കേട്ടാല്‍ ധിക്കാരമാണെന്ന് തോന്നും.അല്ല, ഇതൊരാചാരമാണ്. വിവാഹം കഴിഞ്ഞാല്‍ നല്ല ഒരു മുഹൂര്‍ത്തം നോക്കി വധു ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. അതിന് "കുടിവെയ്പ്" എന്ന് ബ്രാഹ്മണഭാഷ.
കുടിവെയ്പിന് പുറപ്പെട്ടുകഴിഞ്ഞാല്‍ വധു ജന്മഗൃഹത്തിലെ കലവറയില്‍ കടന്ന് ഒരു കൈക്കുടന്ന നിറയെ ഉണക്കല്ലരി വാരിയെടുത്ത് പുറത്തുകടക്കുന്നു. ധര്‍മ്മദൈവങ്ങളേയും പാര്‍വ്വതീപരമേശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ച് വധു കൈയിലുള്ള ഉണക്കല്ലരി മുഴുവന്‍ മുല്ലയ്ക്കല്‍ ഭഗവതിയുടെ മുമ്പില്‍ ചൊരിഞ്ഞ് അവിടെ നില്പുള്ള മുല്ലയ്ക്ക് നനയ്ക്കുന്നു. ജന്മഗൃഹത്തിലെ അവസാനത്തെ ചടങ്ങാണിത്. ജന്മഗൃഹത്തിലെത്തിയാല്‍ ഇനി യാതൊരു അവകാശവുമില്ല. കലവറയില്‍ നിന്ന് ഇനി ചോദിക്കാതെ ഒന്നും എടുത്തുകൂടാ. വരാം അച്ഛനമ്മമാരെ കാണാം, ഭക്ഷണം കഴിക്കാം, മുല്ലയ്ക്കല്‍ ഭഗവതിയെ വന്ദിക്കാം. അത്രമാത്രം.
വധു ജന്മഗൃഹത്തില്‍ നിന്ന് പുറത്തുകടന്നാല്‍ മറ്റൊരു ആചാരംകൂടി കാണാം. പുറത്ത് നില്പുള്ള ഒരു വാഴ വെട്ടിവീഴ്ത്തുന്നു. ആ ചടങ്ങ് ഇവിടെ ഇനി ജന്മഗൃഹവുമായി പുല ബന്ധംപോലും അവശേഷിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണ്.
ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാനുള്ള സമയമായാല്‍ കൂടിനില്‍ക്കുന്നവര്‍ കുരവയിടും. ആര്‍പ്പുവിളികള്‍ ഉയരും. അഷ്ടമംഗലവും താലവും എത്തും. രണ്ടും വധൂവരന്മാരെ എതിരേല്‍ക്കാനുള്ളതാണ്.
രണ്ടുപേരും ബന്ധുക്കളോടൊപ്പം പടികടന്ന് ഭര്‍ത്തൃഗൃഹത്തിന്റെ ഉമ്മറത്തെത്തുന്നു. ഒരു നിമിഷം! വരന്‍ പെട്ടെന്ന് വീടിന്റെ അകത്തു കടക്കും. തുടര്‍ന്ന് വരന്റെ മാതാവ് ഉടന്‍ വീടിന്റെ വാതിലടയ്ക്കും. വധു പരിഭ്രമിക്കേണ്ടതില്ല. അവള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടക്കണമെന്നാണ് ആചാരം. അത് ധിക്കാരമല്ല. അധികാരം ഉറപ്പിക്കുന്ന ചടങ്ങാണ്. ഭര്‍ത്തൃഗൃഹത്തില്‍ താന്‍ സര്‍വ്വാധികാരങ്ങളോടെ എത്തികഴിഞ്ഞുവെന്ന് വെളിവാക്കുന്നു. പിന്നെ ഭര്‍ത്തൃഗൃഹത്തിലെ സ്ത്രീജനങ്ങള്‍ വധുവിനെ നടുമുറ്റത്തുള്ള മുല്ലത്തറയ്ക്ക് അടുത്ത് കൊണ്ടുപോയി ഇരുത്തുന്നു. കാരണവത്തിയമ്മ ഗണപതിയെ നിവേദിക്കും; കൂടെ ശിവനും പാര്‍വ്വതിക്കും നിവേദിക്കും. പൂജകഴിയുന്നതിനു മുമ്പായി വധു ഒരപ്പമെടുത്ത് ഒരുണ്ണിയെ (കുട്ടിയെ) പിടിച്ച് മടിയിലിരുത്തി നല്‍കുന്നു. അത് കണ്ട് മറ്റുണ്ണികളും ഓടി എത്തും. പിന്നെ നിവേദിക്കാന്‍ സമ്മതിക്കാതെ ഓരോരുത്തരും അപ്പം എടുത്തുകൊണ്ടോടി പോകുന്നതാണ് ചടങ്ങ്. പൂജിക്കാന്‍ പോലും തന്റെ അനുവാദം വേണമെന്നും ഭക്ഷണം നല്‍കുന്നതിന് തന്റെ സമ്മതം വേണമെന്നും ധ്വനിക്കുന്നതാണ് ചടങ്ങുകള്‍. ഒടുവില്‍ വധുവിന്റെ സഹായത്തോടെ നിവേദിക്കല്‍ പൂര്‍ത്തിയാക്കുന്നു. അതില്‍ സന്തോഷിച്ച് വരന്റെ സഹോദരിയോ അമ്മയോ വധുവിനെ പൊന്നണിയിക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. പിന്നെ മംഗല്യസ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് മുല്ലത്തറയ്ക്ക് പ്രദക്ഷിണംവെച്ച് അകത്തു കയറുന്നു. വരനേയും വധുവിനേയും അകത്തിരുത്തി അമ്മ പാലും പഴവും നല്‍കുന്നു. പിന്നീട് ബന്ധുക്കള്‍ ഓരോരുത്തരായി പാലും പഴവും നല്‍കുന്നു. പാലും പഴവും നല്‍കാന്‍ വിധവകള്‍ക്കും അവകാശമുണ്ട്.