ഗുരുഭാവഫലം (വ്യാഴം) എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രഭാവഫലം
ലഗ്നത്തില്‍ ശുക്രന്‍ നിന്നാല്‍, സൗന്ദര്യമുള്ള ശരീരവും കണ്ണും മുഖവും ഉള്ളവനായും സുഖിയായും ദീര്‍ഘായുസ്സായും സ്ത്രീജനങ്ങള്‍ക്ക് കമനീയനായും പുത്രന്മാരുള്ളവനായും ഭവിക്കും.
രണ്ടാമെടത്ത് ശുക്രന്‍ നിന്നാല്‍, കവിതയെഴുതുന്നവനായും വളരെ ധനവും വിദ്യാഭ്യാസവും ഉള്ളവനായും സംഗീതജ്ഞാനമുള്ളവനായും കാമിയായും മൃഷ്ടാന്നഭോജിയായും ലാളിത്യവും പല അര്‍ത്ഥങ്ങളും ഭംഗിയും ഉള്ള വാഗ്വിലാസത്തോടുകൂടിയവനായും ഭവിക്കും.
മൂന്നാമെടത്ത് ശുക്രന്‍ നിന്നാല്‍, സുഖവും ഗൃഹോപകരണങ്ങളും കളത്രസുഖവും (ഭാര്യാസുഖം) കുറഞ്ഞിരിക്കുന്നവനായും സ്ത്രീകള്‍ക്ക് അധീനനായും ഒരിക്കലും ഒന്നിലും ഇഷ്ടമില്ലാത്തവനായും ആര്‍ക്കും ഒന്നും കൊടുക്കാത്തവനായും കോപത്തോടുകൂടി പറയുന്നവനായും ബുദ്ധിസാമര്‍ത്ഥ്യം കുറഞ്ഞവനായും ഭവിക്കും.
നാലാമെടത്ത് ശുക്രന്‍ നിന്നാല്‍, ഗൃഹോപകരണസമ്പത്തും സുഖവും ഉത്തമഗൃഹങ്ങളും കളത്രസുഖവും നല്ല വാഹനങ്ങളും വിദ്യയും ശൃംഗാരചേഷ്ടാവിശേഷങ്ങളും ബന്ധുക്കളും പ്രസിദ്ധിയും ഉള്ളവനായും വിശേഷവസ്ത്രങ്ങളും ആഭരണങ്ങളും മറ്റുംകൊണ്ട് അലങ്കരിക്കുന്നവനായും ഭവിക്കും.
അഞ്ചാമെടത്ത് ശുക്രന്‍ നിന്നാല്‍, പ്രഭുവായും ഏറ്റവും ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവനും വളരെ സമ്പത്തും സന്താനങ്ങളും ബന്ധുക്കളും ഉള്ളവനായും സമര്‍ത്ഥനായും കുതിരപ്പടനായകനോ രാജമന്ത്രിയോ ആയും പൂജ്യയായും ഭവിക്കും.
ആറാമെടത്ത് ശുക്രന്‍ നിന്നാല്‍, സ്ത്രീകള്‍ നിമിത്തം പലതരത്തില്‍ ക്ലേശം അനുഭവിക്കുന്നവനായും ശത്രുക്കളെ ഹനിക്കുന്നവനായും ഭയമുള്ളവനായും രോഗാദികളാല്‍ പീഡിതനായും പരാജയവും അപവാദവും നിമിത്തം വളരെ പരവശനായും ഭവിക്കും.
ഏഴാമെടത്ത് ശുക്രന്‍ നിന്നാല്‍, ബഹുസ്ത്രീസക്തനായും സ്ത്രീജിതനായും കളത്രനഷ്ടമുള്ളവനായും സൗന്ദര്യവും സൌഭാഗ്യവും സുഖവും സമ്പത്തും പ്രഭുത്വവും ഉള്ളവനായും അംഗവൈകല്യമുള്ളവനായും ഭവിക്കും.
എട്ടാമെടത്ത് ശുക്രന്‍ നിന്നാല്‍,ഏറ്റവും അനുഭവസുഖമുള്ളവനായും വളരെ സമ്പത്തും പ്രൌഡിയും ദീര്‍ഘായുസ്സും ഉള്ളവനായും പ്രഭുത്വമോ രാജത്വമോ ഉള്ളവനായും ഭവിക്കും.
ഒന്‍പതാമെടത്ത് ശുക്രന്‍ നിന്നാല്‍, അതിഥിസല്‍ക്കാരത്തിലും ദേവപൂജയിലും താല്‍പര്യമുള്ളവനായും വളരെ ധനവും സല്‍കളത്രപുത്രാദികളും ഉള്ളവനായും മഹാരാജപ്രസാദംകൊണ്ടു ലഭിക്കപ്പെട്ട ഐശ്വര്യത്തോട് കൂടിയവനായും ഭവിക്കും.
പത്താമെടത്ത് ശുക്രന്‍ നിന്നാല്‍, ഏറ്റവും ബുദ്ധിശക്തിയും ബന്ധുക്കളും സല്‍കീര്‍ത്തിയും ഉള്ളവനായും വളരെ ശ്രേഷ്ഠകര്‍മ്മങ്ങളെ ചെയ്യുന്നവനായും വസ്ത്രാദികളെ ക്രയവിക്രയം ചെയ്തു ലഭിക്കപ്പെട്ട ധനത്തോടുകൂടിയവനായും ഭവിക്കും.
പതിനൊന്നാമെടത്ത് ശുക്രന്‍ നിന്നാല്‍, പരസ്ത്രീസക്തനായും വളരെ ദ്രവ്യവും ഭൃത്യന്മാരും സുഖവും ഉള്ളവനായും രാജാവിങ്കല്‍നിന്നും ലഭിക്കപ്പെട്ട സമ്പത്തുകളോടുകൂടിയവനായും ഭവിക്കും.
പന്ത്രണ്ടാമെടത്ത് ശുക്രന്‍ നിന്നാല്‍, ബന്ധുക്കളോട് വേര്‍പ്പെട്ടവനായും സഞ്ചാരിയായും ധനമുള്ളവനായും മൃഷ്ടാന്നഭോജിയായും തടിച്ചിരിക്കുന്ന ശരീരത്തോടുകൂടിയവനായും മടിയനായും നിര്‍മ്മലനായും ശയനസുഖമുള്ളവനായും ഭവിക്കും.
ശനിഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശനിഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.