വാസ്തുവിദ്യാവിദഗ്ദ്ധനെയാണ് ' ശില്പി ' എന്ന് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ഥപതി (മൂത്താശാരി), സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ദ്ധകി എന്നിങ്ങനെ ശില്പിയെ നാലായി തിരിക്കുന്നു.
സ്ഥാപനകര്‍മ്മം ചെയ്യുന്നവനാണ് സ്ഥപതി. വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതും സ്ഥപതിയാണ്.
"സര്‍വ്വശാസ്ത്രങ്ങളിലും നിപുണനും, ഗൃഹനിര്‍മ്മാണോചിതങ്ങളായ പ്രവൃത്തികളില്‍ സമര്‍ത്ഥനും, നല്ല ഓര്‍മ്മശക്തിയുള്ളവനും മനഃശുദ്ധി, കര്‍മ്മനിഷ്ഠ എന്നിവയുള്ളവനും, മദമത്സരാദിദോഷങ്ങളില്ലാത്തവനും സത്യസന്ധനുമായിരിക്കണം സ്ഥപതി. സ്ഥാനം കാണുക, ഉത്തരം തുടങ്ങിയവ വയ്ക്കുക, വാസ്തു ബലി നടത്തുക, എന്നിവയെല്ലാം സ്ഥപതിയുടെ ധര്‍മ്മമാണ് ".
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാളാണ് സൂത്രഗ്രാഹി, സ്ഥപതിയുടെ നിര്‍ദ്ദേശാനുസരണമാണ് സൂത്രഗ്രാഹി പ്രവര്‍ത്തിക്കുന്നത്. സൂത്രഗ്രാഹി (ചരടുപിടിക്കുന്നവന്‍) എന്ന പദത്തിനര്‍ത്ഥം ' സൂത്രം ഗ്രഹിക്കുന്നവന്‍ ' എന്നാണ്. ഇദ്ദേഹം സ്ഥപതിക്ക് തുല്യമായ ഗുണവിശേഷമുള്ളവനോ, സ്ഥപതിയുടെ പുത്രനോ, ഉത്തമ ശിഷ്യനോ ആകാം. കെട്ടിടത്തിന്റെ ചരിവും മറ്റും പരിശോധിക്കുക, കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. എന്നതെല്ലാം സൂത്രഗ്രാഹിയുടെ ജോലിയാണ്.
കല്ല്, മരം എന്നിവയെ വേണ്ട പോലെ ഉപയോഗക്ഷമമാക്കുന്നയാളാണ് തക്ഷകന്‍.
കല്ല്, മരം മുതലായവയെ പണിചെയ്ത് അന്യോന്യം കൂട്ടിയിണക്കുന്നത് വര്‍ദ്ധകിയുടെ കര്‍ത്തവ്യമാണ്. ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഭിത്തികെട്ടുന്ന കല്ലാശാരിയും വര്‍ദ്ധകിയുമാണ്. മേല്‍പ്പറഞ്ഞ നാലുകൂട്ടരേയും യഥായോഗ്യം സന്തോഷിപ്പിക്കണമെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.