Showing posts with label vyazham. Show all posts
Showing posts with label vyazham. Show all posts

വ്യാഴം കർക്കടകം ചിങ്ങം ധനു മീനം മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ചാന്ദ്രേ രത്നസുതസ്വദാരവിഭവ-
പ്രജ്ഞാസുഖൈരന്വിതഃ
സിംഹേ സ്യാദ്ബലനായകസ്സുരഗുരൌ
പ്രോക്തം ച യച്ചന്ദ്രഭേ
സ്വർക്ഷേ മാണ്ഡലികോ നരേന്ദ്രസചിവ-
സ്സേനാപതിർവ്വാ ധനീ
കുംഭേ കർക്കടയുൽ ഫലാനി മകരേ
നീചോല്പവിത്തോƒസുഖീ.

സാരം :-

ജനനസമയത്ത് വ്യാഴം കർക്കടകം രാശിയിൽ നിന്നാൽ, വൈഡൂര്യം വൈരം പത്മരാഗം തുടങ്ങിയുള്ള അനേകം രത്നങ്ങളും, പുത്രന്മാർ ധനം ഭാര്യമാർ ഗൃഹം ശയനാസനവസനാദിസുഖാനുഭവസാധനങ്ങൾ എന്നിതുകളും, അസാമാന്യമായ ബുദ്ധിസാമർത്ഥ്യവും പലവിധത്തിലുള്ള സുഖാനുഭവങ്ങളുമുള്ളവനായിരിയ്ക്കും.

ജനനസമയത്ത് വ്യാഴം ചിങ്ങം രാശിയിൽ നിന്നാൽ ആ - കർക്കടകം രാശിയിൽ വ്യാഴം നിന്നാലത്തെ - ഫലങ്ങളും, അതിനുപുറമേ സൈന്യാധിപത്യവും അയാൾക്കു ലഭിയ്ക്കും.

ജനനസമയത്ത് വ്യാഴം ധനു രാശിയിലോ മീനം രാശിയിലോ നിന്നാൽ കുറച്ചു രാജ്യത്തിന്റെ അധിപതിയായ ഇടപ്രഭുവോ രാജമന്ത്രിയോ സൈന്യനായകനോ അഥവാ വലിയ ധനവാനെങ്കിലുമോ ആവുന്നതായിരിയ്ക്കും.

ജനനസമയത്ത് വ്യാഴം കുംഭം രാശിയിൽ നിന്നാൽ, അതു കർക്കടകത്തിൽ വ്യാഴം നിന്നാലത്തെ ഫലം മുഴുവനും അനുഭവിയ്ക്കും.

ജനനസമയത്ത് വ്യാഴം മകരം രാശിയിൽ നിന്നാൽ, അധമബുദ്ധിയോടും അധമപ്രവൃത്തിയോടും കൂടിയവനും, ആഹാരാദി നിത്യവൃത്തിയ്ക്കു മാത്രം ധനമുള്ളവനും, അല്പംമാത്രം സുഖവും അധികഭാഗം ദുഃഖവുമായി കഴിച്ചുകൂട്ടുന്നവനുമായിരിയ്ക്കും.

വ്യാഴം മേടം വൃശ്ചികം ഇടവം തുലാം മിഥുനം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

സേനാനീർബ്ബഹുവിത്തദാരതനയോ
ദാതാ സുഭൃത്യഃ ക്ഷമീ
തേജോദാരഗുണാന്വിതസ്സുരഗുരൌ
ജാതഃ പുമാൻ കൌജഭേ
കല്യാംഗസ്സസുഖാർത്ഥമിത്രതനയ-
സ്ത്യാഗീ പ്രിയഃ ശൌക്രഭേ
ബൌധേ ഭൂരിപരിച്ഛദാത്മജസുഹൃൽ-
സാചിവ്യയുക്തസ്സുഖീ.

