ഈശ്വരനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു പ്രയത്‌നിക്കേണ്ട ആവശ്യമുണ്ടോ?

പ്രയത്‌നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്തുവാന്‍ കഴിയില്ല. പ്രയത്‌നം ചെയ്യുവാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക അതു് അലസതയുടെ ലക്ഷണമാണു്. എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ടു്. എങ്കിലും, അവര്‍ക്കതില്‍ പൂര്‍ണ്ണസമര്‍പ്പണം കാണാറില്ല. പ്രയത്‌നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും; എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്നു മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്തു് ഈശ്വരന്‍ കൊണ്ടുത്തരട്ടേ എന്നു ചിന്തിച്ചു ക്ഷമയോടെ കാത്തിരിക്കാറില്ല. വിശപ്പിൻ്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണു്.

നമ്മുടെ എല്ലാ കാര്യങ്ങളിലും ഈശ്വരനു പ്രത്യേക ശ്രദ്ധയുണ്ടു്. ഇതിൻ്റെ അര്‍ത്ഥം കര്‍മ്മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയും കെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല. നമുക്കു് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്കിയിരിക്കുന്നതു മടിയന്മാരായിരുന്നു ജീവിതം പാഴാക്കുവാനല്ല. അവിടുത്തെ നിര്‍ദ്ദേശമനുസരിച്ചു പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. തീകൊണ്ടു പുരയും കത്തിക്കാം, ആഹാരവും പാകം ചെയ്യാം. അതുപോലെ ഈശ്വരന്‍ തന്നിരിക്കുന്ന ഈ ഉപാധികളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം. പ്രയത്‌നിക്കേണ്ട സമയത്തു്, പ്രയത്‌നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്‌നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്നു ഗുരുവിൻ്റെ അടുത്തെത്തി. ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ഈശ്വരനോടു ദേഷ്യമായി. വളരെ ഗൗരവത്തില്‍ ഗുരുവിനോടു പറഞ്ഞു ”ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ചു ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ടു്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടതെല്ലാം ലഭിക്കുമെന്നു്. ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിനു് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതു തന്നെ തെറ്റായിപ്പോയി.”
ഗുരു പറഞ്ഞു ”നിനക്കു ഞാന്‍ ഒരു ലക്ഷം രൂപ തരാം. നിൻ്റെ കണ്ണു് എനിക്കു തരുമോ”?
ശിഷ്യന്‍ പറഞ്ഞു, ”കണ്ണു പോയാല്‍ എൻ്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?
”എങ്കില്‍ കണ്ണു വേണ്ട, നിൻ്റെ നാക്കു തരുമോ?”
”നാക്കു തന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?”
”എങ്കില്‍ നിൻ്റെ കൈ തരുമോ? അതു പറ്റിയില്ലെങ്കില്‍ കാലു തന്നാല്‍ മതി. ഒരു ലക്ഷം രൂപ തരാം.”
”രൂപയെക്കാള്‍ വിലയുള്ളതാണു ശരീരം. അതു നഷ്ടപ്പെടുത്തുവാന്‍ ആരെങ്കിലും തയ്യാറാകുമോ?”
ശിഷ്യൻ്റെ മനോഭാവം അറിഞ്ഞ ഗുരു പറഞ്ഞു ”നിൻ്റെ ഈ ശരീരം എത്രയോ ലക്ഷം രൂപ വിലയുള്ളതാണു്. ഇതു് നിനക്കു് ഈശ്വരന്‍ തന്നതു യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. വിലമതിക്കാനാവാത്ത ഈ ശരീരം നിനക്കു ഈശ്വരന്‍ നല്കിയിരിക്കുന്നതു മടി പിടിച്ചിരിക്കുവാനല്ല; ശ്രദ്ധാപൂര്‍വ്വം കര്‍മ്മം ചെയ്തു ജീവിക്കുവാനാണു്.

തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ടതു് ആചരണത്തിലൂടെ ആയിരിക്കണം. പ്രസംഗംകൊണ്ടു മാത്രം തത്ത്വം പ്രചരിപ്പിക്കാന്‍ കഴിയില്ല. പ്രസംഗമല്ല പ്രവൃത്തിയാണാവശ്യം. സംസാരിച്ചു കളയുന്ന സമയം മതി, അതു പ്രാവര്‍ത്തികമാക്കുവാന്‍. സമൂഹത്തില്‍ നിലയും വിലയുമുള്ളവരുടെ ചെയ്തികളാണു സാധാരണക്കാര്‍ അനുകരിക്കുന്നതു്. അതിനാല്‍ ഉന്നതപദവിയിലിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം.

