും ഉണ്ടോ?. രണ്ടു കുട്ടികളുടെ വിവാഹം പരാജയപ്പെട്ടിട്ടും മൂന്നാമത്തെ കുട്ടിയുടെ വിവാഹപൊരുത്തം നോക്കുവാൻ വന്ന ഒരു അമ്മയുടെ സംശയമാണിത്. ഇവിടെ ആർക്കാണ് തെറ്റു പറ്റിയത് ജ്യോതിശാസ്ത്രത്തിനാണോ? ജ്യോതിഷികൾക്കാണോ ? . അടുത്ത സംശയം ആകാശത്തിലെ ഗ്രഹങ്ങൾ എന്തിനാ എന്റെ മക്കളെ ഇങ്ങനെ ദ്രോഹിക്കുന്നേ?. ഈ ഗ്രഹങ്ങളാണോ നമ്മുടെ ഭാവി തീരുമാനിക്കുന്നത്? .

"പൂർവ്വ ജന്മാർജിതം കർമ്മ ശുഭം വാ യദിവാശുഭം
തസ്യ പക്തിം ഗ്രഹാഃസർവ്വേ സൂചയന്തീഹ ജന്മനി".

പ്രമാണത്തിൽ തന്നെ പറയുന്നുണ്ട് ഗ്രഹങ്ങൾ ഫല ദാദാക്കളല്ല മറിച്ച് പൂർവ്വ ജന്മത്തിൽ നേടിയ ശുഭാശുഭകർമ്മങ്ങളുടെ ഫലമായി ഈ ജന്മത്തിൽ അനുഭവിക്കേണ്ടതായ കാര്യങ്ങൾ ഗ്രഹങ്ങൾ സൂചിപ്പിക്കക മാത്രമാണ് ചെയ്യുന്നത്.

റോഡിലൂടെ വാഹനമോടിച്ചു പോകുമ്പോൾ വഴിയരികിൽ ചില സൂചനാ ബോർഡുകൾ കാണാം. ഹമ്പ്, വളവ്, പാലം, സ്ക്കൂൾ എന്നിങ്ങനെ. അത് ശ്രദ്ധിക്കാതെ വണ്ടിയോടിച്ച് പോയാലുണ്ടാകുന്ന അപകടങ്ങൾക്ക് ഒരിക്കലും സൂചനാബോർഡുകൾ ഉത്തരവാദികളായിരിക്കില്ല. അപ്രകാരം ജീവിതത്തിൽ ഉണ്ടാകാവുന്ന ശുഭാശുഭങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾക്ക് ഇതിൽ ഒരുപങ്കും ഇല്ല.

പൊരുത്തവിഷയത്തിൽ ജ്യോതിഷികളുടെ ഇടയിൽ തന്നെ ആശയകുഴപ്പങ്ങൾ ഉണ്ട്. ദോഷ ജാതകത്തിന് ദോഷജാതകമാണോ ചേർക്കേണ്ടത്?. അതല്ല ഭർത്തൃ മരണം പറയുന്ന സ്ത്രീക്ക് ആയുർദൈർഘ്യമുള്ള പുരുഷനെയല്ലേ ചേർക്കേണ്ടത്? ഇങ്ങനെയുള്ള ചർച്ചകൾ ഗ്രൂപ്പ് തിരിഞ്ഞ് നടക്കുന്നുമുണ്ട്.

പൊരുത്തകാര്യത്തിൽ കൂടുതൽ സ്വീകാര്യമായത് ഗുരുക്കന്മാരുടേയും നമ്മുടേയും അനുഭവങ്ങൾ ചേർത്ത് വെച്ച് നിരീക്ഷണം നടത്തുകയെന്നതാണ് സാധാരണ അനുവർത്തിച്ചു വരുന്നത്. സ്ത്രീജാതകത്തിൽ വൈധവ്യദോഷമുണ്ടെങ്കിൽ പുരുഷ ജാതകത്തിൽ ഭാര്യാമരണ ദോഷമുള്ളതാണ് ചേർക്കുക. അതിന് ഗുരുക്കൻമാർ പറയുന്ന കാരണം പൊരുത്ത ചിന്ത "ശ്വാന കബള ന്യായേന " വേണമെന്നാണ്. അത് എങ്ങിനെയെന്നാണെങ്കിൽ തുല്ല്യശക്തിയുള്ള രണ്ട് നായ്ക്കളെ ഒരേ അകലത്തിൽ കെട്ടിയിട്ട് ഒരു ഉരുള ചോറ് നടുക്ക് വെച്ച് രണ്ടിനേയും ഒന്നിച്ച് അഴിച്ചു വിട്ടാൽ ഏതു നായായിരിക്കും ഉരുള എടുക്കുന്നത് ?. തുല്ല്യ ശക്തിയായതിനാൽ രണ്ടും കടിപിടി കൂടി ദോഷമാകുന്ന ഉരുള നശിക്കുമെന്നല്ലാതെ ദോഷം രണ്ടു പേരും എടുക്കുകുന്നില്ല. അതു പോലെ ദമ്പതികൾക്ക് ഒന്നും സംഭവിക്കില്ല.

