വാസ്തവത്തില്‍ ഹിന്ദുക്കള്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ് അവര്‍ ദര്‍ശിക്കുന്നത്. കാമുകി നല്‍കിയ ഒരു പേനയില്‍ അല്ലെങ്കില്‍ പത്തുപൈസ വിലവരുന്ന ഒരു മുത്തില്‍ കാമുകന്‍ ദര്‍ശിക്കുന്നത് സ്വന്തം കാമുകിയെ ആണ്. ആ വസ്തുവിനെയല്ല. അതിനു പകരം മറ്റെന്തു നല്‍കാമെന്നു പറഞ്ഞാലും അവന്‍ സമ്മതിക്കില്ല. ആ കാമുകനെ സംബന്ധിച്ച് കാമുകി നല്‍കിയ പേന വെറും പേനയല്ല. ആ മുത്ത് വെറും മുത്തല്ല. വില മതിക്കാനാകാത്ത തന്റെ കാമുകി തന്നെയാണ്. സാധാരണ ഒരു യുവാവിന് ഇങ്ങിനെ ഒരു ഭാവം വരുമെങ്കില്‍, ഒരു ഭക്തനെ സംബന്ധിച്ച് സര്‍വ്വേശ്വരന്റെ പ്രതീകമായ ആ വിഗ്രഹം എത്രമാത്രം വിലപ്പെട്ടതാണ്! അത് ആ ഭക്തന് കേവലം ശിലയല്ല, ചൈതന്യമൂര്‍ത്തിയാണ്.
മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്. ഗുണങ്ങളല്ലാത്തവനാണ് ഈശ്വരനെങ്കില്‍ പിന്നെ ഈശ്വരനെ കുറിച്ച് എന്താണ് പറയുവാന്‍ കഴിയുക? അതിനാല്‍ ഹിന്ദു മതത്തില്‍ പറയുന്നത് എല്ലാ ഗുണങ്ങളും ഈശ്വരനാണെന്നാണ്. ഈശ്വരനല്ലാതെ യാതൊന്നുമില്ല. ആയതിനാല്‍ സര്‍വ്വതിനെയും ഉള്‍കൊള്ളാന്‍ തക്ക വിശാലത ഹിന്ദുവിനുണ്ട്. ഈശ്വരനെയല്ലാതെ മറ്റൊന്നും അവനു കാണുവാന്‍ കഴിയില്ല.
ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നില്ലെ. ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നില്ലേ? ഇതൊക്കെ വിഗ്രഹാരാധനയുടെ വിത്യസ്തരൂപങ്ങളല്ലേ? പിന്നെ എന്തുകൊണ്ട് ഹിന്ദുക്കളുടെ ആരാധനമാത്രം ചിലര്‍ പിശാചിന്റെ ആരാധന എന്ന് പറയുന്നു?. അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.
വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും ഹിന്ദു മതത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്. ഹിന്ദു മതത്തില്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.
ചിലര്‍ പറയും വിവാഹം വെറും ഒരു താലി കെട്ടലല്ലേയെന്ന്. ശരിയാണ് വെറും ഒരു ചരട് കഴുത്തില്‍ കെട്ടുകയാണ്. എന്നാല്‍ ആ ചരടിനും ആ മുഹൂര്‍ത്തത്തിനും നമ്മള്‍ എത്ര വിലയാണ് കല്പിക്കുന്നത്!. ജീവിതത്തില്‍ അസ്ഥിവാരം കുറിക്കുന്ന മുഹൂര്‍ത്തമാണത്. ആ ചടങ്ങിന് നമ്മള്‍ കല്പിക്കുന്നത്, ആ ചരടിന്റെ വിലയല്ല. ജീവിതത്തിന്റെ മൊത്തം വിലയാണ്. ഇതേ പോലെ വിഗ്രഹത്തിന്റെ വില വെറും കല്ലിന്റെതല്ല. അത് വിലമതിക്കാനാകാത്തതാണ്. പ്രപഞ്ചനാഥന് തുല്യമാണ് അതിന്റെ സ്ഥാനം.