സുനഭാ, അനഭാ, ധുരുധുരാ, കേമദ്രുമം എന്നീ യോഗങ്ങളുടെ ലക്ഷണത്തെ പറയുന്നു

ഹിത്വാർക്കം സുനഭാƒനഭാധുരുധുരാ-
സ്സ്വാന്ത്യോഭയസ്ഥൈർഗ്രഹൈ-
ശ്ശീതാംശോഃ കഥിതോന്യഥാ തു ബഹുഭിഃ
കേമദ്രുമോന്യൈസ്ത്വസൌ
കേന്ദ്രേ ശീഥകരേഥവാ ഗ്രഹയുതേ
കേമദ്രുമോ നേഷ്യതേ
കേചിൽ കേന്ദ്രനവാംശകേഷു ച വദ-
ന്ത്യുക്തിപ്രസിദ്ധാ ന തേ

സാരം :-

1). കുജ ബുധ ഗുരു ശുക്ര മന്ദന്മാരിൽ ഒന്നോ അധികമോ ഗ്രഹങ്ങൾ ചന്ദ്രസ്ഥരാശിയുടെ രണ്ടാം ഭാവത്തിൽ നിന്നാൽ സുനഭാ എന്നും, 2). ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിൽ മുൻപറഞ്ഞ ഗ്രഹങ്ങൾ നിന്നാൽ അനഭാ എന്നും, 3). ചന്ദ്രന്റെ രണ്ട് പന്ത്രണ്ട് ഈ രണ്ടിലും കൂടി കുജാദി അഞ്ചിലോ ഒന്നോ അധികമോ ഗ്രഹം നിന്നാൽ ധുരുധുരാ എന്നും പറയുന്ന മൂന്നു യോഗങ്ങളാകുന്നു. 4). സുനഭാ അനഭാ ധുരുധുരാ ഈ മൂന്നു യോഗങ്ങളിൽ ഒന്നും ഇല്ലെങ്കിൽ കേമദ്രുമം എന്ന യോഗവുമായി - ഇങ്ങിനെയാണു സുസമ്മതന്മാരായ പല ഗ്രന്ഥകർത്താക്കന്മാരും പറഞ്ഞിട്ടുള്ളത്‌.

സുനഭാ അനഭാ ധുരുധുരാ ഈ മൂന്നു യോഗങ്ങളുമില്ലെങ്കിലും ചന്ദ്രകേന്ദ്രത്തിൽ കുജാദി അഞ്ചിൽ ഒരു ഗ്രഹം നിന്നാൽ കേമദ്രുമയോഗമില്ലെന്നാണ് രണ്ടാമതായി ഒരു അഭിപ്രായമുള്ളത്. ഈ ഗ്രന്ഥകാരൻ സ്വന്തം അഭിപ്രായത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇനി മൂന്നാമതായി ഒരു അഭിപ്രായംകൂടി പറയുന്നേടത്തു "ഉക്തിപ്രസിദ്ധാ ന തേ" അവർ അത്രയൊന്നും സമ്മതന്മാരല്ല എന്നു സ്പഷ്ടമായി പറഞ്ഞിട്ടുള്ളതുകൊണ്ട് ആചാര്യ അഭിപ്രായം ഇതു രണ്ടാമത്തേതാണെന്നു നമുക്കു ഊഹിയ്കാവുന്നതാണ്.

ആചാര്യരവർകൾ തന്റെ സ്വല്പജാതകമെന്ന ഗ്രന്ഥത്തിൽ - രവിവർജ്ജം ദ്വാദശഗൈരനഭാ ചന്ദ്രാദ്ദ്വിതീയഗൈഃ സുനഭാ; ഉഭയസ്ഥിതൈർദ്ധുരുധുരാ കേമദ്രുമസംജ്ഞതോƒതോƒന്യഃ" - എന്ന ശ്ലോകംകൊണ്ടു സുനഭാ അനഭാ ധുരുധുരാ ഈ യോഗങ്ങളിൽ ഒന്നുമില്ലെങ്കിൽ കേമദ്രുമയോഗമായി എന്നാണ് പറയുന്നത്. അതിനാൽ ഗ്രന്ഥകർത്താവിന്റെ അഭിപ്രായം ഒന്നാമതായിപ്പറഞ്ഞതിലേയ്ക്കു ചാഞ്ഞുപോകുമോ എന്നു മാത്രമാണ് ശങ്കിയ്ക്കേണ്ടതുള്ളത്.

