Showing posts with label bhoomi. Show all posts
Showing posts with label bhoomi. Show all posts

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?    
   കുജാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ കുജന്‍ വരുന്ന സമയം ഭൂമി, സ്വര്‍ണ്ണം, എന്നിവ ക്രയവിക്രയം ചെയ്യുന്നത് ലാഭകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശിദിക്കില്‍ സുബ്രഹ്മണ്യദര്‍ശനം , രാജദര്‍ശനം ഇവ ശുഭഫലം ചെയ്യും. ഈ ദിക്കില്‍ ഭൂമിസംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിനും, സ്വഗൃഹത്തില്‍ ആ ദിക്കില്‍ പാചകശാല ഏര്‍പ്പെടുത്തുന്നതും, ഐശ്വര്യകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശ്യുദയങ്ങളില്‍ ആ രാശി ദിക്കിലൂടെ പുറപ്പെട്ടാല്‍ ശത്രുക്കളെ ജയിക്കാന്‍ കഴിയും. മറ്റു രാശികളില്‍ കുജന്‍ സഞ്ചരിക്കുന്ന സമയവും, ആ രാശി സമയങ്ങളും അനിഷ്ടങ്ങളും, ദുര്‍ബലങ്ങളുമാണ്.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വാസ്തുവില്‍ ഗൃഹത്തിന്റെ സ്ഥാനം എങ്ങനെ നിര്‍ണ്ണയിക്കാം?

  വാസ്തുവിനെ നാല് ഖണ്ഡങ്ങളായി  തിരിച്ച് അവയില്‍ ഈശ ഖണ്ഡത്തിലോ നിരൃതി ഖണ്ഡത്തിലോ മാത്രമേ ഗൃഹം  നിര്‍മ്മിക്കാവു. ഇവയില്‍ വച്ച് താഴ്ന്ന ഖണ്ഡത്തിലാണ് ഗൃഹം നിര്‍മ്മിക്കേണ്ടത്.

  ഗൃഹനിര്‍മ്മാണത്തിന് നിരൃതി ഖണ്ഡമോ ഈശ ഖണ്ഡമോ നിശ്ചയിച്ചതിനുശേഷം പറമ്പില്‍ വീഥിവിധാനം ചെയ്യണം. എന്നാല്‍ വാസ്തുവിന്റെ മധ്യഭാഗത്ത്‌ വരുന്നത് ബ്രഹ്മവീഥിയും, അതിനടുത്ത് ഗണേശവീഥിയുമാണ്‌. ഗണേശവീഥിയുടെ അടുത്ത് പുറമേയുള്ള അഗ്നി വീഥിയില്‍ ഗൃഹം നിര്‍മ്മിക്കാന്‍ പാടില്ല. അതുകൊണ്ട് ഗൃഹം നിര്‍മ്മിക്കുന്നതിനുള്ള ഖണ്ഡത്തിലെ ബ്രഹ്മ ഗണേശ വീഥികളെ ഒന്നിച്ചുചേര്‍ത്ത് അവിടെയാണ് ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കേണ്ടത്. വാസ്തുവിനെ എട്ട് അംഗങ്ങളാക്കിയതില്‍ ഒരു ഭാഗമോ, ഒമ്പത് അംഗങ്ങളാക്കിയതില്‍ ഒന്നര ഭാഗമോ പത്ത് അംഗങ്ങളാക്കിയത്തില്‍  രണ്ടു ഭാഗങ്ങളോ ബ്രഹ്മ യമ സൂത്രങ്ങളില്‍ നിന്ന് അങ്കണമദ്ധ്യത്തിലേയ്ക്ക് അകലം ഉണ്ടായിരിക്കേണ്ടതാണ്.

