പ്രതിഷ്ഠാമുഹൂർത്തം

പക്ഷേച്ഛേയന ഉത്തരാന്നഭമഖാ
സ്വിഷ്ടാഃ പ്രതിഷ്ഠാദയൊ
വർജ്യാ വാരുണ സൗര്യസൃക്ദിനധനുർ
മ്മേഷൈണ ജൂകാ ഇഹ.

ധീ സ്ഥാരന്ധ്ര ശുഭാന്ത്യഗാ അപിഖരാഃ
പൂർവ്വൗനിശാത്ര്യംശകൗ
വിദ്ധർക്ഷംച; മതോഷ്ടബന്ധഉഭയോഃ
പക്ഷായനദ്വന്ദ്വയോഃ

സാരം :-

ദേവപ്രതിഷ്ഠക്ക് ഉത്തരായനം മുഖ്യം, ഉത്തരായനത്തിലെ പൂർവ്വപക്ഷവും കുട്ടികളുടെ ചോറുണിന്നു വിധിച്ചിട്ടുള്ള നക്ഷത്രങ്ങളിൽ (ഊണ്‍ നാളുകൾ) ചതയം ഒഴികെയുള്ള നക്ഷത്രങ്ങളും മകവും ദേവപ്രതിഷ്ഠക്ക് ഉത്തമങ്ങളാണ്.

കുര്യാൽ പ്രതിഷ്ഠാം ദേവാനാ മുത്തരായണഗെ രവൗ
പൂർവ്വപക്ഷെഹ്നിരാത്രൗചപശ്ചിമത്ര്യംശകെ ശുഭം

എന്നതിന് പ്രത്യേകം വിധിയുണ്ട്. ഉത്തരായനത്തിൽ കുംഭമാസം ദേവപ്രതിഷ്ഠക്ക് മധ്യമെന്നു പറയുന്നു.

ത്യാജ്യം ദക്ഷിണമന്യദിഷ്ഠമയനം ദേവപ്രതിഷ്ഠാപനെ
കുംഭേ ഭാനുരനിഷ്ടകൃൽസചശുഭൊ ജീവേനദൃഷ്‌ടോഥവാ.

എന്നിതിനു വിധിയുണ്ട്.

ഉത്തരായനത്തിൽ പൗഷ, മാഘ മാസങ്ങൾ ദേവപ്രതിഷ്ഠക്ക് അത്യുത്തമമാണ്. പ്രതിഷ്ഠക്കും അഷ്ടബന്ധം ദ്രവ്യകലശം എന്നിവയ്ക്ക് പ്രതിഷ്ഠാമുഹൂർത്തം താനെ വിധിച്ചിരിക്കുന്നു.

പുഷ്യാന്ത്യ മാതൃസൂര്യാജചന്ദ്ര സ്വാത്യുത്തരാശുഭാഃ
പിതൃചിത്രാശ്വിനിമൈത്ര വസവസ്ഥാപനെ സമാഃ
മാധവസ്യ പ്രതിഷ്ഠായാം മാധവർഷം ച ശസ്യതെ.

എന്ന് വിധി

ശനിയും വെള്ളിയും ദേവപ്രതിഷ്ഠക്ക് കൊള്ളില്ല.

ശുക്രേന്ദു ജീവസൗമ്യാനാം ദിവസേചാംശകെ തഥാ.
ദ്രേക്കാണെ കാലഹോരായാസ്ഥാപനം സംപ്രശസ്യതെ.

എന്ന് വസിഷ്ഠ വിധികാണുന്നു. ഇതു പ്രകാരം ദേവപ്രതിഷ്ഠക്ക് ഞായറാഴ്ചയും ഉത്തമമല്ല.

രാശികളിൽ മേടം മകരം തുലാം ധനു എന്നീ നാലും ദേവപ്രതിഷ്ഠക്ക് വർജിക്കണം. ശിഷ്ടം എട്ടു രാശികൾ ദേവപ്രതിഷ്ഠാ മുഹൂർത്തത്തിനുത്തമം.

വർജ്യാദേവ പ്രതിഷ്ഠായാം ചാപാജൈണതുലാധരാഃ
രാശയ സ്തു സ്ഥിരാശ്രേഷ്ഠ ദേവീനാമുഭയാഃ ശുഭാഃ
പ്രശസ്താ രാശയാ ശ്ലേഷാ വർജനീയാഃ പ്രയത്നതഃ

എന്നാണ് ശാസ്ത്ര വിധി.

സ്ഥിരരാശികൾ ദേവപ്രതിഷ്ഠക്ക് അത്യത്തമങ്ങളും ഉഭയരാശികൾ ദേവപ്രതിഷ്ഠക്ക് മധ്യമങ്ങളും ചരരാശികൾ ദേവപ്രതിഷ്ഠക്ക് വർജ്യങ്ങളുമാകുന്നു. 

ഊർദ്ധ്വമുഖരാശി ദേവപ്രതിഷ്ഠക്ക് ശ്രേഷ്ഠം, തിര്യങ്ങ്മുഖരാശി ദേവപ്രതിഷ്ഠക്ക് മധ്യമം, അധോമുഖരാശി ദേവപ്രതിഷ്ഠക്ക് അധമം.

മേഷെ വംശവിനാശായ വൃഷഭ സർവ്വസമ്പദഃ
മിഥുനേ സ്യുഃ സർവ്വെ കർക്കടേചാർത്ഥനാശനം
ഇഷ്ടാർത്ഥസിദ്ധി സിംഹെസ്യാൽ കന്യായാംതു ശുഭായദി
തുലായാം മരണംശീഘ്രം വൃശ്ചികെ സർവ്വസമ്പദഃ
ചാപെ വിത്ത സുഖധ്വംസൊമകരെചാർത്ഥനാശനം
കുംഭേധനസമൃദ്ധിസ്യാൽ മീനെ തൽ സർവ്വശോഭനം.

