ദിവസവും, വ്രതനാളിലും ഒരിക്കല്‍ കാലത്തും ഒഴികെ, എണ്ണ തേച്ചു കുളിക്കണമെന്ന് ഒരു വിധി ഉണ്ട്. ഹൃദയവിശുദ്ധി പോലെ തന്നെ പൗരാണികര്‍ തങ്ങളുടെ ശരീരശുദ്ധിക്കും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കേരളീയന്റെ പ്രഭാതകര്‍മ്മങ്ങളിലാകട്ടെ എണ്ണ തേച്ചു കുളിക്ക് പ്രധാന സ്ഥാനമാണ് നലികിയിരിക്കുന്നത്. അടി മുതല്‍ മുടി വരെ കുളിര്‍ക്കെ എണ്ണ തേച്ച് മുങ്ങിക്കുളിക്കുന്നത് നമ്മുടെ പഴമക്കാര്‍ക്ക് ഒരു സ്വര്‍ഗ്ഗീയ സുഖം നല്‍കിയിരുന്നുവെന്നുവേണം കരുതാന്‍.
എന്നാല്‍, എണ്ണ തേച്ച് കുളിയില്‍ നിന്നും എന്തെങ്കിലും ശാസ്ത്രീയഗുണം ലഭിക്കുന്നുവെന്ന വസ്തുത അധികമാര്‍ക്കുമറിയില്ല. എണ്ണ തേച്ചുകുളി കൊണ്ട് പ്രത്യക്ഷത്തില്‍ തോന്നുന്ന സുഖത്തേയാണ് പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനൊക്കെക്കാള്‍ ഉപരി മറ്റു രണ്ട് കാര്യങ്ങളാണ് ഇതുകൊണ്ടുണ്ടാകുന്നഗുണം. ഒന്ന്, എണ്ണയില്‍ ഉള്‍പ്പെടുന്ന ചേരുവകളുടെ ഔഷധഗുണം ശരീരത്തില്‍ വ്യാപിക്കും. എന്നാല്‍ പ്രധാനമായും മനുഷ്യശരീരത്തിലെ ത്വക്കിനെ ബാധിച്ചിട്ടുള്ള രോഗാണുക്കള്‍ ഇങ്ങനെ തേയ്ക്കുന്ന എണ്ണയുടെ ആവരണത്തിനുള്ളില്‍ വായു ലഭിക്കാതെ ചത്തു പോകുന്നു എന്നതാണ്.