സാരം :-

ജനനസമയത്തു വ്യാഴം മേടം രാശിയിലോ വൃശ്ചികം രാശിയിലോ നിന്നാൽ, സൈന്യാധിപനും, വലിയ ധനവാനും, വളരെ ഭാര്യാസന്താനങ്ങളോടുകൂടിയവനും, ദാനശീലനും, നല്ല ഭൃത്യന്മാരുള്ളവനും, എന്തൊരനിഷ്ട സംഭവത്തേയും സഹിയ്ക്കത്തക്ക ക്ഷമാഗുണമുള്ളവനും, പ്രഭാവം മുതലായ അധൃഷ്യഗുണങ്ങളോടും സൌമ്യത്വം ദയ തുടങ്ങിയ അഭിഗമ്യഗുണങ്ങളോടും കൂടിയവനും, അല്ലെങ്കിൽ തേജസ്സ് നല്ല ഭാര്യന്മാർ നല്ല വിദ്യ ധാരാളം ധനം നല്ല ആരോഗ്യം മുതലായ ഗുണങ്ങളോടുകൂടിയവനും, ലോകപ്രസിദ്ധനുമായിത്തീരുന്നതാണ്.

ജനനസമയത്തു വ്യാഴം ഇടവം രാശിയിലോ തുലാം രാശിയിലോ നിന്നാൽ, എന്നും രോഗപീഡയില്ലാത്തവനും, ഉൽകൃഷ്ടമായ സുഖവും വളരെ ധനവും നല്ല ബന്ധുക്കളും ധാരാളം സൽപുത്രന്മാരുള്ളവനും, ദാനശീലനും സകലജനങ്ങൾക്കും പ്രീതികരനുമായിരിയ്ക്കുന്നതാണ്.

ജനനസമയത്തു വ്യാഴം മിഥുനം രാശിയിലോ കന്നി രാശിയിലോ ആണ് നിൽക്കുന്നതെങ്കിൽ, അയാൾക്കു ഗൃഹം വസ്ത്രം കട്ടിൽ തുടങ്ങിയ പലവിധത്തിലുള്ള സുഖസാധനങ്ങൾ, വളരെ പുത്രന്മാർ, അനേകം ബന്ധുക്കൾ ഇതുകളെല്ലാം ലഭിച്ച് സുഖം അനുഭവിപ്പാൻ സാധിയ്ക്കുന്നതിനു പുറമേ, രാജമന്ത്രിയായിത്തീരുവാനും കൂടി സംഗതി വരുന്നതാകുന്നു.

വ്യാഴത്തിന്റെ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഗുരുത്രികോണഗോ വാർക്കിഃ ഫലമേവം വിനിർദ്ദിശേൽ
ജീവാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ പിതൃനാശകൃൽ.
പുത്രസ്യ വിപദം ചാത്ര സൗഖ്യകാരക ഏവ സഃ
കൃഷിഭൂധനധാന്ന്യാനി ഭൃത്യലാഭം ച വിന്ദതി.

സാരം :-

വ്യാഴത്തിന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന ശനിയുടെ ദശാകാലത്തെ ദശാഫലം പൂർവ്വോക്തപ്രകാരം തന്നെയാണ്. വ്യാഴസ്ഥിതരാശിയുടെ 4 - 7 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പിതാവിനും പുത്രനും നാശം സംഭവിക്കുമെങ്കിലും ഈ ശനി സുഖകാരകനെന്ന് ആചാര്യന്മാർ നിർണ്ണയിച്ചിട്ടുള്ളതിനാൽ അക്കാലം കൃഷിയും ഭൂമിയും ധനധാന്യങ്ങളും ഭൃത്യന്മാരും വർദ്ധിക്കുകയും ചെയ്യും.

വ്യാഴത്തോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം

ഗുരുണാ സംയുതേ മന്ദേ പൂർവ്വഭാഗേ വിപൽ ഫലം
പശുധാന്യവിനാശം ച പശ്ചാദ്വിത്തം സുഖം തഥാ.

സാരം :-

വ്യാഴത്തോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം ആദ്യം ആപത്തും പശുവൃഷഭനാശവും ധനധാന്യഹാനിയും പിന്നീടു ധനസുഖങ്ങളും ലഭിക്കും.

വ്യാഴദശയിലെ രാഹുവിന്റെ അപഹാരകാലം

ബന്ധൂപതപ്തിരുരുമാനസരുഗ്ഗഭാർത്തി-
ശ്ചോരദ്ഭയം ഗുരുഗദോ ജാരമയശ്ച
രാജേന്ദ്രപീഡമരിവ്യസനം സ്വനാശം
സമ്പദ്യതേ ഹരതി സൂരിദശാം സുരാരൌ.

