അപഹാരകാലത്തെ വരുത്തുവാനുള്ള ക്രിയ

സ്ഥാനാന്യഥൈതാനി സവർണ്ണയിത്വാ
സർവ്വാണ്യധഃ ഛേദവിവർജ്ജിതാനി
ദശാബ്ദപിണ്ഡേ ഗുണനാ യഥാംശം
ഛേദസ്തദൈക്യേന ദശാപ്രഭേദഃ

സാരം :-

അപഹാരങ്ങളെ വരുത്തുവാനുള്ള ഗുണകാരഹാരകങ്ങളെ ഉണ്ടാക്കുവാനാണ് ആദ്യം പറയുന്നത്. ഒന്നാമത്തെ സ്ഥാനത്തു മുകളിലും അതിന്റെ നേരെ ചുവട്ടിലും ഓരോന്നും, രണ്ടാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും ചുവട്ടിൽ രണ്ടും, മൂന്നാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും ചുവട്ടിൽ മൂന്നും, നാലാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും ചുവട്ടിൽ ഏഴും, അഞ്ചാമത്തെ സ്ഥാനത്തു മുകളിൽ ഒന്നും അതിന്നു ചുവട്ടിൽ നാലും വീതം സംഖ്യയായി അഞ്ചു സ്ഥാനത്തു വെയ്ക്കുക. പിന്നെ ഈ അഞ്ചു സ്ഥാനങ്ങളേയും "ലീലാവതി" യിൽ പറഞ്ഞ പ്രകാരം സവർണ്ണീകരണം ചെയ്ത് എല്ലാറ്റിനേയും അപവർത്തിച്ചാൽ ഒന്നാമത്തെ സ്ഥാനം മുതൽ ക്രമത്തിൽ 84 - 42 - 28 - 12 - 21 ഇങ്ങനെ വരുന്നതാണ്. അഞ്ചു സ്ഥാനത്തിന്റെയും ചുവട്ടിൽ 48 വീതവും വരുന്നതാണ്. മേലിൽ ക്രിയക്ക് ചുവട്ടിലെ സംഖ്യകൊണ്ട് ആവശ്യമില്ലാത്തതിനാൽ അത് മുഴുവനും കളയാവുന്നതാണ്. മേൽകാണിച്ച 84 - 42 മുതലായ അഞ്ചു സംഖ്യകളും അപഹാരം വരുത്തുന്നതിലെ ഗുണകാരകങ്ങളാകുന്നു. അവ ഒക്കയും തമ്മിൽ കൂട്ടിയാൽ ഉണ്ടാവുന്ന "സൌന്ദര്യം" (187) അവിടെ ഹാരകവുമാകുന്നു. ഏതു ദശയിലെ അപഹാരമാണോ അറിയേണ്ടത് ആ ദശാസംവത്സരം (മാസദിവാസാദികളുണ്ടെങ്കിൽ അവയടക്കം) ഗുണ്യവുമാണ്.

ഇനി അപഹാരം വരുത്തുവാനാണ് പറയുന്നത്. അപഹാരം വരുത്തുന്നേടത്ത് മൂലദശാധിപന്നു വേദം (84) എന്നും, ഈ മൂലദശാധിപനോടുകൂടി നിൽക്കുന്നവർക്ക്‌ രംഭ (42) എന്നും, മൂലദശാനാഥന്റെ 5 - 9 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർക്ക് ഹര (28) എന്നും, എഴിൽ നിൽക്കുന്നവർക്ക് പ്രിയം (12) എന്നും മൂലദശാനാഥന്റെ 4 - 8  എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർക്ക് പുത്ര (21) എന്നും, ഗുണകാരകമാണെന്നും മറ്റൊരു വിധത്തിൽ പറയാവുന്നതാണ്. ഇതുതന്നെ ക്രിയാരൂപേണ ഒന്നുകൂടി വ്യക്തമാക്കാം.


