ക്ഷേത്ര വാദ്യങ്ങൾ

നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ വിസ്തരിച്ചു തന്നെ പൂജാദി കർമ്മങ്ങളും മറ്റും നടക്കുന്നു, മിക്കവാറും ക്ഷേത്രങ്ങളിൽ അതിനോടൊപ്പം തന്നെ ക്ഷേത്രവാദ്യങ്ങൾ പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ടാകും , അവ എന്തൊക്കെയാണ് എന്തിനാണ് എന്ന് നോക്കാവുന്നതാണ്.

സാധാരണയായി ക്ഷേത്രത്തിൽ പ്രയോഗിക്കുന്ന വാദ്യങ്ങൾ ശംഖ്, ഇടയ്ക്ക, തിമില, ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ്, ചേങ്കില, മരപ്പാണി എന്നിവയാണ്

ഇവയിൽ തന്നെ ദേവ വാദ്യങ്ങളും അസുരവാദ്യങ്ങളും ഉണ്ട്, ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു, ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു. (വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ദേവ വാദ്യം, അസുരവാദ്യം എന്നിങ്ങനെ തിരിച്ചിരിക്കുന്നത്)  

ഇടയ്ക്ക ശംഖ് തിമില മദ്ദളം വീക്കൻചെണ്ട (ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം  ദേവവാദ്യങ്ങൾ ആണ്, ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്തിൽ ചെണ്ടയാണ്‌ അസുരവാദ്യം

ക്ഷേതത്തിനകത്തു ഏറ്റവും അധികം ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ശംഖ് ഇടയ്ക്ക എന്നിവയാകും, ഇവയുടെ പ്രാധാന്യം നോക്കാം

ശംഖ്

ഭഗവാനെ പുലർച്ചെ പള്ളിയുണർത്തുന്നത് മുതൽ രാത്രി നട അടയ്ക്കുന്നത് വരെ ശംഖ് ഉപയോഗിക്കുന്നു.

ശംഖിനു ഓംകാര നാദമാണ്. മംഗളധ്വനിയാണ്. ഭഗവാന്റെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി ശംഖ് മുഴക്കുന്നു, പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, കലശാഭിഷേകങ്ങൾ, ഓരോ *പൂജകളുടെയുംനിവേദ്യം കൊണ്ടുവരുമ്പോൾ, സന്ധ്യവേലയ്ക്കു, (ദീപാരാധന) അത്താഴപൂജ നിവേദ്യസമയം, തൃപ്പുക (രാത്രി ഭഗവാന്റെ നട അടയ്ക്കുന്ന സമയം) എന്നീ നേരങ്ങളിൽ ശംഖ് നാദം വേണം എന്ന് നിർബന്ധമാണ്

പള്ളിയുണർത്തൽ -9
അഭിഷേകം - 3
നിവേദ്യം -3
ദീപാരാധന - 9
തൃപ്പുക - 3

എന്നീ എണ്ണങ്ങൾ ആണ് ശംഖിൽ മുഴക്കേണ്ടത്.

ക്ഷേത്രപ്രവൃത്തിയുടെ ബന്ധപ്പെട്ടവർ ശംഖ്ന്റെ നാദം കേട്ട് ക്ഷേത്രത്തിനകത്തു എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കാം

ഇടയ്ക്ക

സംഗീതാത്മകമായ ഉപകരണം ആണ് ഇടയ്ക്ക, ക്ഷേത്രത്തിലെ നട അടച്ചുള്ള പൂജകൾക്കും ദീപാരാധനയ്ക്കും ഇടയ്ക്ക ഉപയോഗിക്കുന്നു, ഇടയ്ക്കയിൽ കൊട്ടി താളം പിടിച്ചാണ് സോപാനസംഗീതം ആലപിക്കുക, ഇടയ്ക്കയിൽ പ്രത്യകം വായ്ത്താരികൾ നിശ്ചയിച്ചിട്ടുണ്ട്, ഓരോ പൂജയ്ക്കും ഇന്ന വായ്ത്താരി (ഇടയ്ക്കാകൂറ്) വേണം എന്ന് നിർബന്ധമുണ്ട് പ്രദോഷപൂജ ഉൾപ്പടെ..

