തിഥിഫലം


  പ്രതിപദത്തുംനാള്‍ (പ്രഥമയില്‍)  ജനിച്ചാല്‍, ദേവാരാധനയില്‍ താല്‍പര്യമുള്ളവനായും അറിവും ശില്പശാസ്ത്രജ്ഞാനവും മന്ത്രാദികളിലും ആഭിചാരങ്ങളിലും സാമര്‍ത്ഥ്യം ഉള്ളവനായും ഭവിക്കും.

  ദ്വിതീയയില്‍ ജനിച്ചാല്‍, ശത്രുക്കളെ ഹനിക്കുന്നവനായും യോദ്ധാവായും വളരെ പശുക്കളും പരാക്രമവും അഭിമാനവും സമ്പത്തും പ്രഭുത്വവും ഐശ്വര്യവും ഉള്ളവനായും ഭവിക്കും.

  തൃതീയയില്‍ ജനിച്ചവന്‍, ഉദാരശീലനായും ഗര്‍വ്വിതനായും വിദ്വാനായും ബന്ധുക്കളുടെ കാര്യങ്ങളില്‍ താല്‍പര്യമുള്ളവനായും സുന്ദരനായും ഭവിക്കും.

  ചതുര്‍ത്ഥിയില്‍ ജനിച്ചവന്‍, എല്ലാകാര്യത്തിലും വിഘ്നമുണ്ടാക്കുന്നവനായും ക്രൂരനായും പരപീഡനത്തിനുള്ള മാര്‍ഗ്ഗങ്ങളെ അന്വേഷിക്കുന്നവനായും ശഠപ്രകൃതിയായും ഏറ്റവും കാമിയായും തടിച്ച ശരീരത്തോടുകൂടിയവനായും വ്യസനമുള്ളവനായും ഭവിക്കും.

  പഞ്ചമിയില്‍ ജനിച്ചാല്‍, സൗഭാഗ്യവും പാണ്ഡിത്യവും സമ്പത്തും ഉള്ളവനായും വസ്ത്രാഭരണാദി അലങ്കാരങ്ങളില്‍ താല്‍പര്യമുള്ളവനായും അന്യന്മാര്‍ക്കു ഉപകാരം ചെയ്യുന്നവനായും ഭവിക്കും.

  ഷഷ്ഠിനാളില്‍ ജനിച്ചാല്‍, ബലവും വളരെ ഭൃത്യന്മാര്‍ ഉള്ളവനായും കോപിഷ്ഠനായും അറിവുള്ളവനായും ദേവപൂജയില്‍ താല്‍പര്യമുള്ളവനായും ക്ഷേമത്തോടുകൂടിയവനായും ഗുണങ്ങളെ ആഗ്രഹിക്കുന്നവനായും ഭവിക്കും.

  സപ്തമിയില്‍ ജനിച്ചാല്‍, ദുഷ്ടന്മാരായ ഭൃത്യന്മാരോട് കൂടിയവനായും ക്രൂരമായി പറയുന്നവനായും കഫപ്രകൃതിയായും ശുഭകര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവനായും പ്രഭുവായും ഇന്ദ്രിയങ്ങളെ ജയിച്ചവനായും ബലവാനായും രോഗപീഡിതനായും ഭവിക്കും.

  അഷ്ടമിയില്‍ ജനിച്ചാല്‍, പരാക്രമിയായും സ്വാതന്ത്ര്യം ഉള്ളവനായും അന്യന്മാരെ പീഡിപ്പിക്കുന്നവനായും മുന്‍കോപിയായും സുന്ദരനായും കാമശീലമുള്ളവനായും ഭവിക്കും.

  നവമിയില്‍ ജനിച്ചാല്‍, ഏറ്റവും കോപവും സ്വകാര്യത്തില്‍ താല്‍പര്യവും ഉള്ളവനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും നിന്ദ്യമായ ശില്പവൃത്തിചെയ്യുന്നവനായും കുത്സിതന്മാരായ ഭാര്യാപുത്രന്മാരോടുകൂടിയവനായും മന്ത്രജ്ഞനായും തസ്കരന്മാരുടെ നാഥനായും ഭവിക്കും.

