നാരം - വെള്ളം .. ദൻ - ദാനം ചെയ്തവൻ. അതായത് ജലം ദാനം ചെയ്തവൻ' ഈ പേരു വരാൻ കാരണമായ കഥ ഇതാ.
തീരെ നിർദ്ധനനായ എന്നാൽ സാത്വിക ഗുണസമ്പന്നനായ ഒരു
ഒരു ഉത്തമ ബ്രാഹ്മണൻ ജീവിച്ചിരുന്നു. ദാനധർമ്മാദികൾ ചെയ്ത് മോക്ഷം സമ്പാദിക്കാൻ മോഹിച്ചു ആ പാവം!
പക്ഷേ എന്താണ് ദാനം ചെയ്യുക ? എവിടുന്നെടുത്തു നൽകും ?
പ്രകൃതീ ദേവി കനിഞ്ഞു നൽകിയ ജലം. അതിന്നൊരു ക്ഷാമവുമില്ലല്ലോ ?
ദാഹജലം പകർന്നു നൽകുന്നതിൽ പരംപുണ്യം വേറൊന്നുമില്ല. ജല ദാനം ചെയ്തു പുണ്യം നേടാൻ തന്നെ ആ സാധു തീരുമാനിച്ചു.
നാലും കൂടുന്ന വഴിയിൽ ഒരു തണ്ണീർ പന്തൽ കെട്ടിയുണ്ടാക്കി. സ്വയം വെള്ളം കോരി ചുമന്ന് നിറച്ച് വഴിപോക്കായ ജനങ്ങൾക്ക് സ്നേഹ ബഹുമാനങ്ങളോടെ ദാഹജലം നൽകി നിഷ്ക്കാമ സേവനം ചെയ്ത് കാലം കഴിച്ചു. ജീവിതാവസാനകാലത്ത് ചിത്രഗുപ്തന്റെ നിശിത വിശകലനത്തിന് ഈ ബ്രാഹ്മണനും ഇരയായി. അനേകായിരം പേർക്ക് ദാഹശമനം നടത്തിയ ബ്രാഹ്മണൻ വൈകുണ്ഠത്തിൽ ശ്രീനാരായണ സ്വാമിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു. സുകൃതം നിറഞ്ഞൊരു ബ്രാഹ്മണ ജയം തന്നെ ഭഗവാൻ വീണ്ടും നൽകി. മുൻ ജന്മത്തെപ്പോലെത്തന്നെ ഈ ജന്മത്തിലും സ്വന്തം കൈകൊണ്ട് അനേകായിരങ്ങൾക്ക് ദാഹജലം പകർന്നു നൽകി ആ സാധു ബ്രാഹ്മണൻ സുകൃതം വർദ്ധിപ്പിച്ചു. അങ്ങിനെ ഏഴു ജന്മങ്ങൾ ആവർത്തിക്കപ്പെട്ടു. ഏഴു ജന്മങ്ങളിലും പാപസ്പർശം പോലും ഏൽക്കാതെ പുണ്യകർമ്മം, ജലദാനം ചെയ്ത് പ്രാരബ്ധം തീർന്ന് വിഷ്ണുലോകം പൂകാനുള്ള സമയമടുത്തു.
ഭക്തവത്സലനായ ഭഗവാൻ ശ്രീഹരി ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ദാഹജലം യാചിച്ചു, ആസന്നമരണനായ ആ സാധുവിന്റെ മുന്നിലെത്തി. സ്വന്തം കൈകൊണ്ടു തന്നെ പതിവുപോലെ ജലം പകർന്നു നൽകി. ഞൊടിയിടയിൽ ശംഖു, ചക്ര, ഗദാ പത്മപ്രിയായ - പ്രസന്നവദനേക്ഷണനായ സാക്ഷാൽ ജഗദീശ്വാൻ തന്റെ മുന്നിൽ !
ഏതു വരം ചോദിച്ചാലും നൽകി അനുഗ്രഹിക്കാനുള്ള ഭക്തവാത്സല്യത്തോടെ.
അർത്ഥ കാമങ്ങളിൽ ലേശവും മോഹമില്ലാത്ത ആ സാധു ഭഗവാന്റെ തൃപ്പാദപത്മങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. ആ പാദസേവയല്ലാതെ ഭഗവാന്റെ നാമം പ്രകീർത്തിച്ച് ഏതു ലോകത്തും എപ്പോഴും സഞ്ചരിക്കാനുള്ള മോഹമല്ലാതെ മറ്റൊന്നു ആവശ്യമില്ല. ഭക്ത പരാധീനനായ ഭഗവാൻ തന്റെ ഭക്തന്റെ ആഭീഷ്ടം സാധിപ്പിച്ചു കൊടുത്തു. ഒപ്പം നാദമാധുരി വഴിയുന്ന " മഹതി " എന്ന വീണയും നൽകി - അർത്ഥസമ്പുഷ്ടമായ ദീക്ഷാ നാമവും കനിഞ്ഞു നൽകി. നാരദൻ ( വെള്ളം ദാനം ചെയ്തവൻ) 'ദേവർഷിയായി ആചാന്ദ്ര താരം പതിന്നാലു ലോകവും സഞ്ചരിക്കാനുള്ള അനുഗ്രഹവും നൽകി.