സ്ത്രീലോലസ്സുരതോപചാരകുശല-
ശ്ശ്യാമേക്ഷണശ്ശാസ്ത്രവിൽ
ദൂതഃ കുഞ്ചിതമൂർദ്ധജഃ പടുമതിർ-
ഹാസ്യോംഗിതദ്യൂതവിൽ
ചാർവ്വംഗഃ പ്രിയവാക്പ്രഭക്ഷണരതിർ
ഗ്ഗീതപ്രിയോ നൃത്തവിൽ
ക്ലീബൈര്യാതി രതിം സമുന്നതനസ-
ശ്ചന്ദ്രേ തൃതീയർക്ഷഗേ.
സാരം :-
ജനനസമയത്തു മിഥുനം രാശിയിൽ ചന്ദ്രൻ നിന്നാൽ, സ്ത്രീകളിൽ അത്യാസക്തനും കാമക്രീഡകളിൽ വലിയ സമർത്ഥനും ആയിരിയ്ക്കുക, ഏറ്റവും കറുത്ത കൃഷ്ണമണികളുണ്ടാവുക, ശാസ്ത്രങ്ങളിൽ പണ്ഡിതനാവുക, വർത്തമാനങ്ങളും എഴുത്തു മുതലായവയും അന്യന്മാർക്കു എത്തിച്ചുകൊടുക്കുന്നവനാവുക, അഗ്രഭാഗം ചുരുണ്ടിരിയ്ക്കുന്ന തലമുടിയുണ്ടാവുക, അതിയായ ബുദ്ധി സാമർത്ഥ്യവും; പരിഹസിയ്ക്കുക, മറ്റുള്ളവരുടെ അഭിപ്രായം അറിയുക, ചൂതുകളിയ്ക്കുക ഇതുകളിൽ സാമർത്ഥ്യവും ഉണ്ടായിരിയ്ക്കുക, മനോഹരമായ ശരീരമുണ്ടാവുക, സന്തോഷകരമായ വിധം സംസാരിയ്ക്കുക, നല്ല ഭക്ഷണസാധനങ്ങളിലും സംഗീതത്തിലും വലിയ ആഗ്രഹമുണ്ടാവുക, നൃത്തവിദ്യയിൽ പാണ്ഡിത്യമുണ്ടാവുക, തൻകാര്യത്തിനു കൊള്ളരുതാത്തവരുമായി സഹവസിക്കുന്നവനുമാവുക, ഉയർച്ചയുള്ള നാസികയും ഉണ്ടായിരിയ്ക്കുക; ഈ ഫലങ്ങളൊക്കെയാണ് അനുഭവിയ്ക്കുക.