തിമില & വീക്കൻ ചെണ്ട

തിമില ക്ഷേത്രത്തിനകത്തു ശ്രീഭൂതബലിക്കും വിശേഷാൽ പഞ്ചവാദ്യങ്ങൾക്കും ഉപയോഗിക്കുന്നു, ശ്രീഭൂതബലിക്കു കൊട്ടുവാനുള്ള എണ്ണം വായ്ത്താരി എന്നിവ താളമാക്കി വച്ചിരിക്കുന്നത് തിമിലയിലും വീക്കൻ ചെണ്ടയിലും ആണ് , ശ്രീഭൂതബലിക്കു തന്ത്രി തൂവുന്നത് അനുസരിച്ചാണ് കൊട്ടുന്ന എണ്ണവും,

ചേങ്കില

ചേങ്കില സോപാന സംഗീതത്തിനും , ചെറിയ കലശങ്ങൾ എഴുന്നള്ളിക്കാനും ദേവനെ പുറത്തേക്കു എഴുന്നള്ളിക്കാനും രൂപം ചെയ്തിരിക്കുന്ന പാണിവാദനം എന്ന ചടങ്ങിനും ഉപയോഗിക്കുന്നു, തിമിലയും ചേങ്കിലയും കൂടെ കൂട്ടുന്നതാണ് പാണി, ചെറിയ പാണി അല്ലെങ്കിൽ തിമിലപാണി എന്ന് പറയുന്നു, ശ്രീഭൂതബലിക്കും ചേങ്കില ഉപയോഗിക്കുന്നു

മദ്ദളം

പഞ്ചവാദ്യത്തിൽ തിമിലയോടൊപ്പം കൊട്ടുന്ന വാദ്യം

ചെണ്ട

ക്ഷേത്രത്തിനകത്തു കലശം നടക്കുമ്പോൾ കലശ പൂജ കലശാഭിഷേകം എന്നി ചടങ്ങുകൾക്ക് മാത്രം അസുരവാദ്യമായ ചെണ്ട ഉപയോഗിക്കുന്നു, ചെണ്ടയിൽ വിവിധ മേളങ്ങൾ കൊട്ടമെങ്കിലും, ചെമ്പട എന്ന മേളം ആണ് ക്ഷേത്രത്തിനകത്തു കൊട്ടുക

ഇലത്താളം, കുഴൽ &കൊമ്പ്

മേളങ്ങളുടെ , പഞ്ചവാദ്യത്തിന്റെ അകമ്പടി വാദ്യങ്ങൾ , ഇവകൂടി ഉണ്ടായാലേ മേളം പഞ്ചവാദ്യം ഭംഗിയാകൂ, ഇവയ്‌ക്കെല്ലാം പ്രത്യകം താളം രാഗം എന്നിവയുണ്ട്

മരപ്പാണി

പഠിച്ചെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ദേവവാദ്യം, ഉത്സവബലി , വലിയ കലശങ്ങൾ എന്നിവയ്ക്ക് മാത്രം ഉപയോഗിക്കുന്നു, കൃത്യമായ എണ്ണവും കണക്കും ആണ് ഇതിന്റെ സവിശേഷത, മരപ്പാണിയിൽ കൊട്ടുന്നതും തന്ത്രി ദേവനെ ആവാഹിക്കുന്നതും ഒരേ കണക്കിൽ ആണ്, പാണിയിൽ പിഴച്ചാൽ കോണി എന്നൊരു ചൊല്ല് തന്നെ ഉണ്ട്

ഇവയെല്ലാമാണ് പ്രധാന ക്ഷേത്ര പ്രവൃത്തി വാദ്യങ്ങൾ, ദേവനെ എഴുന്നള്ളിക്കുമ്പോൾ മേളം പഞ്ചവാദ്യം എന്നിവയോടെ അകമ്പടി സേവിച്ചു ദേവനെ പ്രീതിപ്പെടുത്തണം. വാദ്യങ്ങൾ കൂടി ഉണ്ടെങ്കിലേ കർമ്മം പൂർത്തിയാവുകയും ദേവനെ സർവ്വവിധരീതിയിൽ സന്തോഷിപ്പിക്കാൻ സാധിക്കൂ എന്നും ആചാരം ഉണ്ട്.. നമ്മുടെ ക്ഷേത്രവാദ്യങ്ങളുടെ പ്രത്യകത എന്തെന്നാൽ വിവിധ ശബ്ദമുള്ള വിവിധ രൂപമുള്ള വാദ്യങ്ങൾ ഒരുമിച്ചു പ്രവൃത്തിക്കുമ്പോൾ അതിമനോഹരമായ ശ്രവ്യസുഖം കിട്ടുന്നു എന്നതാണ്, അവിടെയാണ് വാദ്യങ്ങളുടെ കണക്കും ചിട്ടയുടെയും മഹിമ 

ക്ഷേത്രത്തിനകത്തു ഉപയോഗിക്കുന്ന വാദ്യങ്ങളും അവയുടെ ആവശ്യവും ഓരോ ഭക്തനും മനസ്സിലാക്കേണ്ടതാണ്‌.