ദശപുഷ്പമാല ശിവന് ഏറെ പ്രിയങ്കരമാണ്. പാര്‍വ്വതി തപസ്സനുഷ്ഠിക്കുമ്പോള്‍ ശിവവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നുപോലും. ദീര്‍ഘമംഗല്യത്തിനും ഐശ്വര്യത്തിനും സ്ത്രീകള്‍ ദശപുഷ്പമാല ചൂടുന്നത് നല്ലതാണ്. മാലകെട്ടാന്‍ അറിയാത്തത്തുകൊണ്ടാണോ ദശപുഷ്പം ചൂടുന്നത് ചടങ്ങായിത്തീര്‍ന്നത്?. മാല കെട്ടുന്ന ക്രമം താഴെ പറയുന്നു.
വള്ളിക്ക് പകരം വാഴയിലയാണ്. "വാഴയിലയുടെ വീതി കുറഞ്ഞ ഇലക്കഷ്ണം വാട്ടി, ഒരു വിരല്‍ വീതിയില്‍ കീറുക. കീറിയ ഇലത്തുമ്പുകള്‍ രണ്ടായി മടക്കി, ആദ്യം മൂന്നിഴ കറുകവെച്ച് ഇലയുടെ കട മുന്നോട്ടും ചുവട് പിറകോട്ടുമായി തിരിക്കുക. രണ്ടാമത് കറുകയും ചെറുളയും കൂട്ടിപ്പിരിക്കണം. മൂന്നാമത് കൃഷ്ണക്രാന്തിയും പൂവ്വാംകുറുന്തലയും ചേര്‍ത്ത് കൂട്ടിപ്പിരിക്കണം. നാലാമതായി മുയല്‍ച്ചെവിയനും മുക്കുറ്റിയും ചേര്‍ത്ത് കെട്ടുക. അഞ്ചാമത് കയ്യോന്നിയും നിലപ്പനയും ചേര്‍ത്ത് തിരിക്കുക. ആറാമത് ഉഴിഞ്ഞ, തിരുതാളി, കറുക മൂന്നിഴ എന്നിവ ചേര്‍ത്താണ് കെട്ടേണ്ടത്. ഏഴാമത് മൂന്നിഴ കറുകമാത്രം ചേര്‍ത്ത് പിരിക്കുക. ഇപ്രകാരമാണ് ദശപുഷ്പമാല കെട്ടേണ്ടത്. പത്തു പൂക്കളില്‍ ഏതെങ്കിലും കുറവുണ്ടെങ്കില്‍ തുളസി മതിയെന്ന് വിശ്വാസം."