സൂര്യൻ കുംഭം മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു / സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിന്നാലത്തെ ഫലം പറയുന്നു

നീചോ ഘടേ തനയഭാഗ്യപരിച്യുതോƒസ്വ-
സ്തോയോത്ഥപണ്യവിഭവോ വനിതാദൃതോƒന്ത്യേ
നക്ഷത്രമാനവതനുപ്രതിമേ വിഭാഗേ
ലക്ഷ്മാദിശേത്തുഹിനരശ്മിദിനേശയുക്തേ.

സാരം :-

ജനനസമയത്തു സൂര്യൻ കുംഭം രാശിയിൽ നിന്നാൽ, തന്റെ കുലത്തിനും അവസ്ഥയ്ക്കും യോജിയ്ക്കാത്ത അധമപ്രവൃത്തി ചെയ്യുക, പുത്രസമ്പത്തും ഇതരന്മാർക്കു തന്നെ ഇഷ്ടവും ഇല്ലാതിരിയ്ക്കുക, വലിയ ദരിദ്രനാവുക ഇതെല്ലാമാണ് അനുഭവിയ്ക്കുക.

ജനനസമയത്തു സൂര്യൻ മീനം രാശിയിൽ നിന്നാൽ വെള്ളത്തിൽ നിന്നുണ്ടാവുന്നതോ, അഥവാ വെള്ളം കാരണമായി ഉണ്ടാവുന്നതോ ആയ സകലസാധനങ്ങളുടേയും സമ്പത്തുള്ളവനും, അവയെ കച്ചവടം ചെയ്യുന്നവനും, സ്ത്രീകൾക്കു വളരെ ഇഷ്ടമുള്ളവനുമായിരിയ്ക്കും.

ഇനി സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിന്നാലത്തെ ഫലമാണ് പറയുന്നത്. ഇവർ - സൂര്യചന്ദ്രന്മാർ - ഒരേ രാശിയിൽ ഒരേ നവാംശകത്തിൽ നിന്നാൽ ഒരുമിച്ചു നിൽക്കുന്ന ആ രാശി ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകത്തിൽ പറഞ്ഞപ്രകാരം നോക്കുമ്പോൾ ശരീരത്തിന്റെ ഏതു ഭാഗത്താണോ വരുന്നത് ആ അവയവത്തിന്മേൽ മറുക് കാക്കപ്പുള്ളി മുതലായ എന്തെങ്കിലും ഒരു അടയാളമുണ്ടെന്നു പറയണം. 

മിഥുനം രാശിയിലാണ് സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിൽക്കുന്നതെങ്കിൽ മാറിടത്തിൽ അടയാളത്തെപ്പറയണമെന്നു താല്പര്യം.

പ്രകൃതശ്ലോകത്തിൽ ഉത്തരാർദ്ധത്തിനു മറ്റൊരർത്ഥവും കൂടി ചിലർ പറഞ്ഞുകാണുന്നുണ്ട്. മുഖവും ഇടത്തെച്ചെവിയും ജനിച്ച നക്ഷത്രത്തിന്റെ അവയവമാകുന്നു. പിന്നെ ഒരു  നക്ഷത്രം കൊണ്ട് ഇടത്തെക്കണ്ണ്‍, പിന്നെ മൂന്ന് കൊണ്ട് ശിരസ്സ്, പിന്നെയും ക്രമത്താലെ ഒന്ന് കൊണ്ട് വലത്തെക്കണ്ണ്‍, ഒന്ന് കൊണ്ട് വലത്തെ ചെവി, പിന്നെ നാലു കൊണ്ട് വലത്തെക്കയ്യ്, പിന്നെ മൂന്നു കൊണ്ട് വലത്തെ കാല്, പിന്നെ അഞ്ചു കൊണ്ടു ഹൃദയം, പിന്നെ ഒന്നു കൊണ്ടു കഴുത്ത്, പിന്നെ നാലു കൊണ്ടു ഇടത്തെകയ്യ്, ഒടുവിൽ മൂന്നു നക്ഷത്രംകൊണ്ട് ഇടത്തെക്കാല് - ഇങ്ങിനെ ജന്മനക്ഷത്രം തുടങ്ങി 27 നക്ഷത്രങ്ങളെ മനുഷ്യശരീരാവയവങ്ങളാക്കി കല്പിക്കുകയാണ് ഇവരുടെ അഭിപ്രായം. ഇങ്ങിനെ നോക്കുമ്പോൾ ഏതു അവയവനക്ഷത്രത്തിന്മേലാണോ സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിൽക്കുന്നത്, അവിടെയാണ് അടയാളത്തെ പറയേണ്ടത്. - 'ശശി, ചന്ദ്രാ, നല, ഹിമകര, ശശി, യുഗ, ഗുണ, ഭൂത ചന്ദ്ര, വേദ, ഗുണാഃ മുഖ, വാമനേത്ര, മസ്തക, ദക്ഷിണദൃക്കർണ്ണ, ഹസ്ത, പാദേഷു, ഹൃൽ, ഗള, വാമകരാംഘ്രിഷു" എന്നും മറ്റും മേൽപ്പറഞ്ഞ നക്ഷത്രാവയവകൽപനയെ സംബന്ധിച്ചു പരാശരഹോരയിൽ പറഞ്ഞുകാണുന്നുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.