ഗുരുഭാവഫലം (വ്യാഴം)
ലഗ്നത്തില്‍ വ്യാഴം നിന്നാല്‍, ദീര്‍ഘായുസ്സായും പുത്രന്മാരും പുണ്യവും സാമര്‍ത്ഥ്യവും വിദ്വത്ത്വവും പൂജ്യതയും ഉള്ളവനായും സുമുഖനായും തിരിച്ചറിവും സുഖാനുഭവവും ഉള്ളവനായും ഭവിക്കും.
രണ്ടാമെടത്ത് വ്യാഴം നിന്നാല്‍, മൃഷ്ടാന്നഭോജിയായും മുഖശോഭയും ധാരാളം ധനവും സല്‍കീര്‍ത്തിയും ശരീരകാന്തിയും ദാനശീലവും ഉള്ളവനായും സത്യമായും സന്തോഷമായും സംസാരിക്കുന്നവനായും വിദ്വത്ത്വവും കവിത്വവും ഉള്ളവനായും ഭവിക്കും.
മൂന്നാമെടത്ത് വ്യാഴം നിന്നാല്‍, ആര്‍ക്കും ഒന്നും കൊടുക്കാത്തവനായും ദുഃസ്വഭാവമുള്ളവനായും എല്ലായിടത്തും തോല്‍വി പറ്റുന്നവനായും സ്ത്രീജിതനായും ജഠരാഗ്നി ബാലമില്ലാത്തവനായും സഹോദരഗുണമുള്ളവനായും ഏറ്റവും നിന്ദ്യനായും ഭവിക്കും.
നാലാമെടത്ത് വ്യാഴം നിന്നാല്‍, ബന്ധുക്കളും ധനധാന്യാദിസമ്പത്തും ഗൃഹോപരകരണങ്ങളും ഭാര്യയും സൌഭാഗ്യവും വാഹനങ്ങളും യശസ്സും സുഖാനുഭവവും ഉള്ളവനായും ശഠപ്രകൃതിയായും ഭവിക്കും.
അഞ്ചാമെടത്ത് വ്യാഴം നിന്നാല്‍, മന്ത്രിയായും മാന്ത്രികനായും ധനവാനായും പുത്രദുഃഖം അനുഭവിക്കുന്നവനായും ധനവും സുഖവും നല്ല പുത്രന്മാരും അനേകഗുണങ്ങളും ബുദ്ധിയും ബലവും ബന്ധുക്കളും ഉള്ളവനായും ഭവിക്കും.
ആറാമെടത്ത് വ്യാഴം നിന്നാല്‍, ആഭിചാരങ്ങള്‍ ചെയ്യുന്നവനായും ബലഹീനതയും മടിയുള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും സ്ത്രീകള്‍ക്ക് അധീനനായും ഭവിക്കും.
ഏഴാമെടത്ത് വ്യാഴം നിന്നാല്‍, നല്ലവണ്ണം സംസാരിക്കുന്നവനും വിദ്വാനും കാവ്യകൃത്തും സൗന്ദര്യവും ഉള്ളവനായും പിതാവിനേക്കാള്‍ ഔദാര്യഗുണമുള്ളവനായും ഏറ്റവും യശസ്വിയായും നല്ല പുത്രന്മാരോടും ഭാര്യയോടും കൂടിയവനായും ധനവാനായും ഭവിക്കും.
എട്ടാമെടത്ത് വ്യാഴം നിന്നാല്‍, അന്യനെ ആശ്രയിച്ച് ഉപജീവിക്കുന്നവനായും പാപകര്‍മ്മങ്ങളെ ചെയ്യുന്നവനായും ദീര്‍ഘായുസ്സായും എല്ലാപേര്‍ക്കും ഇഷ്ടനായും ദൂതവൃത്തിയേയോ ദാസവൃത്തിയെയോ സ്വീകരിക്കുന്നവനായും ഉറച്ചബുദ്ധിയുള്ളവനായും നിന്ദ്യസ്ത്രീകളില്‍ ആഗ്രഹമുള്ളവനായും ഭവിക്കും.
ഒന്‍പതാമെടത്ത് വ്യാഴം നിന്നാല്‍, ദേവന്മാരിലും പിതുരാദിഗുരുജനങ്ങളിലും ഭക്തിയുള്ളവനായും പണ്ഡിതനായും രാജാവോ പ്രഭുവോ മന്ത്രിയോ പടനായകനോ ആയും നല്ലയശസ്സും ധര്‍മ്മവും സദാചാരവും പുത്രന്മാരും ഉള്ളവനായും ഭവിക്കും.
പത്താമെടത്ത് വ്യാഴം നിന്നാല്‍, പ്രഭുവായും സാമാദികളായ ചതുരുപായങ്ങളെ അറിയുന്നവനായും അര്‍ത്ഥവാനായും അനശ്വരമായ യശസ്സും സുഖവും പുത്രന്മാരും വാഹനങ്ങളും ഉള്ളവനായും ഗുണവാനായും വിദ്വാനായും എല്ലാ പ്രവൃത്തികള്‍ക്കും ഫലം അനുഭവിക്കുന്നവനായും ഭവിക്കും.
പതിനൊന്നാമെടത്ത് വ്യാഴം നിന്നാല്‍, നല്ല ഉറച്ച ബുദ്ധിയുള്ളവനായും ഏറ്റവും വിദ്വാനായും ദീര്‍ഘായുസ്സായും പലപ്രകാരേണ ധനം ലഭിക്കുന്നവനായും പുത്രന്മാര്‍ കുറഞ്ഞവനായും യശസ്സും ഭ്രുത്യന്മാരും വാഹനങ്ങളും ഉള്ളവനായും ഭവിക്കും.
പന്ത്രണ്ടാമെടത്ത് വ്യാഴം നിന്നാല്‍, സുഖവും പുത്രന്മാരും ഭാഗ്യവും ഇല്ലാത്തവനായും പൂര്‍വ്വസ്വത്തുക്കളെ നശിപ്പിക്കുന്നവനായും പരാശ്രയംകൊണ്ട് ജീവിക്കുന്നവനായും നിര്‍ദ്ധനനായും മടിയനായും അംഗവൈകല്യമുള്ളവനായും വിദ്യയില്ലാത്തവനായും എല്ലാവരാലും നിന്ദിക്കപ്പെടുന്നവനായും ദുഃസ്വഭാവമുള്ളവനായും ഭവിക്കും.
ശുക്രഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.