ജാതസ്തൌലിനി ശൌണ്ഡികോƒധ്വനിരതോ
ഹൈരണ്യകോ നീചകൃൽ
ക്രൂരസ്സാഹസികോ വിഷാർജ്ജിതധന-
ശ്ശസ്ത്രാന്തഗോƒളിസ്ഥിതേ
സത്പൂജ്യോ ധനവാൻ ധനുർദ്ധരഗതേ
തീക്ഷ്‌ണോ ഭിഷക്കാരുകോ
നീചോƒജ്ഞഃ കുവണിങ് മൃഗേല്പധനവാൻ
ലുബ്ധോന്യഭാഗ്യേ രതഃ
സാരം :-
തുലാം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിച്ചാൽ, മദ്യം കറുപ്പ് കഞ്ചാവ് വെറ്റില പുകയില മുതലായ മദകരദ്രവ്യങ്ങളെ ഉണ്ടാക്കുക വിൽക്കുക മുതലായ പ്രവൃത്തികൊണ്ടോ ആനക്കാരനായിട്ടോ ഉപജീവനം കഴിക്കുന്നവനും, എപ്പോഴും വഴി നടക്കുന്നതിൽ താല്പര്യക്കാരനും, ഏതു നീചപ്രവൃത്തിയും ചെയ്യുന്നവനും, അതിലും വിശേഷിച്ച് സ്വർണ്ണലാഭത്തിനുവേണ്ടി എന്തും പ്രവർത്തിയ്ക്കുന്നവനുമായിരിയ്ക്കും.
വൃശ്ചികം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിച്ചാൽ, തീരെ നിർദ്ദയനും, ഇഷ്ടാനിഷ്ടങ്ങളെ വിചാരിക്കാതെ എന്തും പ്രവർത്തിയ്ക്കുന്നവനും, വിഷദ്രവ്യങ്ങളെ ഉണ്ടാക്കുക അവയെ കച്ചവടം ചെയ്യുക വിഷവൈദ്യനാവുക ഇത്യാദികളിൽ ധനം സമ്പാദിക്കുന്നവനും, സകല ശാസ്ത്രങ്ങളുടേയും മറുകര കണ്ടവനുമായിരിയ്ക്കുന്നതാണ്.
ധനു രാശിയിൽ സൂര്യൻ നിൽക്കുമ്പോഴാണ് ജനിച്ചതെങ്കിൽ, അയാൾക്കു സജ്ജനങ്ങളിൽ നിന്ന് ബഹുമാനം, വളരെ ധനസമ്പത്ത്, ഗുണദോഷവിചാരം ചെയ്യാതെ പെട്ടെന്നു എന്തും പ്രവർത്തിയ്ക്കുന്ന സ്വഭാവം. വൈദ്യശാസ്ത്രത്തിലും ചികിത്സയിലും വൈദഗ്ദ്ധ്യം, ചിത്രമെഴുത്ത് കൊത്തുപണി തുടങ്ങിയ ശില്പികർമ്മങ്ങളിൽ നൈപുണ്യം എന്നീ ഗുണങ്ങളെല്ലാമുണ്ടാവുന്നതാണ്.
സൂര്യൻ മകരം രാശിയിൽ നിൽക്കുമ്പോഴാണ് ജനിച്ചതെങ്കിൽ, നികൃഷ്ടനും അറിവില്ലാത്തവനും ഉപ്പ് മദ്യം കറുപ്പ് കഞ്ചാവ് മുതലായ നിന്ദിതസാധനങ്ങളെ വ്യാപരിയ്ക്കയും അതിനു - കച്ചവടത്തിനു - വേണ്ടി വ്യാജം പറയുകയും ചെയ്യുന്നവനും, കഷ്ടിച്ചു ദിവസവൃത്തി കഴിക്കുവാൻ മാത്രം ധനമുള്ളവനും, ന്യായരഹിതമായിട്ടുപോലും പരദ്രവ്യത്തെ കരസ്ഥമാക്കുവാൻ ശ്രമിയ്ക്കുന്നവനും, അല്ലെങ്കിൽ പിശുക്കനും, അന്യന്റെ സുഖസാധനങ്ങളെക്കൊണ്ടു സുഖിയ്ക്കുവാൻ ആഗ്രഹിക്കുന്നവനുമായിരിയ്ക്കുന്നതാണ്.