കര്‍മ്മം-വേദത്തില്‍ വിധിച്ചിട്ടുള്ള സന്ധ്യാവന്ദനം മുതലായ നിത്യകര്‍മ്മങ്ങളും പിതൃകര്‍മ്മങ്ങളും സത്ത്വഗുണം നിറഞ്ഞതാണ്. നമ്മളിലും ആ ഗുണം പകര്‍ന്നുകിട്ടും. ധനം, ധാന്യങ്ങള്‍, മക്കള്‍, ഐശ്വര്യം ഇവയ്ക്കുവേണ്ടി ചെയ്യുന്ന ഏതു കര്‍മ്മവും രജോഗുണം വര്‍ധിപ്പിക്കും. ശത്രുസംഹാരഹോമവും രക്ഷസ്സുകളെയും, പിശാചുക്കളെയും ഭജിക്കുക. ഇവ തമോഗുണ കര്‍മ്മങ്ങളാണ്. അവ ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും നമ്മെ പരാജയപ്പെടുത്തും.
ജന്മ ച- ശാസ്ത്രപ്രകാരം വ്രതം എടുത്ത്, നിശ്ചിതകാലം കഴിഞ്ഞാല്‍ ആ വ്യക്തി രണ്ടാമത് ജനിക്കുകയാണ് ചെയ്യുന്നത്. ആ വ്രതത്തിന് വൈദികം- (വേദത്തില്‍ വിധിച്ചത്) താന്ത്രികം (തന്ത്രശാസ്ത്രങ്ങളില്‍ വിധിച്ചത്) സ്മാര്‍ത്തം (സ്മൃതികളില്‍ വിധിച്ചത്) എന്നിങ്ങനെ മൂന്ന് ഭേദങ്ങള്‍ ഉണ്ട്. ആത്മീയമായ ഉന്നതിക്ക് സഹായിക്കുന്നവ സാത്വികമാണ്. വിഷ്ണുഭഗവാനെ കേന്ദ്രീകരിച്ചുള്ള വ്രതം- വൈഷ്ണവ ദീക്ഷ അത് സാത്ത്വികമാണ്. ശാക്തേയ തന്ത്രപ്രകാരമുള്ള വ്രതം രാജസവും യക്ഷ-രക്ഷഃ-പിശാചുക്കളെ കേന്ദ്രീകരിച്ചുള്ള വ്രതം താമസവുമാണ്. നാം രാജസ-താമസങ്ങള്‍ ഉപേക്ഷിക്കണം.
ധ്യാനം- നാം മനസ്സില്‍ ചിന്തിച്ചതിനുശേഷം പറയുന്നു, പിന്നെ പ്രവര്‍ത്തിക്കുന്നു. ഇത് വേദത്തിന്റെ പ്രഖ്യാപനമണ്. ഇതാ ശ്രുതി വാക്യം- ''യദ്വൈ മനസമധ്യായതി, തദ്‌വാചാവദതി'' (മനസ്സുകൊണ്ട് എന്തു ധ്യാനിക്കുന്നുവോ, അതു വാക്കുകൊണ്ട് പറയുന്നു.) പക്ഷേ നമ്മള്‍ അങ്ങനെ ശീലിക്കുന്നതേ ഇല്ല. നമ്മള്‍ കണ്ടിട്ടുണ്ടാകും. ഗുരുവായൂരപ്പന്റെ മുന്‍പില്‍ തൊഴുതുനില്‍ക്കുന്ന വ്യക്തി ചിലപ്പോള്‍, നാക്കുകൊണ്ട് നാമം ജപിക്കുന്നുണ്ടാവാം. പക്ഷേ, മനസ്സില്‍ ധ്യാനിക്കുന്നത്, തലേ ദിവസം രാത്രി ട്രെയിനില്‍ കണ്ട വല്ല സംഭവവുമായിരിക്കാം. ചിലപ്പോള്‍ വല്ല സ്ത്രീകളെയോ വേഷങ്ങളെയോ ഭൂഷണങ്ങളെയോ പുതിയ വാഹനങ്ങളെയോ ആയിരിക്കും. ഇത് രജോഗുണത്തെ വര്‍ധിപ്പിക്കും; തീര്‍ച്ച.