  ദശമിയില്‍ ജനിച്ചാല്‍, ധര്‍മ്മശീലവും സുഖവും സത്സ്വഭാവവും സമ്പത്തും വാക്സാമര്‍ത്ഥ്യം ഉള്ളവനായും, സുഭഗനായും കാമുകനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും പരസ്ത്രീസക്തനായും ഭവിക്കും.

  ഏകാദശിയില്‍ ജനിച്ചാല്‍, കുലശ്രേഷ്ഠനായും ഏറ്റവും ശുഭാചാരത്തോടുകൂടിയവനായും നല്ല ഭൃത്യന്മാരും സൗഭാഗ്യവും വിദ്വത്വവും സമ്പത്തും സത്സ്വഭാവവും ഉള്ളവനായും ഭവിക്കും.

  ദ്വാദശിയില്‍ ജനിച്ചാല്‍, ദൈവഭക്തനായും ധനവാനായും ത്യാഗവും പ്രഭുത്വവും ഉള്ളവനായും സകല ജനങ്ങള്‍ക്കും ഇഷ്ടനായും നിര്‍മ്മലനായും പുണ്യവാനായും വിദ്വാനായും ഭവിക്കും. 

ത്രയോദശിയില്‍ ജനിച്ചാല്‍, കാമിയായും ദുര്‍ബ്ബലമായ ശരീരത്തോടുകൂടിയവനായും സത്യം പറയുന്നവനായും മനോഹരനായും ശഠപ്രകൃതിയായും ലുബ്ധനായും ധനഹീനനായും ഭവിക്കും.

  ചതുര്‍ദ്ദശിയില്‍ ജനിച്ചാല്‍, പരസ്ത്രീകളേയും പരദ്രവ്യത്തേയും കാമിക്കുന്നവനായും അറിവില്ലാത്തവനായും എല്ലാപേര്‍ക്കും ശത്രുവായും കോപവും ദുഃസ്വഭാവവും കഠിനമായ കാമശീലവും ശഠതയും ഭയങ്കരത്വവും ഉള്ളവനായും ഭവിക്കും.

  വെളുത്തവാവുനാളില്‍ ജനിക്കുന്നവര്‍, പരപൂ൪ണ്ണാംഗനായും കാമിയായും വിദ്യയും വിനയവും യശസ്സും ഉള്ളവനായും ശാസ്ത്രങ്ങളെ അറിയുന്നവനായും പ്രധാനിയായും ഭവിക്കും.

  അമാവാസി ദിവസം ജനിക്കുന്നവന്‍, ദേവന്മാരേയും പിതൃക്കളേയും പൂജിക്കുന്നവനായും കാമിയായും, പശു കാള മുതലായ നാല്‍ക്കാലിമൃഗങ്ങളെ ഹാനിയെ ചെയ്യുന്നവനായും രോഗിയായും ദരിദ്രനായും ബലമില്ലാത്ത ശരീരത്തോടുകൂടിയവനായും ഭവിക്കും.

**************

 മേല്‍വിവരിച്ച ഫലങ്ങളില്‍ വെളുത്തപക്ഷത്തിലെ തിഥികള്‍ക്കാണെങ്കില്‍  ശുഭഫലങ്ങള്‍ക്ക് പുഷ്ടിയും, അശുഭഫലങ്ങള്‍ക്ക് ഹാനിയും, കറുത്തപക്ഷത്തിലെ തിഥികള്‍ക്കാണെങ്കില്‍ ശുഭഫലങ്ങള്‍ക്ക് കുറവും, അശുഭഫലങ്ങള്‍ക്ക് പുഷ്ടിയും സംഭവിക്കുന്നതാണ്. അതായത്, തിഥിഫലങ്ങളെല്ലാംതന്നെ ചന്ദ്രന്റെ ബലാബലങ്ങള്‍ക്കനുസരിച്ച് ശുഭാശുഭഫലങ്ങളെ അറിഞ്ഞുകൊള്ളേണ്ടതാണ്.

കരണഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.