സാരം :-

വ്യാഴദശയിലെ രാഹുവിന്റെ അപഹാരകാലം ബന്ധുപീഡയും വലിയ മനോദുഃഖവും അനേകതരത്തിൽ ഉള്ള രോഗവും വിശേഷിച്ച് ഉദര വ്യാധിയും കള്ളന്മാരിൽ നിന്നും രാജാക്കന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും ഉപദ്രവവും ധനനഷ്ടവും അഥവാ മരണവും ഗുരുജനങ്ങൾക്ക്‌ രോഗാദ്യരിഷ്ടയും സംഭവിക്കും.

രാഹുവിനു മാരകത്വാദിലക്ഷണമുണ്ടെങ്കിൽ തൽപ്രായശ്ചിത്തമായി മൃത്യുഞ്ജയജപവും അജദാനവും ശാന്തിഹോമങ്ങളും ചെയ്കയും വേണം.

വ്യാഴദശയിലെ ചൊവ്വയുടെ അപഹാരകാലം

ബന്ധൂപതോഷണമരിവ്രജതോƒർത്ഥലാഭഃ
സുക്ഷേത്രസൽകൃതിരിഹ പ്രഥിതഭാവഃ
ഈഷദ്ഗുരൂപഹതിരീക്ഷണസൂക്ഷതിർവ്വാ
ക്ഷിത്യാത്മജേ ഹരതി വത്സരമാര്യജാതം.

സാരം :-

വ്യാഴദശയിലെ ചൊവ്വയുടെ അപഹാരകാലം ബന്ധുക്കളുടെ സന്തോഷവും ശത്രുക്കളിൽ നിന്ന് അർത്ഥലാഭവും നല്ല ഭൂമികളും സൽക്കാരങ്ങളും ലഭിക്കുകയും വലിയ പ്രഭാവം സിദ്ധിക്കുകയും ഗുരുജനങ്ങൾക്ക്‌ ചില നാശങ്ങൾ സംഭവിക്കുകയും നേത്രരോഗമുണ്ടാവുകയും കാര്യവിഘ്നം, സഞ്ചാരം, ജ്വരം, ധനനഷ്ടം, ഉത്സാഹഹാനി എന്നിവ സംഭവിക്കുകയും ഫലമാകുന്നു. ചൊവ്വക്ക് മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം സുബ്രഹ്മണ്യജപവും വൃഷഭദാനവും ശാന്തിഹോമങ്ങളും ചെയ്കയും വേണം.

വ്യാഴദശയിലെ ചന്ദ്രന്റെ അപഹാരകാലം

യോഷിൽബഹുത്വമരിനാശമർത്ഥലാഭം
കൃഷ്യർത്ഥവസ്തുപരമോന്നതകീർത്തിലാഭം
ദേവദ്വിജാർച്ചനപരത്വമതീവ പുംസാം
സഞ്ജായതേ ഗുരുദശാഹൃതി ശർവ്വരീശേ.

സാരം :-

വ്യാഴദശയിലെ ചന്ദ്രന്റെ അപഹാരകാലം വളരെ ഭാര്യമാരുണ്ടാവുകയും ശത്രുക്കൾ നശിക്കുകയും ധനവും കൃഷികാര്യവും ഭൂസ്വത്തും ഉന്നതിയും കീർത്തിയും ലഭിക്കുകയും ദേവന്മാരേയും ബ്രാഹ്മണരേയും പൂജിക്കുകയും മറ്റും ഗുണാനുഭവം ഫലം. ചന്ദ്രന് മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാലക്ഷ്മീജപം ചെയ്കയും വേണം.

വ്യാഴദശയിലെ സൂര്യന്റെ അപഹാരകാലം

ശത്രോർജയഃ ക്ഷിതിപമാനനകീർത്തിലാഭ-
സ്സ്യാച്ചണ്ഡതാ നരതുരംഗവാഹനാപ്തിഃ
ശ്രേണ്യഗ്രഹാരപുരരാഷ്ട്രസമസ്തസമ്പ-
ദുച്ചൈരുചത്ഥ്യസഹജായുരുപാഹൃതേƒർക്കേ.

