പ്രശ്നത്തിനും ജാതകത്തിനും തമ്മിലുള്ള വ്യത്യാസം

ജാതകത്തിലേയ്ക്ക് വേണ്ടി ആരെങ്കിലും ശിശുവിന്‍റെ ജനന സമയവും തിയ്യതിയും നക്ഷത്രവും ജ്യോതിഷനെ (ദൈവജ്ഞനെ) അറിയിക്കുമ്പോള്‍ അതില്‍ സ്വാഭാവികമായും താഴെ പറയുന്ന കാര്യങ്ങളെക്കൊണ്ട് തെറ്റുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്.

ജനനം കഴിഞ്ഞ് വളരെ സമയം കഴിഞ്ഞതിനു ശേഷം പ്രസവവുമായി നേരിട്ട് ബന്ധപ്പെടാത്ത മറ്റ് ആരോ ആണ് ജ്യോതിഷനോട് ശിശുവിന്‍റെ ജനനസമയം അറിയ്ക്കുന്നത്.

പ്രസവം നോക്കുന്ന ഡോക്ടര്‍ക്കോ നഴ്സിനോ ജാതകത്തിനുവേണ്ടി ജനനം കുറിക്കേണ്ട യഥാര്‍ത്ഥ സമയം പൊക്കിള്‍ കൊടി മുറിക്കുന്ന സമയമാണ് എന്നറിയാത്തത് കൊണ്ട് ചിലര്‍ ശിരസ്സ്‌ കാണുന്ന സമയത്തേയും ചിലര്‍ ശിശു കരയുന്ന സമയത്തേയും പ്രസവസമയമായി കണക്കാക്കുന്നു. ചിലര്‍ക്ക് പ്രസവത്തില്‍ ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ട് ശരിയായ സമയം ഓര്‍മ്മിക്കാന്‍ സാധിക്കാതെ ഒരു ഏകദേശ സമയം പറയാറുമുണ്ട്.

രാത്രി 12 മണിക്ക് മുകളില്‍ നടക്കുന്ന ജനനത്തില്‍ പലരും ഇംഗ്ലീഷ് തിയ്യതി തെറ്റായിട്ട് അറിയ്ക്കുന്നു. തിയ്യതി ഇംഗ്ലീഷില്‍ പറയുകയും സമയം മലയാളത്തില്‍ പറയുകയും ചെയ്താണ് ഇവര്‍ ഈ തെറ്റ് വരുത്തുന്നത്. 

കേരളത്തില്‍ ചില പ്രദേശങ്ങളില്‍ മാസാരംഭ മലയാള തിയ്യതികള്‍ സ്വീകരിക്കുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. സൂര്യസംക്രാന്തി ഉച്ചയ്ക്ക് മുമ്പായാല്‍ അന്നേ ദിവസം തന്നെ മാസം ആരംഭിച്ചതായി കണക്കാക്കും. ചിലര്‍ അടുത്ത ദിവസം മുതല്‍ മാസാരംഭം കണക്കാക്കും. ഈ കണക്കനുസരിച്ച് കുംഭം 30 ന് നടക്കുന്ന ജനനം മീനം 1 ആയി വരും. ഇതിലും ലഗ്നവും രാശിസ്ഥിതികളുമെല്ലാം മാറിപ്പോകും.

പ്രശ്നത്തിലാകട്ടെ മേല്‍പറഞ്ഞ തെറ്റുകള്‍ സംഭവിക്കുകയില്ല. പ്രശ്ന സമയം ജ്യോതിഷി (ദൈവജ്ഞന്‍) നേരിട്ടാണ് കുറിക്കുന്നത്. പ്രസവ സമയം പോലെ പ്രശ്ന സമയത്തിന് അനിശ്ചിതത്വമില്ല. തിയ്യതി വ്യത്യാസം പ്രശ്നത്തിന് ബാധകമല്ല.

ജാതകത്തില്‍ ജാതകന്‍റെ പുരുഷായുസ്സു മുഴുവനുള്ള 12 ഭാവങ്ങളെ സംബന്ധിച്ച ഫലങ്ങള്‍ വ്യക്തമാകുന്നു. പ്രശ്നത്തിലാകട്ടെ പ്രശ്നകര്‍ത്താവിന്‍റെ തത്കാലത്തേക്കുള്ളതോ അഥവാ സമീപ ഭാവിയിലേക്കുള്ളതോ ആയ ഒന്നോ രണ്ടോ കാര്യങ്ങളെ സംബന്ധിച്ച ഫലങ്ങള്‍ മാത്രമാണ് ചിന്തിക്കാന്‍ കഴിയുന്നത്. ജാതകം ജനനം മുതല്‍ മരണം വരെയുള്ള അനുഭവങ്ങളെപ്പറ്റി സാമാന്യമായി പറയുമ്പോള്‍ പ്രശ്നം ഒരു പ്രത്യേക സമയത്ത് നടക്കുന്ന നിശ്ചിത സംഗതിയെപ്പറ്റി ഒരു ചെറിയ കാലഘട്ടത്തിലേയ്ക്ക് നിശ്ചിത പ്രവചനം നടത്തുന്നു. ജാതകത്തില്‍ ഒരു പുരുഷായുസ്സു മുഴുവന്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ പ്രശ്നത്തില്‍ ഏതാനും ദിവസത്തേയ്ക്കുള്ള അനുഭവമാണ് ചര്‍ച്ചാവിഷയമാകുന്നത്.

