പ്രജയ്ക്ക് അംഗവൈകല്യം മുതലായതുണ്ടാകുന്ന ലക്ഷണങ്ങളെ പറയുന്നു

ത്രികോണഗേ ജ്ഞേ വിബലൈസ്തതോപരൈര്‍-
മ്മുഖാംഘ്രിഹസ്തൈര്‍ദ്വിഗുണസ്തദാ ഭവേത്
അവാഗ്ഗവീന്ദാവശുഭൈര്‍ഭസന്ധിഗൈഃ
ശുഭേക്ഷിതശ്ചേത് കുരുതേ ഗിരഞ്ചിരാത്

സാരം :-

ബുധന്‍ ത്രികോണത്തില്‍ (5, 9 ഭാവങ്ങളില്‍) നില്‍ക്കുമ്പോള്‍ ചൊവ്വയും വ്യാഴവും വിബലന്മാരായിരുന്നാല്‍ രണ്ടു മുഖമായും, ചന്ദ്രനും ശുക്രനും വിബലന്മാരായിരുന്നാല്‍ നാല് കാലുകളായിട്ടും, ആദിത്യനും ശനിയും ബലഹീനന്മാരായിരുന്നാല്‍ നാല് കൈകളോട്കൂടിയവനായും ഇരിയ്ക്കുന്ന പ്രജയാണുണ്ടാവുക. ഈ യോഗങ്ങള്‍ പൂര്‍ണ്ണങ്ങളായിരുന്നാല്‍ മാത്രമേ യോഗഫലത്തിന് പൂര്‍ണ്ണതയുണ്ടാവുകയുള്ളൂ. യോഗങ്ങള്‍ അപൂര്‍ണ്ണങ്ങളാണെങ്കില്‍ മുഖം മുതലായ അവയവങ്ങള്‍ക്ക് വികൃതത്വം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയണം. അല്ലെങ്കില്‍ (അര്‍ത്ഥാന്തരമെന്നു താല്പര്യം) ബുധനൊഴിച്ചു മറ്റെല്ലാ ഗ്രഹങ്ങളും വിബലന്മാരായിരിയ്ക്കുമ്പോള്‍ ബുധന്‍ ലഗ്നത്തില്‍  നിന്നാല്‍ രണ്ടു മുഖമായും , അഞ്ചാം ഭാവത്തില്‍ നിന്നാല്‍ നാല് കാലുകളുള്ളവനായും, ബുധന്‍ ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ നാല് കൈകളോട് കൂടിയവനായും ജനിയ്ക്കുമെന്നു പറയണം. 

ചന്ദ്രന്‍ രണ്ടാം ഭാവത്തില്‍ നില്‍ക്കുകയും പാപഗ്രഹങ്ങള്‍ കര്‍ക്കിടകം, വൃശ്ചികം, മീനം ഈ രാശികളിലെ അന്ത്യദ്രേക്കാണത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഊമയായിരുക്കുന്നതാണ്. ഈ യോഗത്തില്‍ രണ്ടില്‍ നില്‍ക്കുന്ന ചന്ദ്രന് ശുഭഗ്രഹ ദൃഷ്ടിയുണ്ടെങ്കില്‍ പ്രയാസപ്പെട്ടുകൊണ്ട് (അല്ലെങ്കില്‍ സംസാരിക്കേണ്ട പ്രായമായിട്ട് പിന്നേയും വളരെ താമസിച്ച്) സംസാരിയ്ക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും. "ഗവി" എന്നതിന് ചന്ദ്രന്‍ ഇടവത്തില്‍ നില്‍ക്കുകയും പാപഗ്രഹങ്ങളെല്ലാം മുന്‍പറഞ്ഞപ്രകാരം നില്‍ക്കുകയും ചെയ്താലും ഊമയാവുമെന്നും പറയാം. മേല്‍പറഞ്ഞതുകൊണ്ടും യോഗമൊന്നുമില്ലാതേയും, ചന്ദ്രന് ശുഭഗ്രഹങ്ങളുടെ ദൃഷ്ടിമാത്രം ഉണ്ടാവുകയും ചെയ്‌താല്‍ വാക്ക് വളരെ മനോഹരമായിരിയ്ക്കുമെന്ന് ഊഹിയ്ക്കാവുന്നതാണ്.