തെരഞ്ഞെടുക്കുന്ന സ്ഥലം മനുഷ്യര്‍ക്കും പശുക്കള്‍ക്കും പൊതുവേ താമസത്തിനുതകുന്ന സ്ഥലമായിരിക്കണം. അതായത് ശുദ്ധജലവും ശുദ്ധവായുവും ആവശ്യത്തിന് ലഭിക്കുന്ന സ്ഥലമായിരിക്കണമെന്നര്‍ത്ഥം. സമനിരപ്പായതോ കിഴക്കോട്ട് അല്പം ചരിവുള്ളതോ ആയ സ്ഥലം സ്വീകാര്യമാണ്. ഫലങ്ങളും പുഷ്പങ്ങളുമുള്ള വൃക്ഷങ്ങള്‍ പറമ്പിലുണ്ടെങ്കില്‍ അത് ശുഭകരമാണ്. മിനുസമുള്ളതും ചവിട്ടിയാല്‍ ഗംഭീരശബ്ദവും വലതുവക്കില്‍ നീരോഴുക്കുള്ളതുമായ ഭൂമി ഉത്തമമാണ്.
വിത്തിട്ടാല്‍ മൂന്നുരാത്രിക്കകം മുളയ്ക്കുന്ന ഭൂമി ഉത്തമവും, നാല് രാത്രിക്കകം മുളയ്ക്കുന്നത് മദ്ധ്യമവും അതിനുശേഷം മുളയ്ക്കുന്നത് അധമവുമാണെന്നാണ് ശാസ്ത്രമതം. അതുപോലെ മറ്റൊരു പരീക്ഷണം കൂടിയുണ്ട്. ഒരു കോല്‍ സമചതുരത്തില്‍ ഒരു കുഴികുഴിച്ച് മണ്ണെടുക്കുക. ആ മണ്ണ് കൊണ്ട് കുഴി നികത്തിയാല്‍ മണ്ണ് മിച്ചം വരുന്നെങ്കില്‍ അത് ഉത്തമവും സമമായി വന്നാല്‍ മാദ്ധ്യമവും, തികയാതെ വന്നാല്‍ അധമവുമായ ഭൂമിയാണ്. വിപരീത ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭൂമി ഉപേക്ഷിക്കണം. ശുഭലക്ഷണങ്ങളും അശുഭലക്ഷണങ്ങളും കൂടികലര്‍ന്ന് കണ്ടാല്‍ നിവൃത്തിയില്ലെങ്കില്‍ സ്വീകരിക്കാം.
ഇനി മറ്റൊരു പരിശോധനാരീതി വിവരിക്കാം. കൈപ്പത്തിയുടെ നീളത്തിലും വീതിയിലും ആഴത്തിലുള്ള ഒരു കുഴി കുഴിക്കുക. സൂര്യാസ്തമയ സമയത്ത് ആ കുഴിയില്‍ വെള്ളം നിറയ്ക്കുക. അടുത്ത ദിവസം സൂര്യോദയസമയത്തും കുഴിയില്‍ വെള്ളം കിടക്കുന്നുവെങ്കില്‍ അത് ശുഭകരമായ ഭൂമിയാണെന്ന് കരുതാം. അതുമല്ലെങ്കില്‍ ഗൃഹം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയില്‍ ഒരു മുഴം മണ്ണ് താഴ്ത്തി കുഴിയെടുക്കുക. ധാന്യം നിറച്ച ഒരു മണ്‍കുടം ആ കുഴിയില്‍ ഇറക്കിവച്ച് മറ്റൊരു മണ്‍പാത്രം കൊണ്ടടച്ച് അതില്‍ നെയ്യോഴിച്ച ശേഷം നാല് ദിശകളിലും വെളുപ്പ്, ചുവപ്പ്, മഞ്ഞ, കറുപ്പ്, എന്നീ നിറങ്ങളുള്ള തിരികള്‍ കത്തിക്കുക. അല്പസമയത്തിന് ശേഷം ഏതു തിരിയാണോ കൂടുതല്‍ പ്രകാശിക്കുന്നത് ആ ന്യായമനുസരിച്ച് ഏത് ഗുണമുള്ള ഭൂമിയാണതെന്ന് മനസ്സിലാക്കാം. എല്ലാ തിരികളും ഒരുപോലെ പ്രകാശിക്കുന്നു ഉണ്ടെങ്കില്‍ സര്‍വ്വഗുണങ്ങളും തികഞ്ഞ ഭൂമിയാണ് അതെന്ന് മനസ്സിലാക്കാം.