സാരം :-

വ്യാഴദശയിലെ സൂര്യന്റെ അപഹാരകാലം ശത്രുക്കളെ ജയിക്കുക; രാജസമ്മാനം ലഭിക്കുക; വലിയ യശസ്സു നേടുക, പരാക്രമവും വാഹനങ്ങളും ഉണ്ടാവുക; തെരുവുകളിൽ നിന്നും സംഘങ്ങളിൽ നിന്നും ആഗ്രഹാരങ്ങളിൽനിന്നും നഗരങ്ങളിൽ നിന്നും സാമ്രാജ്യങ്ങളിൽനിന്നും സമ്പത്തുക്കൾ സിദ്ധിക്കുകയും എന്നിവ ഫലമാകുന്നു. സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം സൂര്യവാരവ്രതവും സൂര്യനമസ്കാരവും ശാന്തിഹോമങ്ങളും ചെയ്കയും വേണം

വ്യാഴദശയിലെ ശുക്രന്റെ അപഹാരകാലം

നാനാവിധാർത്ഥപശുധാന്ന്യപരിച്ഛദസ്ത്രീ-
പുത്രാന്നപാനശയനാംബരഭൂഷണാപ്തിഃ
ദേവദ്വിജാർച്ചനമുപാസനതൽപരത്വ-
മായുര്യദാ ഹരതി ജൈവമഥാസുരേഡ്യഃ

സാരം :-

വ്യാഴദശയിലെ ശുക്രന്റെ അപഹാരകാലം പലപ്രകാരത്തിലുള്ള ദ്രവ്യങ്ങളും പശുക്കളും ധാന്യങ്ങളും ഗൃഹോപകരണങ്ങളും ഭാര്യാപുത്രന്മാരും അന്നപാനങ്ങളും ശയനസാധനങ്ങളും വിശേഷവസ്ത്രാഭരണങ്ങളും ലഭിക്കുകയും ദേവന്മാരേയും ബ്രാഹ്മണരേയും പൂജിക്കുകയും മന്ത്രോപാസന അനുഷ്ഠിക്കുകയും ചെയ്യും. ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം ശുക്ലധേനുദാനവും മഹിഷീദാനവും ചെയ്കയും വേണം.

വ്യാഴദശയിലെ കേതുവിന്റെ അപഹാരകാലം

ശസ്ത്രവ്രണോ ഭവതി ഭൃത്യജനൈർവ്വിരോധ-
ശ്ചിത്തവ്യഥാ തനയയോഷിഷിദുപദ്രവശ്ച
പ്രാണച്യുതിർഗുരുസുഹൃജ്ജനവിയോഗോ
ദേവേഡ്യദായമപഹൃത്യ ദദാതി കേതുഃ

സാരം :-

വ്യാഴദശയിലെ കേതുവിന്റെ അപഹാരകാലം ആയുധാദികളിൽനിന്ന് ഉപദ്രവവും ഭൃത്യജനവിരോധവും മനോദുഃഖവും പുത്രന്മാർക്കും ഭാര്യയ്ക്കും രോഗാദ്യുപദ്രവവും ഗുരുജനങ്ങൾക്കും ബന്ധുക്കൾക്കും വിയോഗവും അഥവാ സ്വനാശവും ഫലമാകുന്നു. കേതു ബലവാനും ഇഷ്ടഭാവസ്ഥനുമാണെങ്കിൽ രത്നലാഭം തീർത്ഥയാത്ര ധനലാഭം മുതലായ ചില ഗുണങ്ങളും സിദ്ധിച്ചേക്കും.കേതുവിനു മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം അജദാനവും മൃത്യുഞ്ജയമന്ത്രജപഹോമങ്ങളും ചെയ്കയും വേണം.

വ്യാഴദശയിലെ ബുധന്റെ അപഹാരകാലം

സ്ത്രീദ്യൂതമദ്യജമഹാവ്യസനം ത്രിദോഷൈഃ
കേചിദ്വദന്ത്യപിച കേചന മംഗളാപ്തിം
ദേവദ്വിജാർച്ചനസുതാർത്ഥസുഖപ്രയോഗൈർ-
ഗീർവ്വാണപൂജിതദശാഹൃതി ചന്ദ്രസൂനൗ.