  വാസ്തുവിന് വലിപ്പം കുറവാണെങ്കില്‍ ഈ രണ്ടു വീഥികളിലും (ബ്രഹ്മ ഗണേശ വീഥികളില്‍) തന്നെ  ഗൃഹം ഒതുങ്ങാതെ വരുന്നതുകൊണ്ട് അഗ്നിവീഥിയുടെ ദോഷം ജലവീഥികൊണ്ട് തീരുന്നതുകൊണ്ടും ബ്രഹ്മവീതി, ഗണേശവീഥി, അഗ്നിവീഥി, ജലവീഥി എന്നീ നാല് വീഥികളും കൂട്ടിച്ചേര്‍ത്തുവേണം ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍. ഇതുകൊണ്ട് മതിയാകാതെ വരുന്നിടത്ത് ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കണം. അങ്ങിനെ ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കുന്ന പക്ഷം പിശാച വീഥി ഒഴിച്ചുകളയേണ്ടതാണ്‌. ഇതിലും ചെറുതായി വരുന്നിടത്ത് വാസ്തുവിന്റെ മദ്ധ്യത്തില്‍ നിന്നും നിരൃതി ഖണ്ഡത്തിലേയ്ക്കോ ഈശ ഖണ്ഡത്തിലേയ്ക്കോ അങ്കണമദ്ധ്യത്തെ അല്പം നീക്കി ഗൃഹമുണ്ടാക്കാമെന്ന് മുമ്പ് പ്രതിപാദിച്ചിട്ടുള്ളത്.

  ഇപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളില്‍ വാസ്തുപുരുഷന്റെയും വാസ്തുദേവതകളുടേയും സ്ഥാനങ്ങളും കൂടി കല്പിച്ചു കൊള്ളണം.

ചഷാലം എന്നാല്‍ എന്താണ്?

  യാഗകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ യാഗഭൂമിയില്‍ യജ്ഞപശുവിനെ കെട്ടാനായി ഒരു തൂണ്‍ നിര്‍ത്താറുണ്ട്. ഈ തൂണിന്റെ മുകള്‍ഭാഗം അലങ്കരിക്കുന്ന വിറകിന്റെ മൂടിയെ പറയുന്ന പേരാണ് ചഷാലം.

വാസ്തുപുരുഷനെ കുറിച്ചുള്ള സങ്കല്പം എന്ത്?

   വാസ്തുശാസ്ത്രത്തിലെ അദ്ഭുതകരമായ ആശയമാണ് വാസ്തുപുരുഷന്‍. കാലം എന്ന പ്രതിഭാസത്തെ കാലപുരുഷനും, വര്‍ഷം എന്ന പ്രതിഭാസത്തെ സംക്രമപുരുഷനും നിയന്ത്രിക്കുന്നതുപോലെ ഭൂമുഖത്തിലെ ഗൃഹനിര്‍മ്മാണയോഗ്യമായ ഭൂമിഖണ്ഡങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് വാസ്തുപുരുഷനാണ്. വാസ്തു എത്ര ചെറുതായാലും വലുതായാലും അത് നാല് ചുവരുകളാല്‍ വേര്‍തിരിക്കപ്പെട്ടതാണെങ്കില്‍ അതിനെ നിയന്ത്രിക്കുന്ന ഒരു വാസ്തുപുരുഷനുണ്ട്.
   ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പരമാത്മതത്ത്വം പോലെയാണ് ലോകവ്യാപിയായ വാസ്തുതത്ത്വം. ഒരു വസ്തുവിലെ വാസ്തുപുരുഷന്‍ ജീവാത്മാവിനെപ്പോലെ ലോകവാസ്തുപുരുഷന്റെ അംശമാണ്. ജ്യോതിഷത്തില്‍ കാലത്തിനെ കാലപുരുഷന്‍ എന്ന് സങ്കല്‍പ്പിച്ചിരിക്കുന്നത് പോലെ വാസ്തുശാസ്ത്രത്തില്‍ ഓരോ വസ്തുവിന്റേയും നാഥനായി വാസ്തുപുരുഷനെ സങ്കല്‍പ്പിച്ചിരിക്കുന്നു. ഒരു വസ്തുവുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാനായി ഒരു വാസ്തുപുരുഷനുണ്ട്. ഓരോ വസ്തുവിലും വസിക്കുന്ന വാസ്തുപുരുഷന്മാര്‍ ബ്രഹ്മാണ്ഡവ്യാപിയായ മഹാവാസ്തുപുരുഷന്റെ സൂക്ഷ്മരൂപങ്ങളാണ്, പരമാത്മാവും ജീവാത്മാക്കളും പോലെ. ഓരോ വസ്തുവിലും എത്ര ചെറുതായാലും എത്ര വലുതായാലും വാസ്തുപുരുഷന്‍ മുഖം മറച്ച് കമിഴ്ന്ന് കിടക്കുകയാണ്. വാസ്തുപുരുഷന്‍ നിവര്‍ന്നു കിടക്കുന്നതായി വര്‍ണ്ണിച്ചുകാണുന്നുണ്ട്.
  വാസ്‌തുപുരുഷന്‍ എല്ലാ വാസ്തുഭൂഖണ്ഡങ്ങളിലും അത് ചെറുതായാലും വലുതായാലും മഹാവാസ്തുപുരുഷന്റെ പ്രതീകമായി സ്ഥിതിചെയ്യുന്നു. ഓരോ വാസ്തുവിന്റെയും അതില്‍ സ്ഥിതിചെയ്യുന്ന വീട്ടിന്റെയും ആ വീട്ടില്‍ താമസിക്കുന്നവരുടേയും സുഖശാന്തിപൂര്‍ണ്ണമായ ജീവിതത്തിന്റെ ചുമതല ആ വാസ്തുവിന്റെ വാസ്തുപുരുഷനാണ്. വസ്തു ഉള്ളിടത്തോളം കാലം വാസ്തുപുരുഷന്‍ അവിടെത്തന്നെ സ്ഥിതിചെയ്യുന്നു. ഗൃഹനാഥന്‍ വസ്തു മാറിപ്പോയാലും വാസ്തുപുരുഷന്‍ പോകുന്നില്ല.

