ബുധഭാവഫലം


ബുധഭാവഫലം 
  ലഗ്നത്തില്‍ ബുധന്‍ നിന്നാല്‍, ശരീരകാന്തിയും ബുദ്ധിസാമര്‍ത്ഥ്യവും ഉള്ളവനായും കാലദേശാവസ്ഥകളേയും മറ്റും അറിയുന്നവനായും വിദ്യയും കലകളും അറിയുന്നവനായും ചാതുര്യവും മാധുര്യവും വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വശപ്പെടുത്തുന്നവനായും ദീര്‍ഘായുസ്സായും ഭവിക്കും.

  രണ്ടാമെടത്ത് ബുധന്‍ നിന്നാല്‍, വിനയവും ധനവും മറ്റ് അനേക ഗുണങ്ങളും ഉള്ളവനായും മൃഷ്ടാന്നഭോജിയായും വാഗ്മിയായും കവിത്വമുള്ളവനായും ബുദ്ധിസാമര്‍ത്ഥ്യവും വിദ്യയുംകൊണ്ട് സമ്പാദിക്കപ്പെട്ട ദ്രവ്യത്തോടുകൂടിയവനായും  ഭവിക്കും. 

  മൂന്നാമെടത്ത് ബുധന്‍ നിന്നാല്‍, മദ്ധ്യായുസ്സായും ശൌര്യവും സഹോദരന്‍മാരും ദൈന്യവും പലവിധത്തില്‍ ക്ലേശവും, ബഹുഭാര്യത്വവും ഉള്ളവനായും കപടകര്‍മ്മങ്ങളെ ചെയ്യുന്നവനായും സഞ്ചാരിയായും ജാലവിദ്യക്കാരനായും ഭവിക്കും.

  നാലാമെടത്ത് ബുധന്‍ നിന്നാല്‍, ബന്ധുക്കളുടെ ഗുണം കുറഞ്ഞവനായും, നിര്‍മ്മലവചനനായും പണ്ഡിതനായും ജ്യോതിശാസ്ത്രത്തിലും കണക്കിലും പാണ്ഡിത്യമുള്ളവനായും ധനവാനായും ഏറ്റവും കീര്‍ത്തിമാനായും കൃഷിഭൂമികളും വാഹനങ്ങളും ഉത്തമഭവനങ്ങളും ഉള്ളവനായും ഭവിക്കും.

  അഞ്ചാമെടത്ത് ബുധന്‍ നിന്നാല്‍, മന്ത്രാഭിചാരങ്ങളില്‍ സമര്‍ത്ഥനായും ഏറ്റവും കീര്‍ത്തിമാനായും വളരെ നല്ല പുത്രന്‍മാരും വിദ്യയും സമ്പത്തും സുഖവും ബുദ്ധിയും സന്തോഷവും ഉള്ളവനായും ഭവിക്കും.

  ആറാമെടത്ത്  ബുധന്‍ നിന്നാല്‍ ബന്ധുക്കള്‍ക്ക് ഒരു ഉപകാരവും ചെയ്യാത്തവനായും യുദ്ധത്തിലും കലഹത്തിലും വ്യവഹാരത്തിലും താല്‍പര്യമുള്ളവനായും മുന്‍കോപിയായും ശത്രുക്കളെ ജയിക്കുന്നവനായും കഠിനമായി സംസാരിക്കുന്നവനായും ഏറ്റവും മടിയനായും ഭവിക്കും.

  ഏഴാമെടത്ത് ബുധന്‍ നിന്നാല്‍, വിദ്യയും ബുദ്ധിയും അറിവും നല്ല വേഷാലങ്കാരങ്ങളും സൗന്ദര്യവും സാമര്‍ത്ഥ്യവും ഉള്ളവനായും വളരെ സ്ത്രീധനം ലഭിക്കുന്നവനായും കലഹശീലമുള്ള ഭാര്യയോടുകൂടിയവനായും പൂജ്യതയും മഹത്വവും കലാവിദ്യകളില്‍ നൈപുണ്യവും ഉള്ളവനായും ഭവിക്കും.

ഏട്ടാമെടത്ത് ബുധന്‍ നിന്നാല്‍, വളരെ പ്രസിദ്ധിയുള്ളവനായും രാജതുല്യനായും പടനായകനായും കുലമുഖ്യനായും ദീര്‍ഘായുസ്സും ധനവും അനേക ഗുണങ്ങളും ഉള്ളവനായും ഭവിക്കും.

  ഒന്‍പതാമെടത്ത് ബുധന്‍ നിന്നാല്‍, വിദ്യയും ധനവും വിഭവങ്ങളും അനേകഗുണങ്ങളും ധര്‍മ്മവും സദാചാരവും സാമര്‍ത്ഥ്യവും ഉള്ളവനായും തനിക്ക് ഉചിതങ്ങളായ പ്രവൃത്തികളെ ചെയ്യുന്നവനായും വാക്സാമര്‍ത്ഥ്യവും ഔദാര്യവും ഉല്‍കൃഷ്ടതയും ഉള്ളവനായും ഭവിക്കും.

  പത്താമെടത്ത് ബുധന്‍ നിന്നാല്‍, എല്ലാകാര്യങ്ങളേയും സാധിക്കുന്നവനായും സുഖവും സമ്പത്തും ബലവും വിശേഷ വസ്ത്രാഭരണാദ്യലങ്കാരങ്ങളും ബുദ്ധിയും യശസ്സും വിദ്യയും പാണ്ഡിത്യവും ഉള്ളവനായും തുടങ്ങുന്ന കാര്യങ്ങളെ സഫലമാക്കുന്നവനായും ഭവിക്കും.

  പതിനൊന്നാമെടത്ത് ബുധന്‍ നിന്നാല്‍, ഏറ്റവും ബുദ്ധിമാനായും വിദ്വാനായും ധനവും പുത്രന്‍മാരും സല്‍കീര്‍ത്തിയും ദീര്‍ഘായുസ്സും സത്യനിഷ്ഠയും സുഖവും ഭോഗവും നല്ല ഭൃത്യന്മാരും വളരെ ധനലാഭവും ഉള്ളവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് ബുധന്‍ നിന്നാല്‍, ദാരിദ്ര്യവും ദുഃഖവും മടിയും കാര്യാദികളില്‍ പരാജയവും ഉള്ളവനായും ബന്ധുക്കളും ധനവും ഇല്ലാത്തവനായും മൂഡനായും ക്രൂരനായും നല്ലവാക്കുകള്‍ പറയുന്നവനായും ഘാതകനായും ഭവിക്കും. എന്നിരുന്നാലും പന്ത്രണ്ടിലെ ബുധന്‍ വിദ്യാദി സര്‍വ്വവിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നതുമാണ്.

ഗുരുഭാവഫലം (വ്യാഴം) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.