സാരം :-

വ്യാഴദശയിലെ ബുധന്റെ അപഹാരകാലം സ്ത്രീകളും ചൂതുകളിലും മദ്യപാനാദികളും നിമിത്തം ദുഃഖാനുഭവവും വാതപിത്തകഫജ (സന്നിപാതിക) ങ്ങളായ രോഗങ്ങളും ഫലമാകുന്നു. മറ്റു ചില ആചാര്യന്മാരുടെ അഭിപ്രായത്തിൽ ദേവബ്രാഹ്മണപൂജ, പുത്രലാഭം, ധനലാഭം, സുഖം മുതലായ മംഗളഫലങ്ങൾ ലഭിക്കുന്നതാണെന്നുമുണ്ട്. കച്ചവടക്കാരിൽനിന്നും രാജാക്കന്മാരിൽനിന്നും ധനലാഭവും സൽക്കർമ്മസിദ്ധിയും മറ്റും ഗുണഫലങ്ങളും പറയാവുന്നതാണ്. ബുധന്റെ ബലാബലങ്ങളും ഇഷ്ടാനിഷ്ടസ്ഥിതികളും നിരൂപിച്ചുതന്നെ ശുഭാശുഭഫലഭേദങ്ങളെ നിർണ്ണയിച്ചുകൊൾകയും വേണം. ബുധനു മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം ശിവസഹസ്രനാമമോ വിഷ്ണുസഹസ്രനാമമോ ജപിക്കയും സ്വർണ്ണദാനം ചെയ്കയും വേണം.

വ്യാഴദശയിലെ ശനിയുടെ അപഹാരകാലം

വേശ്യാങ്ഗനാമദകൃതാമിതദോഷസംഗഃ
സൽക്കർമ്മസൗഖ്യസകുടുംബപശുപ്രപീഡാഃ
അർത്ഥവ്യയോരുഭയമക്ഷിരുജസ്സുതാർത്തിർ-
ജൈവീം ദശാം വ്യശതി ദൈനകരേ നരാണാം.

സാരം :-

വ്യാഴദശയിലെ ശനിയുടെ അപഹാരകാലം വേശ്യാസംഗമംകൊണ്ടും മദ്യപാനാദികൾകൊണ്ടും പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടാവുകയും സൽക്കർമ്മങ്ങൾക്കും സുഖത്തിനും കുടുംബത്തിനും ദോഷവും പശുക്കൾക്ക് പീഡയും ധനനഷ്ടവും വലിയ ഭയവും കണ്ണുകളിൽ വ്യാധിയും പുത്രന്മാർക്ക് രോഗാദ്യരിഷ്ടയും ദ്വേഷബുദ്ധിയും മനോദുഃഖവും തൊഴിലിനു ഹാനിയും നേരിടുകയും ചെയ്യും. ശനിയുടെ മാരകത്വദോഷനിവൃത്തിക്കായി സഹസ്രനാമജപവും കൃഷ്ണഗോദാനവും ശാന്തിഹോമങ്ങളും ചെയ്കയും വേണം.

വ്യാഴദശയിലെ വ്യാഴാപഹാരകാലം

സൌഭാഗ്യകാന്തിബഹുമാനഗുണോദയശ്ച
സൽപുത്രസിദ്ധിരവനീപതിപൂജനം ച
ആചാര്യസാധുജനസംയുതിരിഷ്ടസിദ്ധിഃ
സംവത്സരം ഹരതി ദേവഗുരൗ സ്വകീയം.

