ശനി യോഗകർത്താവായാലത്തെ ഫലത്തേയും സകല ചാന്ദ്രയോഗങ്ങളിലും ചന്ദ്രന്റെ അവസ്ഥാഭേദം നിമിത്തം വരാവുന്ന ഫലഭേദത്തേയുമാണ്‌ പറയുന്നത്

പരവിഭവപരിച്ഛദോപഭോക്താ
രവിതനയേ ബഹുകാര്യകൃദ്ഗണേശഃ
അശുഭകൃദുഡുപോഹ്നി ദൃശ്യമൂർത്തിർ-
ഗ്ഗളിതതനുശ്ച ശുഭോന്യഥാന്യദൂഹ്യം.

സാരം :-

അന്യന്മാരാൽ സമ്പാദിയ്ക്കപ്പെട്ട ധനധാന്യാദികളേയും ഗൃഹം വസ്ത്രം ഭൃത്യന്മാർ വാഹനം മുതലായവയേയും അനുഭവിപ്പാൻ ഇഷ്ടമുള്ളവനും, അനുഭവിയ്ക്കുന്നവനും പ്രതിനിമിഷം അനേകകാര്യങ്ങളെ ചെയ്യുന്നവനും സംഘങ്ങളുടെ നായകനുമായിത്തീരുന്നതാണ്. സുനഭാദിയോഗകർത്താക്കന്മാരായ കുജാദിഗ്രഹങ്ങൾക്കു പറഞ്ഞ ഈ വിശേഷഫലങ്ങളൊക്കെയും ഈ അദ്ധ്യായത്തിലെ 5 - 6 ഈ ശ്ലോകങ്ങളെക്കൊണ്ടു പറഞ്ഞ സാമാന്യഫലങ്ങളോടു യോജിപ്പിച്ചു ഒന്നിന്നും പരസ്പരവിരോധം വരാത്ത നിലയിൽ സുനഭാ അനഭാ ധുരുധുരാ ഈ മൂന്നു യോഗങ്ങളുടേയും ഫലങ്ങളെ പറയുകയും വേണം.

കറുത്ത പക്ഷത്തിലുള്ള ചന്ദ്രൻ ഏതു ഭാവത്തിൽ നിന്നാലും പ്രായേണ അശുഭത്തേയും നേരെമറിച്ച് വെളുത്തപക്ഷത്തിലെ ചന്ദ്രൻ ശുഭത്തേയും ചെയ്യുമെന്നു പറയാവുന്നതാണ്.

ജനനം പകലാവുക ലഗ്നാൽ സപ്തമം മുതൽ ആറു ദൃശ്യാർദ്ധ രാശികളിലൊന്നിൽ ചന്ദ്രൻ നിൽക്കുകയും ചെയ്ക; എന്നാൽ ആ ചന്ദ്രൻ ദാരിദ്ര്യം മുതലായ അശുഭഫലത്തെ ചെയ്യും. അപ്രകാരം തന്നെ ചന്ദ്രൻ നിൽക്കുക, അതു കറുത്ത പക്ഷത്തിലാവുകയും ചെയ്ക; എന്നാൽ ആ ചന്ദ്രൻ അത്യന്തം അശുഭഫലത്തേയും അനുഭവിപ്പിയ്ക്കുന്നതാണ്. മേൽപറഞ്ഞതിൽ നിന്നു വിപരീതമുള്ള ചന്ദ്രൻ ശുഭപ്രദനുമാണ്.  എങ്ങനെയെന്നാൽ വെളുത്ത പക്ഷത്തിൽ രാത്രി ജനനമാവുകയും ചന്ദ്രൻ ദൃശ്യാർദ്ധത്തിൽ നിൽക്കുകയും ചെയ്യുന്നത് അത്യന്തം ശുഭകരമാകുന്നു. ഇതിനു വിപരീതമുള്ള ചന്ദ്രസ്ഥിതിയുടെ ഫലം ഊഹിച്ചു പറയുകയും വേണം. എങ്ങനെയെന്നാൽ കറുത്ത പക്ഷത്തിൽ പകൽ ജനനമാവുകയും ചന്ദ്രൻ അദൃശ്യാർദ്ധത്തിൽ നിൽക്കുകയും ചെയ്‌താൽ ശുഭപ്രദമാകുന്നു. വെളുത്ത പക്ഷത്തിൽ പകൽ ജനനമാവുക. ചന്ദ്രൻ ദൃശ്യാർദ്ധത്തിൽ നിൽക്കുകയും ചെയ്ക, എന്നാൽ ഏറ്റവും അശുഭനല്ലെങ്കിലും ഒട്ടും ശുഭനുമല്ല. നേരെ മറിച്ചു കറുത്ത പക്ഷത്തിൽ രാത്രി ജനനവും ചന്ദ്രൻ അദൃശ്യാർദ്ധസ്ഥനുമായാൽ അശുഭപ്രദനും, വെളുത്തപക്ഷത്തിൽ രാത്രി ജനനവും ചന്ദ്രൻ അദൃശ്യാര്‍ദ്ധസ്ഥനുമായാൽ ശുഭപ്രദനും അശുഭപ്രദനുമല്ലാത്ത ഒരു മദ്ധ്യമഫലപ്രദനുമായിരിയ്ക്കും. ഇങ്ങനെയാണ് ഊഹിയ്ക്കേണ്ടതിന്റെ സ്വഭാവമെന്നറിക.

മറ്റൊരു വിധത്തിൽ കൂടി ചിലർ വ്യാഖ്യാനിച്ചുകാണുന്നുണ്ട്. വെളുത്തപക്ഷത്തിൽ രാത്രി ജനനമാവുക, കറുത്ത പക്ഷത്തിൽ പകൽ ജനനമാവുക; ഇങ്ങനെ വന്നാൽ ആ ചന്ദ്രൻ ദോഷപ്രദനല്ലാത്തതിനു പുറമേ ദീർഘായുസ്സ് മുതലായ ശുഭഫലങ്ങളെ അനുഭവിപ്പിയ്ക്കയും ചെയ്യും. എന്നുതന്നെയല്ല ഈ ചന്ദ്രൻ എന്തരിഷ്ടയോഗകർത്താവായാലും ശരി ആ അശുഭഫലങ്ങളൊന്നും അനുഭവിയ്ക്കാതെ പൂർണ്ണമായ ശുഭത്തെ ചെയ്യുന്നതുമാണ്. ഈ പറഞ്ഞതു കൊണ്ടുതന്നെ വെളുത്തപക്ഷത്തിൽ പകലിലും കറുത്തപക്ഷത്തിൽ രാത്രിയിലും ജനനമായാൽ അവിടെ രണ്ടേടത്തും ചന്ദ്രൻ അശുഭഫലത്തെ അനുഭവിയ്ക്കുമെന്നും വന്നുവല്ലോ. ഇതാണു ഈ പക്ഷത്തിന്റെ ചുരുക്കം. "പക്ഷേ സിതേ ഭവതി ജന്മ യദി ക്ഷപായാം കൃഷ്ണേƒഥവാഹനി, ശുഭാശുഭദൃശ്യമാനഃ തച്ചന്ദ്രമാ രിപുവിനാശഗതോƒപി നൂന മാപത്സു രക്ഷതി പിതേവ ശിശൂൻ നഹന്തി" എന്നും " കൃഷ്ണേ ദിവാ ചേൽ നിശി ശുക്ലപക്ഷേ രക്ഷേച്ഛശീ തം രിപുരന്ധ്രഗോƒപി" എന്നും മറ്റുമുള്ള പ്രമാണവചനങ്ങളുമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.