ഇനി മൂന്നാംപക്ഷക്കാരുടെ അഭിപ്രായമാണ് പറയുന്നത്. വേറെ ചിലർ ചന്ദ്രന്റെ കേന്ദ്രരാശികളെക്കൊണ്ടും ചന്ദ്രന്റെ നവാംശകങ്ങളെക്കൊണ്ടും സുനാഭാദിയോഗങ്ങളെ കല്പിച്ചു കാണുന്നുണ്ട്. എങ്ങിനെയെന്നാൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ നാലിൽ കുജാദി അഞ്ചിൽ ഒരു ഗ്രഹം നിന്നാൽ സുനഭാ, പത്താം ഭാവത്തിൽ നിന്നാൽ അനഭാ, നാലാം ഭാവത്തിലും പത്താം ഭാവത്തിലും ഓരോ ഗ്രഹം നിന്നാൽ ധുരുധുരാ, ചന്ദ്രന്റെ പത്താം ഭാവത്തിലും നാലാം ഭാവത്തിലും ഒരു ഗ്രഹവുമില്ലെങ്കിൽ കേമദ്രുമം. ഇതാണ് ശ്രുതകീർത്തിയുടെ അഭിപ്രായം - "ചന്ദ്രചതുർത്ഥേ സുനഭാ ദശമസ്ഥൈഃ കീർത്തിതാƒനഭാ വിഹഗൈഃ; ഉഭയസ്ഥിതൈർധുരുധുരാ കേമദ്രുമസംജ്ഞിതോന്യഥാ യോഗഃ: - എന്നു വചനമുണ്ട്. ചന്ദ്രന്റെ നവാംശകം ഏതു രാശിയിലാണോ അതിന്റെ രണ്ടിൽ കുജാദികളിൽവെച്ചു ഒരു ഗ്രഹം നിന്നാൽ സുനഭാ, പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ അനഭാ, ചന്ദ്രനവാംശകരാശിയുടെ രണ്ടിലും പന്ത്രണ്ടിലും നിന്നാൽ ധുരുധുരാ, ഈ മൂന്നു യോഗങ്ങളുമില്ലെങ്കിൽ കേമദ്രുമം. ഇതാണു ജീവശർമ്മാവിന്റെ അഭിപ്രായം - "യദ്രാശിസംജ്ഞേ ശീതാംശൂർന്നവാംശേജന്മനി സ്ഥിതഃ. തദ്വിതീയസ്ഥിതൈർയ്യോഗഃ സുനഭാഖ്യഃ പ്രകീർത്തിതഃ, വ്യയസ്ഥൈര നഭാ ജ്ഞേയാ ഗ്രഹൈർദ്വിദ്വാദശസ്ഥിതൈഃ. പ്രോക്തോ ധുരുധുരായോഗോƒന്യഥാ കേമദ്രുമഃ സ്മൃതഃ" - എന്നാണ് ജീവശർമ്മാവിന്റെ അഭിപ്രായം. പക്ഷെ ഈ ഒടുവിൽ പറഞ്ഞ അഭിപ്രായക്കാരായ ആചാര്യന്മാർ അത്ര സമ്മാതന്മാരല്ലാത്തതിനാൽ ഇവരുടെ അഭിപ്രായം സ്വീകരിയ്ക്കേണ്ടതുമില്ല.

മേൽപ്പറഞ്ഞ സുനഭാദി യോഗകർത്താക്കന്മാർ ലഗ്നകേന്ദ്രത്തിൽ വരുന്നതായാലേ യോഗഫലം പൂർണ്ണമായും അത്യന്തം ശുഭമായും അനുഭവപ്പെടുകയുള്ളുവെന്നും ചിലർക്കു അഭിപ്രായമുണ്ട്. - "ചന്ദ്രാദ് ഗ്രഹൈർന്നഗദിതാഃ സുനഭാദയഃ സ്യുഃ കേന്ദ്രസ്ഥിതൈര്യദി ഭവന്തി ച തേƒത്ര യോഗാഃ; വിശ്വംഭരാപതികുലേഷു മഹത്സു ജാതാ യോഗേഷു തേഷു മനുജേശ്വരതാം ലഭന്തേ" - എന്നു വചനമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.