ഒരു രാജ്യത്തിലെ മന്ത്രി, ഒരു ഗ്രാമമുഖ്യൻ്റെ വീട്ടില്‍ അതിഥിയായി എത്തി. ആ രാജ്യത്തിലെ ഏറ്റവും അധികം അഴുക്കുനിറഞ്ഞ ഒരു ഗ്രാമമായിരുന്നു അതു്. റോഡുകളിലും കവലകളിലും ചപ്പു ചവറുകള്‍ കുന്നുകൂടിക്കിടന്നിരുന്നു. ഓടകളില്‍ അഴുക്കുവെള്ളം കെട്ടിനിന്നു. എവിടെയും ദുര്‍ഗന്ധം. ഗ്രാമം ഇത്ര വൃത്തികേടായി കിടക്കുന്നതിൻ്റെ കാരണം മന്ത്രി ചോദിച്ചു. ഗ്രാമമുഖ്യന്‍ പറഞ്ഞു ‘ഇവിടുത്തെ ജനങ്ങള്‍ക്കു സംസ്‌കാരം വളരെ കുറവാണു്. ഒരു വൃത്തിയുമില്ല. പരിസരം വൃത്തിയായി കിടക്കണം എന്നുകൂടി അവര്‍ക്കറിയില്ല. എത്ര പറഞ്ഞുകൊടുത്താലും അനുസരിക്കില്ല. മടിയന്മാരാണു്. അവരെക്കൊണ്ടു ഞാന്‍ മടുത്തു. എവിടെയും നാറുന്ന ചപ്പും ചവറുമാണു്.” ഇങ്ങനെ ജനങ്ങളെ ദുഷിച്ചുകൊണ്ടു ഗ്രാമത്തലവന്‍ സംസാരിച്ചു. മന്ത്രി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞു് ഉറങ്ങുന്നതിനായി കിടന്നു.

അടുത്ത ദിവസം വെളുപ്പിനു്, ഗ്രാമമുഖ്യന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ മന്ത്രിയെ കാണാനില്ല. വീട്ടില്‍ എല്ലായിടവും അന്വേഷിച്ചു. കണ്ടില്ല. പരിഭ്രമമായി. അവസാനം അന്വേഷിച്ചു ചെല്ലുമ്പോള്‍ ഒരു കവലയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടു മന്ത്രി തീ കത്തിക്കുകയാണു്. അതു കണ്ടപ്പോള്‍ ഗ്രാമമുഖ്യനു വെറുതെ നില്ക്കുവാന്‍ കഴിഞ്ഞില്ല. ”മന്ത്രി ജോലി ചെയ്യുമ്പോള്‍ ഞാന്‍ എങ്ങനെ വെറുതെ നോക്കിനില്ക്കും?” ഗ്രാമമുഖ്യനും മന്ത്രിയുടെ സഹായത്തിനെത്തി. രാവിലെ ജനങ്ങള്‍ ഉണര്‍ന്നു നോക്കുമ്പോള്‍ രാജ്യത്തിലെ മന്ത്രിയും തങ്ങളുടെ ഗ്രാമമുഖ്യനും തെരുവു വൃത്തിയാക്കുന്നതാണു കണ്ടതു്. അവര്‍ അദ്ഭുതപ്പെട്ടു! മന്ത്രിയും ഗ്രാമമുഖ്യനും ജോലി ചെയ്യുമ്പോള്‍ എങ്ങനെ കാഴ്ചക്കാരായി മാറിനില്ക്കും? എല്ലാവരും സന്തോഷത്തോടെ അവരോടൊപ്പം പണിക്കു ചേര്‍ന്നു. ഓടകള്‍ വൃത്തിയായി. റോഡുകളിലെ ചപ്പുചവറുകള്‍ നീങ്ങി. ആ ഗ്രാമം മുഴുവന്‍ വെടിപ്പായി. വളരെ വേഗം ഗ്രാമത്തിൻ്റെ മുഖഛായതന്നെ മാറി. മന്ത്രി ഓട വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ അതുവരെ, കുറ്റം മാത്രം പറയാന്‍ അറിയാമായിരുന്ന ഗ്രാമമുഖ്യനും ജോലി ചെയ്യുവാന്‍ മടി ഉണ്ടായില്ല. തങ്ങളുടെ മന്ത്രിയും ഗ്രാമമുഖ്യനും പണിയെടുക്കുന്നതു കണ്ടപ്പോള്‍, പരിസരത്തെ ഒരു കരിയിലകൂടി മാറ്റുവാന്‍ മടിച്ചിരുന്ന ജനങ്ങളും അദ്ധ്വാനത്തിനു തയ്യാറായി.

മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സമയം വേണ്ട, പ്രവര്‍ത്തിച്ചു കാട്ടിക്കൊടുക്കുവാന്‍. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്നു നോക്കാതെ, സ്വയം ചെയ്യുവാന്‍ തയ്യാറാകണം. അപ്പോള്‍ നമ്മളെ സഹായിക്കാന്‍ ആളുണ്ടാകും. മറിച്ചു്, കുറ്റം പറയാന്‍ നിന്നാല്‍, നമ്മളോടൊപ്പം മറ്റുള്ളവരുടെ മനസ്സുകൂടി ദുഷിക്കുന്നു. പ്രയോജനവുമില്ല. അതിനാല്‍ മക്കളേ, നമുക്കു വാക്കല്ല, പ്രവൃത്തിയാണാവശ്യം. അതിലൂടെ മാത്രമേ മാറ്റം സാധിക്കുകയുള്ളൂ.