അവിടെ മൂലദശാനാഥനോടുകൂടിയോ മൂലദശാനാഥന്റെ 5 - 9 - 7 - 4 - 8 എന്നീ ഭാവങ്ങളിലോ ഗ്രഹങ്ങളൊന്നുമില്ലെങ്കിൽ ഗുണകാരവും ഹാരകവും വേദം എന്നുതന്നെയാകുന്നു. അപ്പോൾ ദശാകാലം മുഴുവനും തദധിപന്റെ അപഹാരമായി വരുന്നതാണല്ലോ. മൂലദശാധിപതിയോടുകൂടി വേറെ ഒരു ഗ്രഹവും കൂടിയുണ്ടെങ്കിൽ മൂലദശധിപന്റെ ഗുണകാരമായ "വേദ" വും കൂടി നിൽക്കുന്നവന്റെ ഗുണകാരമായ "രംഭ" യും ഒന്നിച്ചുകൂട്ടിയ "ചരകം" (126) ഹാരകമാകുന്നു. ഇവിടെ മൂലദശാസംവത്സരം രണ്ടു ദിക്കിൽവെച്ച് ഒന്നു വേദംകൊണ്ട് പെരുക്കി ഈ "ചരകം" കൊണ്ട് ഹരിച്ചതു ദശാനാഥന്റെയും, മറ്റേതിനെ "രംഭ" യെക്കൊണ്ടു പെരുക്കി "ചരകം" കൊണ്ടുതന്നെ ഹരിച്ചതുകൂടി നിൽക്കുന്നവന്റെയും അപഹാരമാകുന്നു. ഇവിടെ ആദ്യം ഹരിച്ചു കിട്ടുന്നത് സംവത്സരവും, ബാക്കിയെ 12 - 30 - 60 ഇങ്ങനെ പെരുക്കി "ചരകം" കൊണ്ട് ഹരിച്ചാൽ മാസദിവസനാഴികകളും കിട്ടുന്നതാണ്. ഇവിടെ കൂടി നിൽക്കുന്ന ഗ്രഹം ഒന്നിലധികമുണ്ടെങ്കിൽ ആ ഗ്രഹസംഖ്യകൊണ്ടു "രംഭ" യെ പെരുക്കി "വേദ" ത്തിൽ കൂട്ടിയത് ഹാരകമാകുന്നു. മൂലദശാസംവത്സരം വേറെ വേറെ വെച്ച് ഒന്നിനെ "വേദം' കൊണ്ടും മറ്റെല്ലാറ്റിനേയും രംഭയെക്കൊണ്ടും പെരുക്കി ഈ ഹാരകം കൊണ്ടു ഹരിച്ചാൽ ദശാധിപന്റെയും  കൂടിനിൽക്കുന്നവരുടേയും അപഹാരങ്ങൾ വെവ്വേറെ കിട്ടുന്നതാണ്. ഇവിടേയും ബലാധിക്യത്തെ അറിയേണ്ടത് ഈ അദ്ധ്യായത്തിലെ രണ്ടാം ശ്ലോകവ്യാഖ്യാനത്തിൽ പറഞ്ഞപ്രകാരമാകുന്നു. ലഗ്നദശയുടെ അപഹാരമാണ് വരുത്തുന്നതെങ്കിൽ ലഗ്നഭാവത്തെ ഒരു ഗ്രഹസ്ഫുടമെന്നു കല്പിച്ച് ആ സ്ഫുടവും, അപഹാരാധിപന്റെ ഭാവസന്ധിയും തമ്മിലുള്ള അന്തരം കൊണ്ടാണ് മേൽപ്പറഞ്ഞപ്രകാരം ക്രിയ ചെയ്യേണ്ടതെന്നും അറിയുക.  


മുൻപറഞ്ഞ സ്ഥാനങ്ങളിൽ മൂലദശാനാഥന്റെ അഞ്ചിലോ ഒമ്പതിലോ മാത്രവും ഒരു ഗ്രഹം മാത്രവുമാണുള്ളതെങ്കിൽ "ഹര" നും "വേദ' വും ഗുണകാരവും അതു രണ്ടും കൂട്ടിയ "പ്രിയകൃൽ" എന്നത് ഹാരകവുമാകുന്നു. മൂലദശാസംവത്സരത്തെരണ്ടുദിക്കിൽ വെച്ച് ഈ ഗുണകാരങ്ങളെക്കൊണ്ട് യഥാക്രമം പെരുക്കി ആ ഹാരകം (112) കൊണ്ട് ഹരിച്ചാൽ അപഹാരങ്ങൾ വരും. ഇവിടേയും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ മുൻപറഞ്ഞതുപോലെ ഗ്രഹസഖ്യയോളം "ഹര" നെ 'വേദ" ത്തോടും ഒന്നിച്ചുകൂട്ടിയത് ഹാരകവും, മൂലദശാസംവത്സരം ഗുണ്യവുമാകുന്നു. ഈ ത്രികോണസ്ഥന്മാരുടെ അപഹാരം കഴിഞ്ഞതിനു ശേഷമേ മൂലദശാധിപന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്നവർക്ക്‌ അപഹാരമുള്ളൂ. ഈ സ്ഥാനത്തും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ മുൻപറഞ്ഞതുപോലെ ബലവാന്റെ അപഹാരം ആദ്യവും, വിബലന്റെ അപഹാരം ഒടുവിലും അനുഭവിയ്ക്കുന്നതാണ്.