ജാതകഫലത്തിന് പരപ്പും വൈവിധ്യവും ഉള്ളപ്പോള്‍ പ്രശ്നത്തിന് സൂക്ഷ്മതയും ഏകതാനതയും കൂടും.

ജാതകം പൂര്‍വ്വജന്മാര്‍ജിത പുണ്യ പാപ ഫലങ്ങളെയാണ് വിവരിക്കുന്നത്. ഈ ഫലങ്ങള്‍ക്ക് ഇഹ ജന്മ കൃത പുണ്യ ഫലങ്ങളെക്കൊണ്ട് മാറ്റം വരാം. അതുകൊണ്ട് ജാതകത്തിന്‍റെ അടിസ്ഥാനത്തില്‍ പറയുന്ന ഫലങ്ങള്‍ക്കും യഥാര്‍ത്ഥ ഫലങ്ങള്‍ക്കും വ്യത്യാസം വരാം. ജാതകത്തില്‍ ആയുര്‍ദോഷം കാണിക്കുന്ന വ്യക്തി ജപദാന പുണ്യാദികള്‍ കഴിച്ചാല്‍ ആയുര്‍ദോഷത്തിന് പരിഹാരം ലഭിയ്ക്കും. ഈ ചുറ്റുപാടില്‍ ജാതകഫലം ശരിയായി വരുകയില്ല. മുന്‍ ജന്മത്തില്‍ ചെയ്ത ഏതു കര്‍മ്മത്തിന്‍റെ ഫലമാണ് ഇപ്പോള്‍ അനുഭവിയ്ക്കുന്നത് എന്നും ഇഹ ജന്മത്തില്‍ ചെയ്ത ഏതു പുണ്യ പാപ ഫലങ്ങളാണ് അനുഭവിയ്ക്കുന്നത് എന്നും പ്രശ്നം വ്യക്തമാക്കുന്നു. അതുകൊണ്ട് പ്രശ്നഫലം തെറ്റാറില്ല.

ജാതകത്തില്‍ ജനനസമയത്തിന് മാത്രമേ പ്രസക്തിയുള്ളൂ. പ്രശ്നത്തില്‍ ചോദ്യകര്‍ത്താവിനാണ് പ്രസക്തിയും പ്രാമുഖ്യവും. പ്രശ്നത്തില്‍ ചോദ്യ കര്‍ത്താവ് പ്രശ്ന ദേശമായും രാശിയുമായും പ്രശ്ന കാലവുമായും ബന്ധപ്പെടുന്നു. പ്രശ്ന കര്‍ത്താവ് വന്ന് നില്‍ക്കുന്ന സ്ഥാനത്തിനും - ആരൂഢ രാശിക്കും - ചോദ്യം ചോദിക്കുന്ന സമയത്തിനെന്നപോലെ - ഉദയലഗ്നം - പ്രാധാന്യമുണ്ട്. ചോദ്യ കര്‍ത്താവ് പ്രശ്നത്തില്‍ കാലവുമായും ദേശവുമായും ബന്ധപ്പെടുമ്പോള്‍ ജാതകത്തില്‍ കാലവുമായിട്ടു മാത്രമേ  ബന്ധം ഉള്ളു.

പ്രശ്നത്തില്‍ ദൈവജ്ഞനോട് ചോദ്യം ചോദിക്കുമ്പോള്‍ പ്രശ്ന കര്‍ത്താവ് വന്ന് നില്‍ക്കുന്ന രാശിയായ ആരൂഢ രാശിക്കുള്ള പ്രാധാന്യം ജാതകത്തിലില്ല. പ്രശ്ന കര്‍ത്താവിന്‍റെ മനോഗതങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഗ്രഹം അയാളെ തന്‍റെ രാശിയില്‍ കൊണ്ട് വന്നു നിര്‍ത്തും. അതുകൊണ്ട് പ്രശ്നകര്‍ത്താവ് വന്നു നില്‍ക്കുന്ന ആരൂഢ രാശി നോക്കിതന്നെ സൂക്ഷ്മ ദൃക്കായ ദൈവജ്ഞന് ഏതാനും ഫലങ്ങള്‍ പറയുവാന്‍ കഴിയും. ജാതകത്തില്‍ ആരൂഢ രാശി എന്നൊന്നില്ല.

ജാതകത്തില്‍ നിന്ന് ദൈനിക പ്രശ്നങ്ങളുടെ സ്വഭാവം മനസ്സിലാക്കാനോ അവയുടെ കാരണം കണ്ടുപിടിച്ച് പരിഹാരകര്‍മ്മങ്ങള്‍ ചെയ്യാനോ സാധ്യമല്ല. പ്രശ്നത്തിലാണെങ്കില്‍ ക്ലേശാനുഭവങ്ങള്‍ക്കുള്ള കാരണങ്ങളെന്തെന്നും അവയ്ക്ക് വേണ്ട പരിഹാരങ്ങള്‍ എന്തെന്നും മനസ്സിലാക്കും. മാത്രമല്ല, പരിഹാരങ്ങള്‍ ചെയ്ത് കഴിഞ്ഞ് ക്ലേശകാരണങ്ങള്‍ മാറിയോ എന്ന് ഒഴിവ് നോക്കാനും സാധിക്കും.

ചുരുക്കി പറഞ്ഞാല്‍ പ്രശ്നം ജാതകത്തേക്കാള്‍ കൂടുതല്‍ ഉപയുക്തമാണ്. സാധാരണ മനുഷ്യര്‍ക്ക്‌ നിത്യ ജീവിതത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ക്ലേശങ്ങള്‍ക്ക്‌ അത് പരിഹാരം നിര്‍ദ്ദേശിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.