ഈ വിഷയത്തിനെ അടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങളിലൂടെ പരിശോധിക്കാം. കേരളത്തിലെ മാധ്യമങ്ങളെ പുറകെ നടത്തിച്ച ഒരു സ്ത്രീയും അവരുടെ ഭർത്താവും തന്നെയാകട്ടെ . രണ്ടു പേരുടേയും പേരിൽ ക്രിമിനലും സിവിലും ഒക്കെ ആയി കേസുകൾ നിരവധി നടക്കുന്നുണ്ട്. അതിൽ ഭർത്താവിന്റെ പേരിൽ മുൻ ഭാര്യയെ കൊന്ന പേരിലും കേസുണ്ട്. കൊന്നതായാലും ആത്മഹത്യയായാലും ആ ബന്ധത്തിൽ ഒരു ദുരന്തം നടന്നു എന്നുള്ളത് സത്യമാണ്. ഈ സ്ത്രീ മരണപ്പെടാൻ കാരണം അവരുടെ ഭർത്താവിനോളം കരുത്തോ ക്രിമിനൽ പശ്ചാത്തലമോ അവർക്ക് ഉണ്ടായിരുന്നില്ല എന്നതായിരിക്കാം!. ശക്തിയുള്ള ആൾ നിലനിന്നു കുറഞ്ഞ ആൾ മരിച്ചു. പക്ഷെ അയാളുടെ രണ്ടാമത്തെ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവർ, അയാളെക്കാൾ സ്വാധീന ശക്തിയുള്ളവരായതിനാൽ ആ സ്ത്രീയെ ഒന്നും ചെയ്യാൻ സാധിച്ചില്ല. അവർ പുറത്തും അയാൾ ജയിലിലും കഴിയുന്നു. എന്നാലും രണ്ടു പേർക്കും ആയുസ്സിന് ദോഷം ഭവിച്ചുമില്ല. കാരണം അവര്‍ക്ക് തുല്യ ദോഷങ്ങൾ ഉള്ളത് കൊണ്ടായിരിക്കാം!.

ക്രിമിനൽ മനസ്സുള്ള സ്ത്രീക്ക് ഒരു ക്രിമിനലുമായി പൊരുത്തപ്പെട്ടു പോകാൻ വലിയബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ സാധാരണക്കാരിയായ ഒരു സ്ത്രീക്ക് അത് സാധ്യമല്ല. ഇതുപോലെ, പാപ ജാതകം പാപ ജാതകമായും ശുദ്ധ ജാതകം ശുദ്ധ ജാതകമായും മാത്രമേ പൊരുത്തപ്പെടുത്തുകയുള്ളു.

"യസ്യാം മനഃസമാസക്തം
തമേവ വിവാഹേൽ ബുധഃ
സർവാനുഗുണഭാഗേപി
മനോനുഗുണതാധികാ"

എല്ലാപൊരുത്തങ്ങളെക്കാളും വിശേഷപ്പെട്ട പൊരുത്തമാണ് മനഃപ്പൊരുത്തം.പക്ഷെ അഞ്ചും പത്തും വർഷം സ്നേഹിച്ചതിനു ശേഷം വിവാഹം ചെയ്ത പലരുടേയും ബന്ധം തികച്ച് ഒരുവർഷം പോലും എത്താതെ പോകുന്നതും കാണുന്നു. ഇതിനു കാരണം ശരീയായ മനഃപ്പൊരുത്തമല്ല അവരിൽ ഉണ്ടായിരുന്നതെന്നാണ് അനുമാനിക്കേണ്ടത്. ചന്ദ്രന്റെ ബലകുറവും അനിഷ്ട സ്ഥിതിയും ശനി പോലുള്ള ഗ്രഹങ്ങളുടെ ദൃഷ്ട്യാദിയോഗങ്ങളും കൂടി ഉണ്ടായിരുന്നാൽ മനസ്സിന് ബലമില്ലാതെ ഇതു പോലുള്ള പ്രശ്നങ്ങളിൽ ചെന്നുപെടുന്നത് കാണാറുണ്ട്. അതിനാൽ പ്രണയിക്കുന്നവർ ശരിയായ രീതിയിൽ തന്നെയാണോ തങ്ങളുടെ മനഃപ്പൊരുത്തം എന്ന് വിലയിരുത്തി വേണം ഈ പ്രമാണത്തെ സ്വീകരിക്കുവാൻ. എനിക്ക് പരിചയമുള്ള ഒരു ഉന്നത ഉദ്യോഗസ്തയുടെ ജാതകം അടുത്ത് പരിശോധിക്കുവാൻ ഇടവന്നു. അവരുടേത് പ്രണയ വിവാഹമായിരുന്നു. ജ്യോതിഷ കുടുബാംഗമായ യുവതി തന്റേത് ഉത്തമ മനഃപ്പൊരുത്തമാണെന്നാണ് ധരിച്ചിരുന്നത്. അവരുടെ ജാതകത്തിൽ എഴാം ഭാവാധിപനും ചന്ദ്രനും അഷ്ടമത്തിലും ശനിദൃഷ്ടിയിലും ആയിരുന്നു. അവരുടെ വിവാഹം പൂർണ്ണ പരാജയവും ദുരന്തവും ആയിമാറി. അടുത്തു പരാജയപ്പെട്ട താര ദമ്പതിമാരുടെ വിവാഹവും പ്രണയ വിവാഹമായിരുന്നു. ഇതിനർത്ഥം പ്രണയ വിവാഹങ്ങൾ എല്ലാം പരാജയപ്പെടുമെന്നല്ല. മനഃപ്പൊരുത്തത്തിന്റെ പിൻബലം തേടുന്നവർ അതു പരിശോധിക്കണമെന്ന് മാത്രം.