എന്നിങ്ങനെ പ്രതിഷ്ഠാരാശിഫലമുണ്ട്‌.

പ്രതിഷ്ഠാമുഹൂർത്ത ലഗ്നത്തിന്റെ 5, 8, 9, 12, എന്നീ ഭാവങ്ങളിൽ എല്ലാ പാപഗ്രഹങ്ങളും വർജിക്കണം.

വ്യയധർമ്മാഷ്ടധീസംസ്ഥാഃ പാപഹന്യുർ യഥാക്രമം 
ആചാര്യം ചാന്ന ദാതാരം ശില്പിനം പ്രതിമാമപി.

എന്നതാണ് ശാസ്ത്രവിധി.

രാത്രികാലം ദേവപ്രതിഷ്ഠക്ക് വിധിയ്ക്കുകയാണെങ്കിൽ രാത്രിയെ മൂന്നായി ഭാഗിച്ച് ആദ്യത്തെ രണ്ടു ഭാഗം ദേവപ്രതിഷ്ഠക്ക് ഒഴിവാക്കണം. മൂന്നാമത്തെ ഭാഗം ദേവപ്രതിഷ്ഠക്ക് സ്വീകാര്യമാണ്. ദേവപ്രതിഷ്ഠാമുഹൂർത്തത്തിനു വേധനക്ഷത്രങ്ങളും ഗ്രഹവേധങ്ങളും ഒഴിവാക്കണം. എങ്ങനെയെന്നാൽ

1). അശ്വതി, മകം, മൂലം, ആയില്യം, തൃക്കേട്ട, രേവതി

2). കാർത്തിക, ഉത്രം, ഉത്രാടം, പുണർതം, വിശാഖം, പൂരോരുട്ടാതി

3). ഭരണി, പൂരം, പൂരാടം, പൂയ്യം, അനിഴം, ഉത്രട്ടാതി

4). രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി ചതയം

5). മകീര്യം, ചിത്ര, അവിട്ടം.

ഈ കൊടുത്ത 5 വർഗ്ഗങ്ങളിൽ വെച്ച് ഏതെങ്കിലും ഒന്നിൽ വ്യാഴമോ പാപഗ്രഹങ്ങളോ നിന്നാൽ ആ വർഗ്ഗം വേധ ദുഷിതമാണ്. അതിനാൽ ആ നക്ഷത്രങ്ങൾ ദേവപ്രതിഷ്ഠക്ക് കൊള്ളരുത്. എന്നാൽ വ്യാഴം നിൽക്കുന്ന നക്ഷത്രം മാത്രം കൊള്ളാവുന്നതാണ്. ആ വർഗ്ഗത്തിലെ മറ്റു നക്ഷത്രങ്ങൾ ഒരിക്കലും സ്വീകാര്യമല്ല. പാപഗ്രഹം നിൽക്കുന്ന നക്ഷത്രവർഗ്ഗങ്ങളിൽ ഒന്നും കൊള്ളരുത്. രാഹു നിൽക്കുന്ന നക്ഷത്രം ഒഴിവാക്കി ആ വർഗ്ഗത്തിലെ മറ്റു നക്ഷത്രങ്ങൾ സ്വീകരിക്കാവുന്നതാണ്.

പ്രതിഷ്ഠാവിഷയത്തിൽ തന്ത്രിയുടെയും ക്ഷേത്രാധികാരികളുടേയും ഗ്രാമാധിപന്റെയും ജന്മാഷ്ടമരാശികളെ ദേവപ്രതിഷ്ഠക്ക് വർജിക്കണം. ജന്മാഷ്ടമചന്ദ്രൻ ദേവപ്രതിഷ്ഠക്ക് നിന്ദ്യമാണ്. സങ്കോച കലശങ്ങളിൽ ദേവന്റെ ജന്മാഷ്ടമരാശിയും വർജ്യമാണ്.

ആചാര്യസ്യച ദേവസ്യതത്തൽ ഗ്രാമാധിപസ്യ ച
അഷ്ടമോ രാശിരശുഭഃ ശേഷാഃ സർവ്വെശുഭാവഹ.

എന്നതിന്റെ ശാസ്ത്രവിധി

തിരുവോണം വിഷ്ണുദൈവത്യം; തിരുവാതിര ശിവദൈവത്യം എന്നിങ്ങനെ അതാതു ദേവനക്ഷത്രങ്ങളറിഞ്ഞു അവരുടെ കലശാദികൾക്ക് അതിന്റെ അഷ്ടമരാശിയെ വർജിക്കണം. ദേവൻ സ്വയംഭൂവായും ദേവനക്ഷത്രം അറിയാതേയും വരുന്നേടത്ത്മാത്രമാണ് കർത്തൃദോഷം ചിന്തിക്കേണ്ടത്. പ്രതിഷ്ഠാനക്ഷത്രം അറിവില്ലെന്നു വന്നാൽ അഷ്ടമരാശ്യാദികൾ ചിന്തിക്കേണ്ടതില്ല. ഇപ്രകാരമുള്ളവയും നിത്യദോഷങ്ങളും ഷൾദോഷങ്ങളും കർത്തൃദോഷങ്ങളും ദേവപ്രതിഷ്ഠക്ക് വർജനീയം തന്നെ.


********************************

ഊണ്‍ നാളുകൾ

പുണർതം, പൂയം, അവിട്ടം, അത്തം, ചോതി, രോഹിണി, തിരുവോണം, മകീര്യം, അനിഴം, ചിത്ര, ചതയം, അശ്വതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, രേവതി

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.