     അത്യന്തം യുക്തിപൂര്‍ണ്ണമാണെങ്കിലും വാസ്തുപുരുഷനും ഒരു ദിവ്യപരിവേഷം നല്‍കാനാണ് ശ്രമിച്ചുകാണുന്നത്. വാസ്തുശാസ്ത്രത്തിലെ പ്രധാന സങ്കല്‍പമായ വാസ്തുപുരുഷന്റെ ഉദ്ഭവം സൂചിപ്പിക്കുന്നത് മത്സ്യപുരാണത്തിലാണ്. ബൃഹത്സംഹിതയില്‍ വാസ്തുപുരുഷനെ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഒരു വലിയ ജന്തു സ്വന്തം ശരീരം കൊണ്ട് ഭൂമിയേയും ആകാശത്തേയും മറച്ചു. ദേവതകള്‍ ഉടന്‍ തന്നെ ആ ജന്തുവിനെ ഭൂമിക്കഭിമുഖമായി ഭൂമിയോട് ചേര്‍ത്തുപിടിച്ചു. ഏതു ദേവത ഏതു ശരീരാവയവത്തെ അമര്‍ത്തിപ്പിടിച്ചുവോ ആ ദേവത ആ ശരീരഭാഗത്തിന്റെ അധിദേവതയായി കല്‍പ്പിക്കപ്പെട്ടു. ഭൂമിയോടുകൂടി ചേര്‍ത്തുപിടിക്കപ്പെട്ട ജന്തു ആ വസ്തുവിന്റെ സംരക്ഷകനായി കണക്കാക്കപ്പെട്ടു.

ഭൂമിക്കുള്ള ശുഭാശുഭലക്ഷണങ്ങള്‍ എന്തെല്ലാം?

  ഭൂമി കുഴിക്കുമ്പോള്‍ ലഭിക്കുന്ന വസ്തുക്കളെ അടിസ്ഥാനപ്പെടുത്തിയും ഭൂമിയുടെ ഗുണദോഷങ്ങള്‍ വിധിക്കാറുണ്ട്.

  ഭൂമിക്ക് അശുഭലക്ഷണങ്ങളുള്ളതോടൊപ്പം ചില ശുഭലക്ഷണങ്ങളുണ്ട്‌. ഖനനം ചെയ്യുമ്പോള്‍ ആമയുടെ തോട്, ശംഖ്, മുത്തുചിപ്പിയുടെ തോട്, പശുവിന്റെ കൊമ്പ് എന്നിവ ലഭിക്കുന്നത് ശുഭലക്ഷണങ്ങളും കല്ല്‌, ഇഷ്ടികക്കഷ്ണം എന്നിവ കാണുന്നത് ഐശ്വര്യദായകവുമാണ്. ചെമ്പുതകിട് കുഴിക്കുമ്പോള്‍ ലഭിക്കുന്നത് സമ്പദ്സമൃദ്ധി കീര്‍ത്തി എന്നിവയ്ക്കും നാണയങ്ങള്‍ കുഴിക്കുമ്പോള്‍ ലഭിക്കുന്നത് പ്രസാദാത്മക അനുഭവങ്ങള്‍ക്കും കാരണമാകും. 

