നിത്യയോഗഫലം


  വിഷ്കംഭയോഗത്തില്‍ ജനിക്കുന്നവന്‍, ദീര്‍ഘദര്‍ശിയായും ശത്രുക്കളെ ജയിക്കുന്നവനായും കൂനുള്ള ശരീരത്തോടും കാമപരവശ്യത്തോടും കൂടിയവനായും സ്വതന്ത്രനായും പശുക്കളുള്ളവനായും മന്ത്രനിപുണനായും ഭവിക്കും.

  പ്രീതിനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, കര്‍മ്മകുശലനായും ഗുണവാനായും പരസ്ത്രീരതനായും എല്ലാ പേര്‍ക്കും ഇഷ്ടനായും ഗുരുപൂജയിലും ദൈവപൂജയിലും താല്‍പര്യമുള്ളവനായും സമ്പത്തും വളരെ ബന്ധുക്കളും ഉള്ളവനായും ഭവിക്കും.

  ആയുഷ്മദ്യോഗത്തില്‍ ജനിക്കുന്നവന്‍, ദീര്‍ഘായുസ്സായും വിസ്താരമേറിയ കണ്ണുകളോട് കൂടിയവനായും ധന്യനായും പശുക്കളും ബന്ധുക്കളും പുത്രന്മാരും ഉള്ളവനായും രാജമന്ത്രിയായും കീര്‍ത്തിയും പാണ്ഡിത്യവും സുഖവും ഉള്ളവനായും ഭവിക്കും.

  സൗഭാഗ്യനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, കൈകാലുകളില്‍ മത്സ്യരേഖ, ശംഖുരേഖ, ഹലരേഖ തുടങ്ങിയുള്ള അടയാളങ്ങളോടുകൂടിയവനായും, കോമളനായും കാമിയായും കഫപ്രകൃതിയായും ധനവും അന്യദേശവാസവും ഉള്ളവനായും മൃഷ്ടാന്നഭോജനത്തോടുകൂടിയവനായും സുഖിയായും ഭവിക്കും.

  ശോഭനനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സമ്പത്തും സുഖവും മൃഷ്ടാന്നഭോജനവും ഉള്ളവനായും കാമിയായും അല്പകാര്യങ്ങളെ ചെയ്യുന്നവനായും ഏറ്റവും ഉത്സാഹിയായും ദേവകാര്യത്തില്‍ താല്പര്യമുള്ളവനായും ധീരനായും ബന്ധുക്കളോടുകൂടിയവനായും ഭവിക്കും. 

  അതിഗണ്ഡനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, കാമശീലവും കലാവിദ്യകളില്‍ ജ്ഞാനവും കോപാധിക്യവും ഉള്ളവനായും ശരീരവും മുഖവും നീണ്ടിരിക്കുന്നവനായും ശഠപ്രകൃതിയായും അന്യന്മാരുടെ ആശയങ്ങളെ അറിയുന്നവനായും കലഹപ്രിയനായും ഹിംസാശീലമുള്ളവനായും ഭവിക്കും.

  സുകര്‍മ്മനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ഏറ്റവും ഗുണവനായും സുഖവും പുത്രന്മാരും ബന്ധുക്കളും ഭാര്യയും ഉള്ളവനായും സല്ക്കര്‍മ്മങ്ങളില്‍ തല്‍പരനായും സ്ത്രീസുഖങ്ങളെ അനുഭവിക്കുന്നവനായും ഏറ്റവും ധര്‍മ്മിഷ്ടനായും ഭവിക്കും.

  ധൃതിനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ശാസ്ത്രജ്ഞനായും  വാഗ്മിയും ശ്രീമാനായും സുഭഗനായും കാമശീലമുള്ളവനായും പണ്ഡിതനായും ധൈര്യമുള്ളവനായും പരദ്രവ്യത്തെ ആഗ്രഹിക്കുന്നവനായും ശഠപ്രകൃതിയായും ഭവിക്കും.

  ശൂലനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, അധികമായ കോപവും പരാക്രമവും കലഹത്തില്‍ പ്രിയവും ഉള്ളവനായും ഒത്ത ശരീരത്തോടുകൂടിയവനായും കാമിയായും ധനവും അഭിമാനവും ഉള്ളവനായും നല്ല പ്രഭുത്വത്തോടുകൂടിയവനായും ഭവിക്കും.

  ഗണ്ഡനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, നീണ്ട ശരീരത്തോടുകൂടിയവനായും വൈരാഗ്യബുദ്ധിയുള്ളവനായും വ്യസനമുള്ളവനായും ദുര്‍ജ്ജനങ്ങളെ സ്നേഹിക്കുന്നവനായും ദൂതവൃത്തിയോടുകൂടിയവനായും കുലനാശത്തെ ചെയ്യുന്നവനായും ദുരാചാരങ്ങളോടുകൂടിയവനായും ഭവിക്കും.

  ധ്രുവയോഗത്തില്‍ ജനിക്കുന്നവന്‍, സമശരീരത്തോടും ഏറ്റവും ഉത്സാഹത്തോടും കൂടിയവനായും സ്ഥിരമായ വാക്കിനെ പറയുന്നവനായും കഫപ്രകൃതിയായും പ്രഭുവായും ക്ഷമയും സ്ഥിരസമ്പത്തും അഭിമാനവും അനേക ഗുണങ്ങളും ഉള്ളവനായും ഭവിക്കും.

  വ്യാഘാതയോഗത്തില്‍ ജനിക്കുന്നവന്‍. ക്ഷിപ്രകോപിയായും കൃതജ്ഞതയുള്ളവനായും വളരെ ഭക്ഷിക്കുന്നവനായും കോങ്കണ്ണ് ഉള്ളവനായും ചപലനായും കഠിനനായും മാന്യനായും ഭവിക്കും.

  ഹര്‍ഷണയോഗത്തില്‍  ജനിക്കുന്നവന്‍, കാലങ്ങളെ അറിയുന്നവനായും കുലമുഖ്യനായും സത്യം പറയുന്നവനായും ഇന്ദ്രിയങ്ങളെ ജയിക്കുന്നവനായും അന്യാഭിപ്രായങ്ങളെ അറിയുന്നവനായും കഫപ്രകൃതിയായും ഭവിക്കും.

  വജ്ജ്രനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ഉപകാരസ്മരണയുള്ളവനായും ധനവാനായും സുന്ദരനായും ദോഷത്തെ മാത്രം തിരിച്ചറിയുന്നവനായും വ്യര്‍ത്ഥമായി സംസാരിക്കുന്നവനായും ആരാലും ജയിക്കപ്പെടുവാന്‍ കഴിയാത്തവനായും ഭവിക്കും.

  സിദ്ധി നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സങ്കല്പസിദ്ധനായും പരിശുദ്ധശരീരനായും തണുപ്പുള്ളപ്രദേശത്ത് സഞ്ചരിക്കുന്നതിന് ആഗ്രഹമുള്ളവനായും ഐശ്വര്യവും ബുദ്ധിയും ബലവും കാമശീലവും ഉള്ളവനായും സന്താനങ്ങളോട് കൂടിയവനായും ഭവിക്കും.

  വ്യതീപാതയോഗത്തില്‍ ജനിക്കുന്നവന്‍, വളരെ അനര്‍ത്ഥങ്ങളോടുകൂടിയവനായാലും എല്ലായിടത്തും ജയം ലഭിക്കുന്നവനായും ധൈര്യമില്ലാത്തവനായും വീഢിയായും അറിവില്ലാത്തവനായും പ്രഭുത്വമുള്ളവനായും ശൌര്യത്തെചെയ്യുന്നവനായും ശത്രുക്കളെ ജയിക്കുന്നവനായും ഏറ്റവും ഉത്സാഹിയായും തേജസ്വിയായും ഭവിക്കും.

  വരീയാന്‍ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, പരാക്രമിയായും ധൈര്യശാലിയും സദാചാരങ്ങളെ അനുഭവിക്കുന്നവനും ധനവാനും അഭിമാനിയും പിത്തപ്രകൃതിയായും ബന്ധുക്കള്‍ക്ക് ഉപകാരത്തെ ചെയ്യുന്നവനായും നല്ല ഭാര്യയോടുകൂടിയവനായും ഭവിക്കും.

 പരിഘനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സ്വതന്ത്രനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും ആയുധാഭ്യാസത്തില്‍ താല്പര്യമുള്ളവനായും നിന്ദ്യനായും ചടച്ച ശരീരത്തോടുകൂടിയവനായും നിര്‍ദ്ധനനായും കാര്യങ്ങള്‍ക്ക് വിഘ്നത്തെ ചെയ്യുന്നവനായും ഭവിക്കും.


  ശിവഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ശാന്തശീലനായും സജ്ജനങ്ങളില്‍ സന്തോഷമുള്ളവനായും ദേവപൂജയില്‍ തല്പരനായും ധര്‍മ്മവും ധനവും ഉള്ളവനായും ഇന്ദ്രിയങ്ങളെ ജയിക്കുന്നവനായും കഫപ്രകൃതിയായും ഭവിക്കും.

  സിദ്ധഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സിദ്ധനായും പരിശുദ്ധഹൃദയനായും സദാചാരവും യശസ്സും ലഭിക്കുമെന്ന് ആഗ്രഹിക്കുന്നവനായും ത്രിദോഷപ്രകൃതിയായും ധനവും അനുഭവസുഖവും പാണ്ഡിത്യവും ഉള്ളവനായും ഭവിക്കും.

  സാദ്ധ്യഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ധാര്‍മ്മികനായും ഏഷണിക്കാരനായും വിദ്വാനായും വാദ്യങ്ങളില്‍ പ്രിയമുള്ളവനായും ധനവാനായും സുഖമനുഭവിക്കുന്നവനായും പരസ്ത്രീനിരതനായും കാമിയായും ശരീരത്തില്‍ രോമാധിക്യമുള്ളവനായും ഭവിക്കും.

  ശുഭഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ശുഭാത്മാവായും രാജസേവകനായും നല്ല ഭാര്യയും രത്നങ്ങളും സമ്പത്തും വസ്ത്രങ്ങളും ഉള്ളവനായും സുഭഗനായും സുഖവും ഭോഗവും വിദ്വത്തവും ഉള്ളവനായും ഏറ്റവും പൂജിതനായും ഭവിക്കും.

  ശുഭ്രഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, അഭിമാനവും വിദ്വത്തവും ധനവും ഉള്ളവനായും മൂര്‍ഖനായും ചപലനായും അന്യന്മാരെ ഉപദ്രവിക്കുന്നവനായും ദുഃസ്വഭാവിയായും വാതകഫപ്രകൃതിയായും പ്രഭുത്വമുള്ളവനായും ഭവിക്കും.

  ബ്രാഹ്മഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ബ്രഹ്മജ്ഞാനിയായും പണ്ഡിതനായും അഭിമാനിയായും കാര്യങ്ങളെ വെളിപ്പെടുത്താത്തവനായും വിവേകമുള്ളവനായും കഫവാതപ്രകൃതിയായും ത്യാഗവും ഭോഗവും ധനവും ഉള്ളവനായും ഭവിക്കും.

  മാഖാതഃ (മഹേന്ദ്ര) നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, പരോപകാരിയായും സര്‍വ്വജ്ഞനായും വരാനിരിക്കുന്ന കാര്യങ്ങളെ അറിയുന്നവനായും ബുദ്ധിമാനായും വാതപ്രകൃതിയായും മുന്‍കോപിയായും ശ്രീമാനായും വീര്യവാനായും ഭവിക്കും.

  വൈധൃതഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ജലക്രീഡയിലും ഉദ്യാനക്രീഡയിലും താല്‍പര്യവും സൗന്ദര്യവും ഉള്ളവനായും സ്വര്‍ണ്ണാഭരണങ്ങളെ അണിയുന്നവനായും സത്യവാനായും ധനവാനായും വികടമായ ദൃഷ്ടിയോടുകൂടിയവനായും ഭവിക്കും.

ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്നിവ കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.