വിവാഹത്തിന് ജാതക പരിശോധന വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിവാഹിതരാകുവാൻ പോകുന്നവര് തന്നെയാണ്. കാരണം ജീവിതം അവരുടേതാണ്. അതിൽ ഒരു ജ്യോതിഷിയും ഇടപെടാറുമില്ല. ഇടപെടേണ്ട ആവശ്യവുമില്ല. എന്നാൽ ജാതകവുമായി ജ്യോതിഷിയെ സമീപിക്കുന്നവരോട് ശാസ്ത്ര വിധി അനുസരിച്ച് ചേരുമോ ഇല്ലയോ എന്ന് പറയേണ്ട ഉത്തരവാദിത്വം ജ്യോതിഷിക്ക് ഉണ്ട്. എല്ലാ ശസ്ത്രത്തിനെന്ന പോലെ ജ്യോതിശാസ്ത്രത്തിനും പരിമിധികൾ ഉണ്ട്. ജ്യോതിശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്കും മനുഷ്യ സഹജമായ തെറ്റുകൾ സംഭവിക്കാം.

ഇനി ആദ്യം പറഞ്ഞ അഞ്ചപേർ പരിശോധിച്ച ജാതക പൊരുത്തം എന്തായിരിക്കും പരാജയപ്പെടാൻ കാരണം?. ഒന്നാം പ്രതി, ജാതകം പരിശോധിക്കുവാൻ കൊണ്ടു ചെന്ന ആളായിരിക്കാം?. ഒരു പെൺകുട്ടിയുടെ ജാതകവും പത്ത് ആൺകുട്ടികളുടെ ജാതകവും, കൈയിൽ ചുരുട്ടി കൂട്ടി പിടിച്ച ഒരമ്പതിന്റെ നോട്ടുമായി ജ്യോതിഷിയെ സമീപിച്ച്, "സാറെ ഇതൊന്നു വേഗംനോക്കിത്തരണേ എനിക്ക് വേഗം പോകേണ്ടതുണ്ട്" എന്ന് പറഞ്ഞു കൊണ്ടാണ് ജ്യോതിഷിയെ സമീപിക്കുന്നത്. വളരെ സൂക്ഷമതയോടെ പരിശോദ്ധിക്കേണ്ടതാണെന്നും രണ്ടു പേരുടെ ഭാവി ജീവിതത്തിന്റെ പ്രശ്നമാണെന്നുമുള്ള ഗൗരവത്തോടെ സമയമെടുത്ത് ചെയ്യേണ്ട കാര്യമാണ് പൊരുത്തം നോക്കൽ. അത് വരുന്ന ആളും മനസ്സിലാക്കണം. രണ്ടു ജാതകവും വിശദമായി പരിശോദ്ധിച്ച് തൽ സമയത്ത് ലഭിക്കുന്ന നിമിത്തവും ഈശ്വരാനുഗ്രഹവും കൂടിചിന്തിച്ച് വേണം തീരുമാനിക്കുവാൻ. ചില സമയത്ത്, നോക്കുവാൻ കൊണ്ടു വരുന്ന ജാതകങ്ങൾ പോലും തെറ്റായതും ആയിരിക്കും. പക്ഷേ ഗുരുകാരണവ കൃപ കൊണ്ടും നിമിത്തം കൊണ്ടും പലതും തിരിച്ചറിയാൻ സാധിക്കും. ജാതക പരിശോധനക്കുശേഷം കാലോചിതമായ ദക്ഷിണയും നൽകി വേണം ദൈവജ്ഞന്റെ (ജ്യോതിഷിയുടെ) പക്കൽ നിന്നും ജാതകങ്ങൾ തിരികെ വാങ്ങിക്കുവാൻ. ജ്യോതിഷം മായാജാലമോ, അസാധ്യമായത് എല്ലാം സാധിച്ചു തരുന്നതോ ആയ ഒന്നും അല്ല. ജാതകത്തിൽ "പുനർഭൂവാ " എന്ന ദൃഢ കർമ്മ ഫലമുണ്ടെങ്കിൽ അത് അനുഭവിക്ക തന്നെ വേണ്ടി വരും. ഒരുപക്ഷേ പരിഹാരങ്ങൾ ദോഷ ഫലങ്ങൾക്ക് കുറവു വരുത്തിയേക്കാം. എന്നാൽ പൂർണ്ണമായി പരിഹരിക്കപ്പെടണമെന്നില്ല .

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.