സാരം :-

വ്യാഴദശയിലെ വ്യാഴാപഹാരകാലം സൗഭാഗ്യവും കാന്തിയും ബഹുമാനവും നല്ലഗുണങ്ങളും ഉന്നതിയും നല്ലപുത്രന്മാരും രാജസമ്മാനവും ഗുരുക്കന്മാരുടെയും സജ്ജനങ്ങളുടെയും സന്തോഷവും സകലകാര്യസിദ്ധിയും മറ്റും ഗുണങ്ങൾ ലഭിക്കുന്നതാണ്. വ്യാഴം ബലവാനും ഇഷ്ടഭാവസ്ഥനുമാണെങ്കിൽ ഈ ഗുണങ്ങൾ തികച്ചും അനുഭവിക്കുകയും ചെയ്യും. വ്യാഴത്തിനു മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം സഹസ്രനാമജപവും ശ്രീരുദ്രജപവും പശുദാനവും യഥാശക്തി ബ്രാഹ്മണഭോജനങ്ങളും പ്രായശ്ചിത്തം ചെയ്കയും വേണം.

വ്യാഴദശയിലെ അപഹാരഫലങ്ങൾ


  1. വ്യാഴദശയിലെ വ്യാഴാപഹാരകാലം 
  2. വ്യാഴദശയിലെ ശനിയുടെ അപഹാരകാലം 
  3. വ്യാഴദശയിലെ ബുധന്റെ അപഹാരകാലം 
  4. വ്യാഴദശയിലെ കേതുവിന്റെ അപഹാരകാലം 
  5. വ്യാഴദശയിലെ ശുക്രന്റെ അപഹാരകാലം 
  6. വ്യാഴദശയിലെ സൂര്യന്റെ അപഹാരകാലം 
  7. വ്യാഴദശയിലെ ചന്ദ്രന്റെ അപഹാരകാലം 
  8. വ്യാഴദശയിലെ ചൊവ്വയുടെ അപഹാരകാലം 
  9. വ്യാഴദശയിലെ രാഹുവിന്റെ അപഹാരകാലം 

ചൊവ്വയുടെ / ശുക്രന്റെ / ബുധന്റെ / ശനിയുടെ യോഗദൃഷ്ടിയോടുകൂടിയോ / രാഹുകേതുയുക്തനായോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

കുജേന യദി സംദൃഷ്ടേ ധനധാന്യസ്യ നാശനം
ഭൃഗുണാ സഹിതേ ദൃഷ്‌ടേ ബഹുസ്ത്രീധനധാന്യവിനാശനം

ബുധേന സഹിതേ ദൃഷ്ടേ ധനധാന്യവിനാശനം
പിതൃപീഡാം വ്യാധിഭയം ശത്രുബാധാം വിനിർദ്ദശേൽ

ശനിനാ സംയുതേ ദൃഷ്ടേ ഗ്രാമനേതാ ഭവേന്നരഃ
രാഹുകേതുസമായുക്തേ പിതൃനാശം ധനക്ഷയം.

സാരം :-

ചൊവ്വയുടെ യോഗദൃഷ്ടികളോടുകൂടി നിൽകുന്ന വ്യാഴത്തിന്റെ ദശാകാലം ധനധാന്യനാശം സംഭവിക്കും.

ശുക്രന്റെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം വളരെ ധനധാന്യങ്ങളും ബഹുസ്ത്രീസുഖവും അനുഭവിക്കും.

ബുധന്റെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധനധാന്യനാശവും പിതാവിന് അരിഷ്ടയും രോഗദുഃഖങ്ങളും ശത്രുക്കളിൽ നിന്ന് ഉപദ്രവവും അനുഭവിക്കും.

ശനിയുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ഗ്രാമാധിപത്യം ഉണ്ടാകും.

രാഹുകേതുയുക്തനായ വ്യാഴത്തിന്റെ ദശാകാലം പിതാവിന് ഹാനിയും ധനനാശവും സംഭവിക്കും. 

സൂര്യന്റെ യോഗദൃഷ്ടിയോടുകൂടിയോ / ചന്ദ്രന്റെ യോഗദൃഷ്ടിയോടുകൂടിയോ / ചന്ദ്രന്റെ അഞ്ചിലോ ഒമ്പതിലോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

സൂര്യേണ സഹിതേ ജീവേ രാജദ്വാരപ്രവേശനം
പുത്രലാഭം ധനം സൌഖ്യം ജയം ജനപദാർച്ചനം

രവിണാ വീക്ഷിതേ വാപി പിതൃപീഡാ തഥാ വിപൽ
ചന്ദ്രേണ സംയുതേ ദൃഷ്‌ടേ രാജരാജധികോ ഭവേൽ.