മറ്റു ചിലപ്പോള്‍ നമുക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ശത്രുക്കളെയോ അവരുടെ ദ്രോഹങ്ങളെയോ ആയിരിക്കും ചിന്തിക്കുക. ഇതു തമോഗുണത്തെയാണ് വര്‍ധിപ്പിക്കുക. ലൗകികമോ വൈദികമോ താന്ത്രികമോ ആത്മീയമോ ആയ ഏതു കര്‍മ്മം ചെയ്യുമ്പോഴും ഭഗവാനെത്തന്നെ ധ്യാനിക്കുക. ഭഗവാനോട് ബന്ധപ്പെട്ട വസ്തുക്കളെ തന്നെ ചിന്തിക്കുക. ഭഗവാനാണ് എല്ലാ കര്‍മ്മങ്ങളുടെയും കേന്ദ്രം എന്ന് ഗീതയും ഭാഗവതവും ഉറപ്പിച്ചു പറയുന്നു. കാരണം അതു സാത്ത്വിക ഗുണത്തെ വര്‍ധിപ്പിക്കുന്നതാണ്.
മന്ത്രഃ
ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്ന മന്ത്രം സാത്വികമാണോ, രാജസമാണോ, താമസമാണോ എന്ന് ആചാര്യന്മാര്‍ ശ്രദ്ധിക്കേണ്ടതാണ്. ഉപദേശം സ്വീകരിക്കുന്ന ശിഷ്യന്മാരും ആലോചിക്കണം. ''പ്രണവഃ സര്‍വവേദേഷു'' എന്ന് ഭഗവാന്‍, തന്നെ വിവരിക്കുന്നുണ്ടല്ലോ. പ്രണവത്തില്‍ എല്ലാ ശബ്ദങ്ങളും ഉള്‍ക്കൊള്ളുന്നു. വൈദിക സൂക്തങ്ങള്‍ ജപിക്കുമ്പോള്‍ ആദ്യം പ്രണവം ചേര്‍ത്തു ജപിക്കണം. കാരണം, പ്രണവം സത്ത്വഗുണം നിറഞ്ഞതാണ്. ആ സൂക്തങ്ങളെ സത്ത്വഗുണപൂര്‍ണമാക്കി മാറ്റാന്‍ വേണ്ടിയാണ് ആദ്യം പ്രണവം ചേര്‍ക്കുന്നത്. ഭഗവാന്റെ അഷ്ടാക്ഷര മന്ത്രത്തില്‍ പ്രണവം ഉള്‍പ്പെടുന്നതുകൊണ്ട്, ആദ്യം പ്രണവം ചേര്‍ക്കേണ്ടതില്ല. മഹാദേവന്റെ പഞ്ചാക്ഷരമന്ത്രത്തില്‍ പ്രണവം ഉള്‍പ്പെടാത്തതുകൊണ്ട്, ആദ്യം പ്രണവം ചേര്‍ത്ത് ജപിക്കുന്നു. എങ്കിലേ, സാത്ത്വികമായി തീരുകയുള്ളൂ. മന്ത്രങ്ങള്‍ ഗുരുമുഖത്തില്‍നിന്ന് ശിഷ്യന്‍ സ്വീകരിക്കണം.
മന്ത്രശാസ്ത്രങ്ങളില്‍, മറ്റുള്ളവരെ വശീകരിക്കാന്‍ വേണ്ടിയും ധനധാന്യ സമൃദ്ധിക്കുവേണ്ടിയും ദേവതകള്‍ സന്തോഷിച്ച് ഇഷ്ടവരം നല്‍കാന്‍വേണ്ടിയും വിവിധ ദേവതകളെ സംബന്ധിച്ച മന്ത്രങ്ങള്‍ ധാരാളം കാണാം. അവയെല്ലാം കാമ്യമന്ത്രങ്ങളാണ്; അതിനാല്‍ രജോഗുണം വര്‍ധിപ്പിക്കുന്നവയാണ്. നമ്മുടെ ആത്മീയ പദപ്രാപ്തിക്ക് അവ സഹായകങ്ങളല്ല; തടസ്സം സൃഷ്ടിക്കുന്നവയാണ്. അതിനാല്‍ ഉപേക്ഷിക്കണം.
ദേവതകളെ-യക്ഷ രക്ഷഃ പിശാചുക്കളെ-പ്രസാദിപ്പിക്കുന്ന മന്ത്രങ്ങള്‍ തമോഗുണം നിറഞ്ഞവയാണ്. അവ സ്വീകരിച്ചാല്‍, പരമപദത്തില്‍ എത്താനുള്ള വഴിയില്‍ ഒരടിപോലും മുന്നോട്ടുവക്കാന്‍ കഴിയില്ല. അത്തരം മന്ത്രങ്ങള്‍ ആരെങ്കിലും ജപിക്കുന്നതു കേള്‍ക്കാന്‍പോലും പാടില്ല.