തുല്യമായ വീതിയും നീളവും ഉള്ളതും കുശപ്പുല്ലുള്ളതുമായ ഭൂമി വിപ്ര (ബ്രാഹ്മണ) വിഭാഗത്തില്‍പ്പെടുന്നു. മണ്ണിന് വെളുത്ത നിറവുമായിരിക്കും.
ആറ്റുദര്‍ഭ, വീതിയില്‍ എട്ടിലൊന്നു കൂടി നീളം, ചുവപ്പ് നിറം, രക്തത്തിന്റെ ഗന്ധം, ചവര്‍പ്പുരസം എന്നിവയുള്ള ഭൂമി ക്ഷത്രീയജാതിയില്‍പ്പെട്ടതാണ്.
കറുക, വീതിയില്‍ ആറിലൊരുഭാഗം കൂടുതല്‍ നീളം, ചോറിന്റെ മണം, കയ്പുരസം, മഞ്ഞനിറം എന്നിവയോടുകൂടിയ ഭൂമി വൈശ്യ ജാതിയാണ്.
അമപ്പുല്ലും, വീതിയില്‍ നാലിലൊന്ന് കൂടുതല്‍ നീളവും കറുപ്പ് നിറവും മദ്യത്തിന്റെ ഗന്ധവും എരിവുരസവുമുള്ള ഭൂമി ശൂദ്രജാതിയില്‍പ്പെട്ടതാണ്.
ആത്മീയമായ അഭ്യുന്നതിക്ക് നല്ലതാണ് വിപ്രജാതിയില്‍പ്പെട്ട ഭൂമിയില്‍ വസിക്കുന്നത്. ക്ഷേത്രീയജാതിയില്‍പ്പെട്ട ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അധികാരം, ഗാംഭീര്യം എന്നിവ ഉണ്ടാകും. വൈശ്യജാതിയില്‍പ്പെട്ട ഭൂമിയില്‍ വസിച്ചാല്‍ ഭൂമിയുടെ വിസ്താര വര്‍ദ്ധനവ്, അഭിവൃദ്ധി എന്നിവ ഉണ്ടാകും. ശൂദ്ര ജാതിയില്‍പ്പെട്ട സ്ഥലത്ത് താമസിക്കുന്നത് കലഹം, അടികലശല്‍ എന്നിവയ്ക്ക് കാരണമാകാമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.
ആകൃതി, ഖനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വസ്തുക്കള്‍ എന്നിവയെ അടിസ്ഥാനമാക്കി ചില ഭൂമികളെ അധമഭൂമികളാക്കി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
വൃത്താകൃതി, അര്‍ദ്ധചന്ദ്രാകൃതി, ശൂലാകൃതി, മുറത്തിന്റെ ആകൃതി എന്നിവയുള്ളതും മൂന്ന്, അഞ്ച്, ആറ് എന്നീ കോണുകളോടുകൂടിയതും, ആന, ആമ, മത്സ്യം എന്നിവയുടെ മുതുകുപോലെയുള്ളതും പശുവിന്റെ മുഖംപോലെയുള്ളതുമായ ഭൂമി അധമഭൂമിയാണ്.
ആദ്യമായി കുഴിച്ചുനോക്കുമ്പോള്‍ ചാരം, കരിക്കട്ട, ഉമി, അസ്ഥി, തലമുടി, ചിതല്‍പ്പുറ്റ് എന്നീ വസ്തുക്കള്‍ കാണുന്നതും നടുഭാഗം കുഴിഞ്ഞിരിക്കുന്നതും ഉള്ളില്‍ പോത്തുള്ളതും ദുര്‍ഗന്ധമുള്ളതും കോണുതിരിയുന്നതുമായ ഭൂമിയും നിന്ദ്യമാണ്. അധമഭൂമികളെ സംസ്കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നുണ്ട്.