കിഞ്ചിൽ ക്ഷേത്രവിനാശം ച ധനധാന്യപരിക്ഷയം
ചന്ദ്രാൽ ത്രികോണഗേ വാപി ധനവാഹനലാഭകൃൽ

സാരം :-

സൂര്യനോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജസമ്മാനവും, പുത്രോല്പത്തിയും, ധനവും, സുഖവും, ജയവും ലഭിക്കുകയും ജനങ്ങളാൽ പൂജിക്കപ്പെടുകയും ചെയ്യും.

സൂര്യന്റെ ദൃഷ്ടിയോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം പിതാവിന് ഹാനിയോ രോഗദ്യുപദ്രവമോ ഉണ്ടാകും.

ചന്ദ്രന്റെ ദൃഷ്ടിയോ യോഗമോ ഉള്ള വ്യാഴത്തിന്റെ ദശാകാലം രാജാധിരാജനോ തത്തുല്യനോ ആയിത്തീരും. വിശേഷിച്ച് അല്പമായി ഭൂസ്വത്തും ധനധാന്യങ്ങളും ക്ഷയിക്കുകയും ചെയ്യും.

ചന്ദ്രന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധനധാന്യങ്ങളും വാഹനങ്ങളും ലഭിക്കും. 

മീനം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

മീനാശ്രിതജീവദശാ
ധനധാന്യക്ഷേത്രഭോഗസൌഖ്യയുതം
കുരുതേƒടനം നൃപാർച്ചിത-
മുദാരശീലം സുപണ്യകർമ്മരതം.

സാരം :-

മീനം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധാനവ്യം ധനവും കൃഷിയും സുഖാനുഭവവും ഭൂസ്വത്തും ഉണ്ടാകുകയും സഞ്ചാരവും രാജപൂജയും ലഭിക്കുകയും ദാനകാര്യങ്ങളെ ചെയ്കയും പുണ്യകർമ്മങ്ങളിൽ താല്പര്യം ജനിക്കുകയും ചെയ്യും.

കുംഭം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ഘടഗതധിഷണദശായാം
ഘടതേ നൃപതേർദ്ധനം സുഖം ഭാഗ്യം
ദേവദ്വിജഗുരുപൂജാ-
നിരതഃ കാമാതുരോ മഹോത്സാഹീ.

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജാവിങ്കൽ നിന്നു ധനവും സുഖവും ഭാഗ്യവും ലഭിക്കുകയും ദേവന്മാരെയും ബ്രാഹ്മണരെയും ഗുരുക്കന്മാരേയും പൂജിക്കുകയും കാമപീഡിതനാകയും ഏറ്റവും ഉത്സാഹമുള്ളവനായിരിക്കുകയും ഫലമാകുന്നു.

മകരം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

നീചഗതജീവദായേ
സുതദാരസുഖപ്രണാശമുന്മാദം
ബഹുവിതചിന്താം സ്ഥാന-
ഭ്രംശം ലഭതേƒരിചോരനൃപപീഡാം.

സാരം :-

മകരം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം പുത്രനും ഭാര്യയ്ക്കും സുഖത്തിനും ഹാനിയും ബുദ്ധിഭ്രമവും പലവിധത്തിലുള്ള ചിന്തയും സ്ഥാനഭ്രംശവും കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും രാജാക്കന്മാരിൽനിന്നും ഉപദ്രവവും സംഭവിക്കും.

ധനു രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ധിഷണദശായാം ധനുഷി
പ്രജ്ഞാവാൻ ഭവതി വിത്തസമ്പന്നഃ
ഇതിഹാസപുരാണാതഃ
ക്ഷിതിപതിപൂജ്യസ്സുഖീ വിനീതശ്ച.

സാരം :-

ധനു രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ബുദ്ധിവർദ്ധനവും ധനപുഷ്ടിയും ഭാഗവതാദിപുരാണങ്ങളിലും രാമായണാദി ഇതിഹാസങ്ങളിലും താൽപര്യവും രാജപൂജയും, സുഖവും സുശിക്ഷിതത്വവും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.