ഓരോ ദശയുടേയും ആരംഭകാലത്ത് ആ ദശാധിപന്റെയും ആ ദശാധിപനെ അനുസരിച്ച് ചന്ദ്രന്റെയും സ്ഥിതിഭേദം നിമിത്തം ദശാകാലത്തുണ്ടാകുന്ന ഫലത്തിനു വ്യത്യാസം വരുന്നതാണ്

പാകസ്വാമിനി ലഗ്നഗേ സുഹൃദി വാ
വർഗ്ഗേസ്യ സൗമ്യേപി വാ
പ്രാരബ്ധാ ശുഭദാ ദശാ ത്രിദശഷഡ്-
ലാഭേഷു വ പാകപേ
മിത്രോച്ചോപചയത്രികോണമദനേ
പാകേശ്വരസ്യ സ്ഥിത-
ശ്ചന്ദ്രസ്സൽഫലബോധനായി കുരുതേ
പാപാനി ചാതോന്യഥാ.

സാരം :-

1). ഓരോ ദശയും ആരംഭിയ്ക്കുന്നത് ഏതു രാശിയുടെ ഉദയസമയത്താണോ ആ ഉദയരാശിയിൽ ആ ദശാധിപൻ നിൽക്കുക.

2). ദശാധിപന്റെ ബന്ധുഗ്രഹം ആ ലഗ്നത്തിൽ നിൽക്കുക.

3). ഏതെങ്കിലും ഒരു ശുഭഗ്രഹം ലഗ്നത്തിൽ നിൽക്കുക

4). ദശാരംഭലഗ്നത്തിൽ ദശാനാഥന്റെ ഒരു വർഗ്ഗമെങ്കിലും ഉണ്ടാവുക

5). ദശാനാഥൻ ദശാപ്രാരംഭലഗ്നത്തിന്റെ 3 - 6 - 10 -11 ഇതിലൊരു ഭാവത്തിൽ നിൽക്കുക.

മേൽപ്പറഞ്ഞ അഞ്ചിൽ ഏതെങ്കിലും ഒരു ലക്ഷണമുള്ളപ്പോഴാണ് ദശ തുടങ്ങുന്നതെങ്കിൽ ആ ദശയിൽ നല്ല ഫലങ്ങൾ ധാരാളം അനുഭവിയ്ക്കുന്നതാകുന്നു. മേൽപ്പറഞ്ഞ അഞ്ചു ലക്ഷണങ്ങളും ഇല്ലാത്ത സമയത്താണു ദശ തുടങ്ങിയതെങ്കിൽ ആ ദശയിൽ ശുഭഫലങ്ങൾ അനുഭവിയ്ക്കില്ലെന്നുകൂടി അറിയേണ്ടതാണ്.


ദശാരംഭസമയത്ത് ദശാധിപന്റെ ഉച്ചം ബന്ധുക്ഷേത്രം ഇവയിലൊന്നിലോ, ദശാരംഭസമയത്തു ദശാനാഥൻ നിൽക്കുന്ന രാശിയുടെ 3 - 6 - 10 - 11 - 5 - 9 - 7 എന്നീ ഭാവങ്ങളിലൊന്നിലോ ആണ് ചന്ദ്രൻ നിൽക്കുന്നതെങ്കിൽ, ആ ദശാകാലത്തും ശുഭഫലങ്ങൾ ധാരാളം അനുഭവിയ്ക്കുന്നതാണ്. ചന്ദ്രൻ മറ്റു സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ആരംഭിയ്ക്കുന്ന ദശയിൽ അശുഭഫലങ്ങളെ അനുഭവിയ്ക്കുകയുള്ളുവെന്നും അറിയുക.

ദശാരംഭകാലത്ത് ദശാനാഥൻ ചന്ദ്രൻ എന്നിവരുടെ സ്ഥിതിഭേദംകൊണ്ട് ദശയ്ക്കു ഫലഭേദം വരുന്നതുപോലെ, അപഹാരത്തിന്റെ ആരംഭകാലത്തു അതാതു അപഹാരനാഥൻ, ചന്ദ്രൻ ഇവരെക്കൊണ്ടും അതാതു അപഹാരങ്ങൾക്കു ഗുണദോഷങ്ങളെ കല്പിയ്ക്കാവുന്നതാണ്. ഈ പറഞ്ഞ ന്യായം ഛിദ്രാദികൾക്കും കല്പിയ്ക്കണം.

ഇവിടെ "ചന്ദ്രഃ സൽഫലബോധനാനി കുരുതേ" - ചന്ദ്രൻ ശുഭഫലങ്ങളെ അറിയിയ്ക്കുന്നു - എന്നു പറഞ്ഞതുകൊണ്ട് ദശ ആരുടേതായാലും തൽഫലങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതു ചന്ദ്രനാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ. ദശാഫലങ്ങളെ ഉണ്ടാക്കുന്നത് സൂര്യനുമാകുന്നു.

"സവിതാ ദശാഫലാനാം പാചയിതാ, ചന്ദ്രമാഃ പ്രബോധയിതാ ആദിത്യചന്ദ്രവശഗാഃ സർവ്വേ താരാഗ്രഹാ ജ്ഞേയാഃ"

എന്ന് പ്രമാണവുമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.