രാജയോഗങ്ങളിൽ ജനിച്ചവരുടെ ആ രാജാധികാരം സിദ്ധിയ്ക്കുന്നതു എന്നായിരിയ്ക്കുമെന്നും, ആ അധികാരം പിന്നീട് ഭ്രംശിച്ചു പോകാതെ എന്നെന്നും നിലനിൽക്കുമോ

കർമ്മലഗ്നഗതപാകദശായാം
രാജലബ്ധിരഥവാ പ്രബലസ്യ
ശത്രുനീചഗൃഹയാതദശായാ-
ഞ്ഛിദ്രസംശ്രയദശാ പരികല്പ്യാ.

സാരം :-

മുകളിൽ കാണിച്ച യോഗങ്ങളിലേതെങ്കിലും ഒരു രാജയോഗത്തിൽ ജനിയ്ക്കുകയും, യോഗകർത്താക്കന്മാരിൽ ഒരു ഗ്രഹം ജാതകത്തിലെ ഉദയലഗ്നത്തിലോ ലഗ്നാൽ പത്താം ഭാവത്തിലോ നിൽക്കുകയും ചെയ്ക; എന്നാൽ ലഗ്നത്തിലോ പത്താം ഭാവത്തിലോ നിൽക്കുന്ന ആ ഗ്രഹത്തിന്റെ ദശാപഹാരം ഛിദ്രം മുതലായ കാലങ്ങളിലാണ് രാജാധിപത്യം സിദ്ധിയ്ക്കുക. ലഗ്നത്തിലോ പത്താം ഭാവത്തിലോ ഒന്നിലധികം യോഗകർത്തൃഗ്രഹങ്ങളുണ്ടെങ്കിൽ അവരിൽവെച്ചു ബലവാനായതിന്റെ ദശാദികാലങ്ങളിലാണ് ആധിപത്യം സിദ്ധിയ്ക്കുക എന്നും അറിക.

ലഗ്നത്തിലും പത്താം ഭാവത്തിലും യോഗകർത്താക്കന്മാർ ആരും ഇല്ലാതിരിയ്ക്കുകയോ ഉള്ളവർക്കു ബലം ഇല്ലാതിരിയ്ക്കയോ ചെയ്ക, വേറെ ബലവാനായ ഏതെങ്കിലും ഗ്രഹം അവിടങ്ങളിൽ ഉണ്ടായിരിയ്ക്കുകയും ചെയ്‌താൽ അവരിൽ അധികബാലവാന്റേയും അങ്ങനേയും ആരും ആ രണ്ടു ഭാവങ്ങളിലുമില്ലെങ്കിൽ ലഗ്നം കർമ്മം ഇവയുടെ അധിപന്മാരിൽ ബലം ഏറിയതിന്റെയും, അവരും വിബലന്മാരാണെങ്കിൽ ജന്മകാലത്തു എല്ലാറ്റിലും വെച്ചു ബലം അധികമുള്ളതിന്റേയും ദശാദികാലങ്ങളിലാണ് ആധിപത്യം സിദ്ധിയ്ക്കുക എന്നും വിചാരിയ്ക്കാം. കർമ്മം ലഗ്നം ഭാഗ്യം ഈ ഭാവാധിപന്മാർ ബലവാന്മാരും ഇഷ്ടസ്ഥന്മാരുമായാൽ മാത്രമേ രാജയോഗത്തിന്റെ ഫലമായ രാജാധിപത്യം സസുഖം സിദ്ധിയ്ക്കുകയുള്ളുവെന്നും പ്രത്യേകം ഓർക്കണം.

ജാതകത്തിൽ രാജയോഗലക്ഷണമില്ലെങ്കിലും ലഗ്നത്തിന്റേയും പത്താം ഭാവത്തിന്റെയും അധിപന്മാർ ആ ഭാവങ്ങളിൽ നിൽക്കുന്നവർ ഇവരിൽവെച്ച് ബലവാന്റെ ദശാദികാലങ്ങളിൽ സ്വഗൃഹത്തിലെ കാരണവസ്ഥാനവും കൈകാര്യകർത്തൃത്വവും സിദ്ധിയ്ക്കുമെന്നും പറയാവുന്നതാണ്.

"വിലഗ്നകർമ്മോപഗതഗ്രഹാണാം വിലഗ്നകർമ്മാധിപയോശ്ച തദ്വൽ
ദശാദികേഷു പ്രബലസ്യ ചൈഷാം മർത്ത്യഃ പ്രയായാൽ സ്വഗൃഹാധിപത്യം"

എന്നുണ്ട്

സാധാരണ യോഗങ്ങൾക്കുള്ളതുപോലെ രാജയോഗങ്ങൾക്കും ഭംഗം അപവാദം ഇത്യാദികളുണ്ട്. ഭംഗം എന്നുവെച്ചാൽ യോഗഫലം അനുഭവിയ്ക്കായ്കയും, അപവാദം എന്നുവെച്ചാൽ യോഗഫലം ശക്തി കുറഞ്ഞു അനുഭവിയ്ക്കയുമാകുന്നു. വിസ്തൃതങ്ങളായ ഗ്രന്ഥങ്ങളിൽ മാത്രമേ ആ വക വിഷയങ്ങളെ പറയുന്നുള്ളൂ. രാജയോഗങ്ങളെ സംബന്ധിച്ച് അതിന്റെ ഒരു സൂചന മാത്രമാണു ശ്ലോകത്തിന്റെ ബാക്കി അംശംകൊണ്ട് പറയുന്നത്.

യോഗകർത്താക്കന്മാരിൽ ചിലർ ശത്രുക്ഷേത്രത്തിലോ നീചത്തിലോ (മൌഢ്യമുണ്ടായാലും ഫലം ഇതുതന്നെയാണ്) നിൽക്കുന്നുണ്ടെങ്കിൽ അവരുടെ ദശാദികാലങ്ങളിൽ രാജാധിപത്യം നഷ്ടമാകയും ചെയ്യും. ഇങ്ങനെ ശത്രുക്ഷേത്രാദിസ്ഥിതി നിമിത്തം വിബലന്മാരായവരുടെ ദശാദികാലങ്ങളിൽ പൂർവ്വാവസ്ഥയിൽ നിന്നു ഭ്രംശം വരുമെന്നു തീർത്തും പറയാം. എന്നാൽ ആധിപത്യത്തിനു കുറേ ഭ്രംശം സംഭവിക്കുകയോ മുഴുവൻ തന്നെ നഷ്ടപ്പെടുകയോ മറ്റു ചില ആപത്തുകൾ കൂടി വേണ്ടിവരികയോ എന്തെല്ലാമാണു സംഭവിയ്ക്കുക എന്നും മറ്റുമുള്ള വിഭാഗം മേല്പറഞ്ഞവരുടേയും അവരുടെ ദ്രേക്കാണഹോരാദിഷഡ്വർഗ്ഗങ്ങളുടേയും ബലാദികളും കാലദേശാവസ്ഥാദികളും നല്ലപോലെ ആലോചിച്ചു പറയുകയും വേണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.