  എന്നാല്‍ കുഴിക്കുമ്പോള്‍ പാമ്പ്, ചിതല്‍പ്പുറ്റ്, മുട്ട എന്നിവ കാണുന്ന ഭൂമിയില്‍ താമസിക്കുന്നതുമൂലം പല ദുര്യോഗങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. കീറിയ തുണിക്കഷ്ണങ്ങള്‍ കണ്ടാല്‍ മാനസിക സംഘര്‍ഷമാകും ഫലം.

ഭൂമിയുടെ ജാതി നിര്‍ണ്ണയിക്കുന്നത് എങ്ങനെ?

  തുല്യമായ വീതിയും നീളവും ഉള്ളതും കുശപ്പുല്ലുള്ളതുമായ ഭൂമി വിപ്ര (ബ്രാഹ്മണ) വിഭാഗത്തില്‍പ്പെടുന്നു. മണ്ണിന് വെളുത്ത നിറവുമായിരിക്കും. 

  ആറ്റുദര്‍ഭ, വീതിയില്‍ എട്ടിലൊന്നു കൂടി നീളം, ചുവപ്പ് നിറം, രക്തത്തിന്റെ ഗന്ധം, ചവര്‍പ്പുരസം എന്നിവയുള്ള ഭൂമി ക്ഷത്രീയജാതിയില്‍പ്പെട്ടതാണ്. 

  കറുക, വീതിയില്‍ ആറിലൊരുഭാഗം കൂടുതല്‍ നീളം, ചോറിന്റെ മണം, കയ്പുരസം, മഞ്ഞനിറം എന്നിവയോടുകൂടിയ ഭൂമി വൈശ്യ ജാതിയാണ്. 

   അമപ്പുല്ലും, വീതിയില്‍ നാലിലൊന്ന് കൂടുതല്‍ നീളവും കറുപ്പ് നിറവും മദ്യത്തിന്റെ ഗന്ധവും എരിവുരസവുമുള്ള ഭൂമി ശൂദ്രജാതിയില്‍പ്പെട്ടതാണ്.

  ആത്മീയമായ അഭ്യുന്നതിക്ക് നല്ലതാണ് വിപ്രജാതിയില്‍പ്പെട്ട ഭൂമിയില്‍ വസിക്കുന്നത്. ക്ഷേത്രീയജാതിയില്‍പ്പെട്ട ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അധികാരം, ഗാംഭീര്യം എന്നിവ ഉണ്ടാകും. വൈശ്യജാതിയില്‍പ്പെട്ട ഭൂമിയില്‍ വസിച്ചാല്‍ ഭൂമിയുടെ വിസ്താര വര്‍ദ്ധനവ്‌, അഭിവൃദ്ധി എന്നിവ ഉണ്ടാകും. ശൂദ്ര ജാതിയില്‍പ്പെട്ട സ്ഥലത്ത് താമസിക്കുന്നത് കലഹം, അടികലശല്‍ എന്നിവയ്ക്ക് കാരണമാകാമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. 

  ആകൃതി, ഖനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വസ്തുക്കള്‍ എന്നിവയെ അടിസ്ഥാനമാക്കി ചില ഭൂമികളെ അധമഭൂമികളാക്കി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. 

   വൃത്താകൃതി, അര്‍ദ്ധചന്ദ്രാകൃതി, ശൂലാകൃതി, മുറത്തിന്റെ ആകൃതി എന്നിവയുള്ളതും മൂന്ന്, അഞ്ച്, ആറ് എന്നീ കോണുകളോടുകൂടിയതും, ആന, ആമ, മത്സ്യം എന്നിവയുടെ മുതുകുപോലെയുള്ളതും പശുവിന്റെ മുഖംപോലെയുള്ളതുമായ ഭൂമി അധമഭൂമിയാണ്.