മൂലദശാധിപന്റെ ഏഴാം ഭാവത്തിൽ മാത്രമേ ഗ്രഹം നിൽക്കുന്നുള്ളുവെങ്കിൽ "പ്രിയ" വും "വേദ" വും "ഗുണകാര" ങ്ങളും അവരണ്ടും തമ്മിൽ കൂട്ടിയ "താളം" (96) ഹാരകവുമാകുന്നു. ഈ സപ്തമസ്ഥന്മാരുടെ അപഹാരം കഴിഞ്ഞേ മൂലദശാനാഥന്റെ നാലും എട്ടും ഭാവങ്ങളിൽ നിൽക്കുന്നവർക്ക് അപഹാരമുള്ളു. അവിടേയും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ ബലക്രമത്തെ അനുസരിച്ച് അപഹാരക്രമവും കല്പിയ്ക്കണം.

ദാശാധിപന്റെ 4 - 8 എന്നീ ഭാവങ്ങളിൽ ഒന്നിൽ മാത്രവും ഒരു ഗ്രഹം മാത്രവുമാണുള്ളതെങ്കിൽ "പുത്ര" നും "വേദ" വും ഗുണകാരങ്ങളും, അതുകൾ കൂട്ടിയ "മുനയഃ" (105) എന്നു ഹാരകവുമാകുന്നു. എല്ലാടവും മൂലദശഗുണ്യമാണെന്നും മറ്റും മുമ്പു പറഞ്ഞപോലെ കണ്ടുകൊൾകയും വേണം.

ദശാപതിയോടുകൂടി ഒന്നും, ദശാധിപന്റെ 5 - 9 എന്നീ ഭാവങ്ങളിൽ ഒന്നിൽ മാത്രം ഒന്നും, ദാശാധിപന്റെ ഏഴാം ഭാവത്തിൽ ഒന്നും, 4 - 8 എന്നീ ഭാവങ്ങളിൽ ഒന്നിൽ മാത്രം ഒന്നും ആയിട്ടാണ് ഗ്രഹങ്ങളോ ലഗ്നമോ നിൽക്കുന്നതെങ്കിൽ (മൂലദശാധിപൻ അടക്കം അഞ്ച് ഗ്രഹങ്ങൾ മാത്രമേ അപഹാരകർത്താക്കാരായിട്ടുള്ളുവെങ്കിൽ എന്ന് സാരം) വേദം - രവി - ഹരം - പ്രിയം - പൂരം എന്നീ അഞ്ചു ഗുണകാരങ്ങളും കൂട്ടിയ 'സൌന്ദര്യ' ത്തിൽ കൂടിയതാണ് അവിടെ ഹാരകം. പിന്നെ മൂലദശാസംവത്സരം വേറെവേറെ വെച്ച് ഈ ഗുണകാരങ്ങളെക്കൊണ്ടു പെരുക്കി എല്ലാറ്റിനേയും ഈ ഹാരകം കൊണ്ടു ഹരിച്ചാൽ എല്ലാ ഗ്രഹങ്ങളുടേയും അപഹാരം കിട്ടുന്നതാണ്. ഈ എല്ലാ സ്ഥാനങ്ങളിലും ഗ്രഹങ്ങളില്ലെങ്കിൽ ഉള്ള സ്ഥാനങ്ങളിലെ ഗുണകാരകങ്ങളൊക്കെ കൂട്ടിയതാണ് അവിടെ ഹാരകം, പിന്നെ മുൻ പറഞ്ഞതുപോലെ അപഹാരങ്ങളെ വരുത്തേണ്ടതുമാണ്. എല്ലാ അപഹാരവും കൂടി കൂട്ടിയാൽ മൂലദശാസംവത്സരമാകുന്നതാണെന്നും അറിയുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.