തുളസി എന്ന ദേവസസ്യത്തെക്കുറിച്ച് പാപനാശകാരണമായ ഒട്ടനവധികഥകള്‍ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. കലിയുഗത്തില്‍ മനുഷ്യന്‍റെ പാപമുക്തിക്ക് ഏറ്റവും പ്രയോജനകരമായ വൈഷ്ണവസേവയാണ് തുളസീപരിചരണം. പാപം നശിക്കാനും കാമനകള്‍ (മോഹങ്ങള്‍) ഏതുതന്നെ ആയാലും അവ സാധിക്കുവാനും തുളസി വരം ഏറെ ഉത്തമമാണ്. വീടിനുചുറ്റും തുളസിനട്ടുപിടിപ്പിച്ച് ശുദ്ധമായി പരിചരിച്ചാല്‍, ആ വീട്ടില്‍ ദുര്‍മരണങ്ങള്‍ സംഭവിക്കില്ല. തുളസി നട്ടുവളര്‍ത്തുന്നവര്‍ക്ക് യമലോകം കാണേണ്ടിവരില്ല. ഏഴ് പുണ്യനദികളും സകലദേവതാമൂര്‍ത്തികളും തുളസിയില്‍ സാന്നിദ്ധ്യം കൊള്ളുന്നു. തുളസി നടുക, സംരക്ഷിക്കുക, ദര്‍ശിക്കുക, സ്പര്‍ശിക്കുക എന്നത് പാപഹരമാണ്. തുളസി ഇലയില്‍ പറ്റിയിരിക്കുന്ന മണ്ണ് ദേഹത്ത് പൂശുന്നതും തുളസി ചുവട്ടിലെ മണ്ണ് നെറ്റിയില്‍ തിലകമായി ചാര്‍ത്തുന്നതും സര്‍വ്വദുഃഖഹരമാണ്. ദ്വാദശിദിനത്തില്‍ തുളസിയില പറിക്കുന്നത് ദോഷമാണ്. ദ്വാദശി ഒഴിച്ചുള്ള മറ്റ് ദിനങ്ങളില്‍ തുളസിയില വിഷ്ണുപൂജയ്ക്ക് ഉത്തമമാണ്. തുളസിക്ക് വെള്ളം ഒഴിക്കുന്നതിന് തുളസി അഭിഷേകം എന്നാണ് പറയുക. തുളസിച്ചെടിക്ക് വെള്ളം ഒഴിക്കുമ്പോള്‍ നാരായണമന്ത്രം ജപിക്കുന്നത് മഹാപാപങ്ങളെ ശമിപ്പിക്കും.
ഋഷിവര്യനായ ഗര്‍ഗ്ഗാചാര്യന്‍ രാധയ്ക്ക് കൃഷ്ണനാടുള്ള തന്‍റെ പ്രേമ പൂര്‍ത്തീകരണത്തിനായി പറഞ്ഞുനല്‍കിയ മാര്‍ഗ്ഗമാണ് തുളസീസേവനം. ശ്രീകൃഷ്ണപ്രീതിക്ക് ഇതിലും വലുതായി മറ്റൊന്നില്ല. തുളസിദളങ്ങള്‍ ഭഗവത് അര്‍ച്ചനയ്ക്കായി നല്‍കുക. ഇപ്രകാരമുള്ള തുളസിഭക്തി കമിതാവിന്‍റെ കാമം പൂര്‍ത്തീകരിക്കും. തുളസി നട്ടുവളര്‍ത്തുമ്പോള്‍, അതിന്‍റെ ശാഖകളും ദളങ്ങളും പുഷ്പങ്ങളും വര്‍ദ്ധിക്കുന്നതനുസരിച്ച് സേവകനില്‍ കാമപൂര്‍ത്തിയും വന്നുചേരും. തുളസീസേവയെ ഹരിതോഷണം (ഹരിപ്രീതി) എന്നാണ് പറയുന്നത്.
തുളസിസേവ ആരംഭിക്കേണ്ടത് അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് (മദ്ധ്യാഹ്നം). തുളസിത്തറ നിര്‍മ്മിച്ച് ചെറിയ തുളസിച്ചെടികള്‍ നട്ടുപിടിപ്പിച്ച്, വെള്ളമൊഴിച്ച് വളര്‍ത്തുക, മൂന്നുമാസം നീളുന്നതാണ് ഈ വ്രതം. വ്രതം അവസാനിപ്പിക്കേണ്ടത് പൗര്‍ണ്ണമിനാളിലായിരിക്കണം. നട്ടുവളര്‍ത്തിയ തുളസിച്ചെടിയുടെ വളര്‍ച്ചയില്‍നിന്നും പ്രേമത്തിന്‍റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാനാവും. നട്ട തുളസിച്ചെടികളെല്ലാം നന്നായി വളര്‍ന്നാല്‍, ഈ ബന്ധത്തിന് ഈശ്വരാധീനമുള്ളതായി വിശ്വസിക്കാം. ചെടി കരിഞ്ഞുപോവുകയോ, മുരടിച്ചുപോവുകയോ ചെയ്താല്‍ ഈ പ്രേമബന്ധം വിധി വിപരീതമായികരുതാം. പാകമെത്തിയിട്ടും തുളസി പൂക്കാതിരുന്നാല്‍ സന്താനക്ലേശത്തെ സൂചിപ്പിക്കുന്നു. ഇപ്രകാരമെല്ലാം ലക്ഷണശാസ്ത്രം പറയുന്നു. കാര്യങ്ങള്‍ തീരുമാനമെടുക്കാന്‍ തുളസിയില ഇട്ടുനോക്കുന്ന ചടങ്ങ് ഇന്നും വിശ്വാസികളില്‍ നിലനില്‍ക്കുന്നു എന്നതുമാത്രംമതി തുളസിയുടെ ഈശ്വരാധീനം തിരിച്ചറിയാന്‍.