  ആദ്യമായി കുഴിച്ചുനോക്കുമ്പോള്‍ ചാരം, കരിക്കട്ട, ഉമി, അസ്ഥി, തലമുടി, ചിതല്‍പ്പുറ്റ് എന്നീ വസ്തുക്കള്‍ കാണുന്നതും നടുഭാഗം കുഴിഞ്ഞിരിക്കുന്നതും ഉള്ളില്‍ പോത്തുള്ളതും ദുര്‍ഗന്ധമുള്ളതും കോണുതിരിയുന്നതുമായ ഭൂമിയും നിന്ദ്യമാണ്. അധമഭൂമികളെ സംസ്കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ആചാര്യന്മാര്‍ അവലംബിക്കാറുള്ള രീതികള്‍ എന്തെല്ലാം?

  തെരഞ്ഞെടുക്കുന്ന സ്ഥലം മനുഷ്യര്‍ക്കും പശുക്കള്‍ക്കും പൊതുവേ താമസത്തിനുതകുന്ന സ്ഥലമായിരിക്കണം. അതായത് ശുദ്ധജലവും ശുദ്ധവായുവും ആവശ്യത്തിന് ലഭിക്കുന്ന സ്ഥലമായിരിക്കണമെന്നര്‍ത്ഥം. സമനിരപ്പായതോ കിഴക്കോട്ട് അല്പം ചരിവുള്ളതോ ആയ സ്ഥലം സ്വീകാര്യമാണ്. ഫലങ്ങളും പുഷ്പങ്ങളുമുള്ള വൃക്ഷങ്ങള്‍ പറമ്പിലുണ്ടെങ്കില്‍ അത് ശുഭകരമാണ്. മിനുസമുള്ളതും ചവിട്ടിയാല്‍ ഗംഭീരശബ്ദവും വലതുവക്കില്‍ നീരോഴുക്കുള്ളതുമായ ഭൂമി ഉത്തമമാണ്. 

  വിത്തിട്ടാല്‍ മൂന്നുരാത്രിക്കകം മുളയ്ക്കുന്ന ഭൂമി ഉത്തമവും, നാല് രാത്രിക്കകം മുളയ്ക്കുന്നത് മദ്ധ്യമവും അതിനുശേഷം മുളയ്ക്കുന്നത് അധമവുമാണെന്നാണ് ശാസ്ത്രമതം. അതുപോലെ മറ്റൊരു പരീക്ഷണം കൂടിയുണ്ട്. ഒരു കോല്‍ സമചതുരത്തില്‍ ഒരു കുഴികുഴിച്ച് മണ്ണെടുക്കുക. ആ മണ്ണ് കൊണ്ട് കുഴി നികത്തിയാല്‍ മണ്ണ് മിച്ചം വരുന്നെങ്കില്‍ അത് ഉത്തമവും സമമായി വന്നാല്‍ മാദ്ധ്യമവും, തികയാതെ വന്നാല്‍ അധമവുമായ ഭൂമിയാണ്‌. വിപരീത ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭൂമി ഉപേക്ഷിക്കണം. ശുഭലക്ഷണങ്ങളും അശുഭലക്ഷണങ്ങളും കൂടികലര്‍ന്ന് കണ്ടാല്‍ നിവൃത്തിയില്ലെങ്കില്‍ സ്വീകരിക്കാം. 

  ഇനി മറ്റൊരു പരിശോധനാരീതി വിവരിക്കാം. കൈപ്പത്തിയുടെ നീളത്തിലും വീതിയിലും ആഴത്തിലുള്ള ഒരു കുഴി കുഴിക്കുക. സൂര്യാസ്തമയ സമയത്ത് ആ കുഴിയില്‍ വെള്ളം നിറയ്ക്കുക. അടുത്ത ദിവസം സൂര്യോദയസമയത്തും കുഴിയില്‍ വെള്ളം കിടക്കുന്നുവെങ്കില്‍ അത് ശുഭകരമായ ഭൂമിയാണെന്ന് കരുതാം. അതുമല്ലെങ്കില്‍ ഗൃഹം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയില്‍ ഒരു മുഴം മണ്ണ് താഴ്ത്തി കുഴിയെടുക്കുക. ധാന്യം നിറച്ച ഒരു മണ്‍കുടം ആ കുഴിയില്‍ ഇറക്കിവച്ച് മറ്റൊരു മണ്‍പാത്രം കൊണ്ടടച്ച് അതില്‍ നെയ്യോഴിച്ച ശേഷം നാല് ദിശകളിലും വെളുപ്പ്‌, ചുവപ്പ്, മഞ്ഞ, കറുപ്പ്, എന്നീ നിറങ്ങളുള്ള തിരികള്‍ കത്തിക്കുക. അല്പസമയത്തിന് ശേഷം ഏതു തിരിയാണോ കൂടുതല്‍ പ്രകാശിക്കുന്നത് ആ ന്യായമനുസരിച്ച്‌ ഏത് ഗുണമുള്ള ഭൂമിയാണതെന്ന് മനസ്സിലാക്കാം. എല്ലാ തിരികളും ഒരുപോലെ പ്രകാശിക്കുന്നു ഉണ്ടെങ്കില്‍ സര്‍വ്വഗുണങ്ങളും തികഞ്ഞ ഭൂമിയാണ്‌ അതെന്ന് മനസ്സിലാക്കാം.

