നിദ്രാദേവിയുടെ അനുഗ്രഹം കൊതിക്കാത്ത ജീവജാലങ്ങളുള്ളതായി ഇതുവരേയും കേട്ടുകേഴ്വി പോലുമില്ല. ഭൗതിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.
ഉറക്കം നഷ്ടപ്പെട്ടവരെ സാധാരണ നിര്‍ഭാഗ്യവന്മാര്‍ എന്നാണ് വിളിച്ചുവരുന്നത്. ഭാഗ്യവന്മാരാകട്ടെ, നിദ്രയുടെ ആഴങ്ങളിലേക്ക് കുതിച്ച് എല്ലാം മറന്നുറങ്ങുന്നു. ഊണില്‍പ്പാതി ഉറക്കമെന്നാണ് മലയാളി പൊതുവേ പറഞ്ഞുവരുന്നത്. ഉണ്ടായാല്‍ മാത്രം പോരാ, ഉറങ്ങുകയും വേണമെന്നാണ് നമ്മുടെ ഉറച്ച വിശ്വാസം.
ഉറക്കത്തെപ്പറ്റി വിധി വച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്.
ഉറക്കത്തിന്റെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ് ദിനകൃത്യങ്ങളില്‍ വ്യാപൃതരാകണമെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. ഈ സമയത്ത് ഉറങ്ങിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രരായി മാറുമെന്നും വിശ്വാസമുണ്ട്. അതിനാല്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കേണ്ടതാണ്. എന്നാല്‍ ഉണര്‍ന്നയുടന്‍ ചാടിയെണീറ്റ് കിടക്കയില്‍ നിന്നും ഓടിപ്പോകാനുള്ള അനുവാദവും ഇല്ല.
ഉണര്‍ന്നാല്‍ കിടക്കയിലിരുന്ന് തന്റെ രണ്ടു കൈപ്പടങ്ങളും മലര്‍ത്തി അതില്‍ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദര്‍ശിച്ച് മന്ത്രം ചൊല്ലണം.
"കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതീ
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്‍ശനം."
ഉറക്കം നീണ്ടുപോകുമ്പോള്‍ മനുഷ്യന്റെ രക്തസംക്രമണത്തിന് വളരെ കുറച്ചു ശക്തി മാത്രമേ ഹൃദയം പ്രയോഗിക്കുന്നുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് നാം കുത്തനെ എണീക്കുമ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരുന്നു. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയില്‍ നിന്നും പതുക്കെ എണീറ്റിരുന്ന് അല്‍പസമയം പതിഞ്ഞ സ്വരത്തില്‍ മന്ത്രം ചൊല്ലിയിരിക്കണമെന്ന നിബന്ധന നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചിരുന്നത്. ഇതുകാരണം നമ്മുടെ രക്തസംക്രമണം സാധാരണ ഗതിയിലാകുന്നുവെന്ന് ശാസ്ത്രസിദ്ധാന്തങ്ങള്‍ വാദിക്കുന്നു.
മാത്രമല്ല ഹൃദ്രോഗികളില്‍ ഇരുപത്തിമൂന്ന് ശതമാനം പേര്‍ക്ക് അപകടം സംഭവിച്ചിട്ടുള്ളത് നിദ്ര വിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിലായിരുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.