പൂജയ്ക്ക് മദ്യം നിശ്ചിത അളവിൽ പരിമിതമായേ ഉപയോഗിക്കാവു എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ "പീത്വാ പീത്വാ പുനർമദ്യം യാവത് പതതി ഭൂതലേ " എന്നിങ്ങനെ കുലാർണവതന്ത്രത്തിൽ പ്രമാണമുണ്ടല്ലോ? അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലല്ലേ?

പ്രമാണമുണ്ടെകിൽ അതിന്റെ അധികാരി ആര് എന്നുകൂടി ചിന്തിയ്ക്കണം. വിധിനിഷേധങ്ങൾ എല്ലാം അധികാരി ഭേദം അനുസരിച്ച് മാറിക്കൊണ്ടിരിക്കും. സപ്തവ്യസനങ്ങൾ പൊതുവെ മനുഷ്യർക്ക് പാടില്ലാത്തതാണെങ്കിലും ചില സന്ദർഭങ്ങളിൽ രാജാക്കന്മാർക്ക് ആവശ്യമായി വന്നേക്കും. അതേപോലെ മേല്പറഞ്ഞ പദ്യപാനവിധി സാധാരണ സാധകനു വേണ്ടിയുള്ളതല്ല. വീരഭാവം പ്രാപിച്ച സാധകൻ പൂജാമണ്ഡലത്തിനുള്ളിൽവെച്ച് നടത്തുന്ന മദ്യപാനം അമൃതപാനം തന്നെയാണ്. പശുഭാവത്തിലുള്ളവർക്ക് അതും വിഷകല്പമാണ്. അതിനാൽ വിഷിദ്ധവും ആണ്. എന്നാൽ ദിവ്യഭാവം പ്രാപിച്ച ഒരു സാധകനെ സംബന്ധിച്ചിടത്തോളം വിധി നിഷേധങ്ങൾ ഒന്നും ബാധകമല്ല. ആ യോഗീശ്വരൻ യഥേഷ്ടം വിഹരിക്കുന്നവനാണ്. അങ്ങനെയുള്ള ദിവ്യസാധകന്മാർക്കുള്ളതാണ് കുലാർണവതന്ത്രത്തിലെ ഈ വചനം. ദിവ്യാനന്ദം അനുഭവിക്കുന്ന സാധകൻ ഒരിയ്ക്കലും വ്യാവഹാരിക കൃത്യങ്ങളിൽ ഇടപെടുകയില്ല. അതായത് വിവാഹാദി അടിയന്തിരങ്ങൾ, പൊതുജനസമ്പർക്കങ്ങൾ, സാമ്പത്തികമായ വ്യവസ്ഥകൾ കുടുംബന്ധങ്ങൾ തുടങ്ങിയവയൊന്നും തന്നെ ദിവ്യനെ ബാധിക്കുന്നില്ല. അത്തരം ദിവ്യാത്മാക്കൾക്ക് വേണ്ടിയുള്ള വിധിയാണ് ഇത്. വ്യാവഹാരികന്മാർ ഇങ്ങനെ ഒരു വിധിയുണ്ടല്ലോ എന്നു കരുതി  മദ്യപിച്ചാൽ അധഃപതിച്ചുതന്നെ പോകും.