വാസ്തുവില്‍ പഞ്ചഭൂതങ്ങള്‍ക്കുള്ള സ്ഥാനമെന്ത്?

  പഞ്ചഭൂതങ്ങള്‍ അല്ലെങ്കില്‍ അഞ്ച് മൂലധാതുക്കളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം.ഈ പഞ്ചഭൂതങ്ങള്‍ 1. ഭൂമി, 2. ജലം, 3. അഗ്നി, 4. വായു, 5. ആകാശം. 

  പ്രപഞ്ചം പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് അടിസ്ഥാന ഘടകങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് ഘടകങ്ങളെയും വീടിന്റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും ഉള്‍കൊള്ളിക്കുന്നതിനും വാസ്തുശാസ്ത്രം സഹായിക്കുന്നു.

ഭൂമി:-
  ഭൂമി കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട്‌ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ തമ്മില്‍ ആകര്‍ഷണശക്തിമൂലം ചേര്‍ന്ന് ഭൂമി ഇന്നത്തെ ആകൃതിയില്‍ ഉണ്ടായി എന്നുകരുതപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് ഭൂഗോളം അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി തിരിയുവാനാരംഭിച്ചു. കാലക്രമത്തില്‍ അത് പല ഭാഗങ്ങളായി പിളരുവാന്‍ ആരംഭിച്ചു. അതിന്റെ ഭാഗം അതേ പോലെ നിലകൊണ്ടപ്പോള്‍ ഭാഗം ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ അതിനെ ചുറ്റിത്തിരിയുവാന്‍ ആരംഭിച്ചു. അതേപോലെ നിലകൊണ്ട ഭാഗം സൂര്യനായും ചുറ്റിത്തിരിയുന്ന ഭാഗം ഒന്‍പതുഗ്രഹങ്ങളായും വിഘടിച്ച് രൂപം പ്രാപിച്ചു. ഇവയില്‍ ഒന്ന് ഭൂമിയാണ്‌.

ജലം :-
  ജലം അന്തരീക്ഷത്തിലെ കാര്‍മേഘം ഘനീഭവിച്ച് ജലകണികകള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു. ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് ജലം.

അഗ്നി :-
  അഗ്നി ആറ്റങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം മൂലം ഭൂമി ഗോളാകൃതി പ്രാപിച്ചു. ആറ്റങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമ്പോള്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്നു. സൂര്യനില്‍ താപം ഉല്‍പാദിക്കപ്പെടുന്നത് താപ ആറ്റോമിക പ്രവര്‍ത്തനം വഴിയാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് ഭൂമിക്ക് ആവശ്യമായ താപം ലഭിക്കുന്നത്.

വായു :-
  ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് വായു. ഭൂമിയെ ചുറ്റി സ്ഥിതിചെയ്യുന്ന അന്തരീക്ഷത്തിന്റെ പ്രധാന ഭാഗമാണ് വായു.

ആകാശം :-
  ആകാശം അന്തമില്ലാതെ പരന്നു കിടക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം മുഴുവന്‍ ഒരു സ്ഫോടകവസ്തു നിറഞ്ഞിരുന്നു എന്നും ഒരു സ്ഫോടനത്തിന്റെ ഫലമായി ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും ഉപരിയായാണ് ആകാശത്തിന്റെ നിലനില്‍പ്പ്‌.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.