ഒരാള്‍ മൂന്നു പേര്‍ക്കു് ഓരോ വിത്തു നല്കി. ഒന്നാമന്‍ അതു് പെട്ടിയില്‍ വച്ചു സൂക്ഷിച്ചു. രണ്ടാമന്‍ അപ്പോഴേ അതു തിന്നു വിശപ്പടക്കി. മൂന്നാമന്‍ അതു നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തി. യാതൊരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, കിട്ടിയ വിത്തു പെട്ടിയില്‍വച്ചു സൂക്ഷിക്കുന്നവനെപ്പോലെയാണു്. വിത്തു പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. അതുപോലെ ഒരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, ഈശ്വരന്‍ നല്കിയ ഉപകരണങ്ങളെ ശരീര മനോബുദ്ധികളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ മടിയന്മാരായി കഴിയുന്നവര്‍, ലോകത്തിനു ഭാരമാണു്. കിട്ടിയ പാടെ വിത്തുതിന്നവനു് താത്കാലികമായി തൻ്റെ വിശപ്പടക്കുവാന്‍ കഴിഞ്ഞു. ഇതുപോലെയാണു ഭൗതികജീവികള്‍. താത്കാലികസുഖം മാത്രമാണു് അവരുടെ ലക്ഷ്യം. എന്നാല്‍, വിത്തു് എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്നു മനസ്സിലാക്കി, നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയവനു് അതില്‍നിന്നും കിട്ടിയ ഫലംകൊണ്ടു തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പടക്കി, വീണ്ടും വിതച്ചു നാട്ടുകാര്‍ക്കു് ആവശ്യമായതും നല്കുവാന്‍ കഴിഞ്ഞു. ഇതുപോലെ ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന ഉപകരണത്തിൻ്റെ ശരിയായ പ്രയോജനം മനസ്സിലാക്കി അതിനെ വേണ്ടവണ്ണം ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ, പ്രയോജനപ്രദമായ രീതിയില്‍ ജീവിതം നയിക്കാന്‍ സാധിക്കൂ.

ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ ഉപകരണത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നതാണു് അവിടുത്തോടുള്ള സമര്‍പ്പണം. മറിച്ചു്, പ്രയത്‌നം ചെയ്യാതെ മടിപിടിച്ചിരിക്കുന്നതു് അവിടുത്തോടു കാട്ടുന്ന ദ്രോഹമാണു്. ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍ എന്താണു പറഞ്ഞതു്? ”അര്‍ജ്ജു നാ, നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ടു്” എന്നാണു്. അല്ലാതെ ”നീ കര്‍മ്മമൊന്നും ചെയ്യേണ്ട, വെറുതെയിരുന്നാല്‍ മതി, ഞാന്‍ നിന്നെ രക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞില്ല. ഈശ്വരൻ്റെ സമീപത്തേക്കു നാം ഒരു ചുവടുവച്ചാല്‍ അവിടുന്നു നമ്മിലേക്കു നൂറു ചുവടടുക്കും. പക്ഷേ, ആ ഒരു ചുവടുകൂടി വയ്ക്കുവാനുള്ള സമര്‍പ്പണം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല.

പ്രയത്‌നം ചെയ്യുവാനുള്ള കഴിവും സാഹചര്യവും നമുക്കു് ഒരുക്കിത്തരുന്നതു് ഈശ്വരനാണെന്നു് നാം മറക്കരുതു്. പക്ഷേ, നമ്മുടെ പ്രയത്‌നത്തിൻ്റെ വിജയവും അവിടുത്തെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഫലം എന്തുമാകട്ടെ, അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു പ്രയത്‌നം ചെയ്യുകയാണു നമ്മുടെ കര്‍ത്തവ്യം. അവിടുത്തെ കൈകളിലെ ഒരു തടിക്കഷണംപോലെയാകണം നമ്മള്‍. ചിലപ്പോള്‍ നമ്മളെ കീറിമുറിച്ചെന്നിരിക്കും, ചിലപ്പോള്‍ കളിപ്പാട്ടമുണ്ടാക്കിയെന്നു വരാം. മറ്റു ചിലപ്പോള്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചെന്നിരിക്കും. ‘അവിടുന്നു് അങ്ങനെ എന്തും ചെയ്യട്ടെ, അതെല്ലാം എനിക്കു സന്തോഷം തന്നെ’ ഈയൊരു സമര്‍പ്പണം വരണം. ഈ സമര്‍പ്പണഭാവത്തോടുകൂടി കര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ, അതു ശരിയായ കര്‍മ്മമാകുന്നുള്ളൂ. അപ്പോള്‍ ജയവും തോല്‌വിയും നമ്മെ ബാധിക്കുകയില്ല. നമുക്കു സംതൃപ്തിയോടെ, സമാധാനത്തോടെ ജീവിക്കാന്‍ കഴിയും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.