ദീപാവലി മഹോത്സവം

   ഭാരതീയരെ സംബന്ധിച്ചിടത്തോളം വളരെ പുണ്യമായ ഒരു ഉത്സവദിനമാണ് ദീപാവലി. തുലാമാസത്തിലെ നരകചതുര്‍ദ്ദശി ദിനത്തിലാണ് ദീപാവലി കൊണ്ടാടുന്നത്. അന്നേദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എല്ലാവരും എഴുന്നേല്‍ക്കുകയും എണ്ണ തേച്ച് കുളിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. വിശേഷ വസ്ത്രങ്ങള്‍ ധരിച്ചും പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കിയും ദീപാവലി ദിനത്തെ ഭക്തര്‍ അവിസ്മരണീയമാക്കുന്നു. പടക്കങ്ങളും മറ്റും കത്തിച്ചും ദീപാവലി ആഘോഷിക്കുന്നു. നിരവധി ദീപങ്ങള്‍ കൊളുത്തിവെച്ച് ദീപാവലി ദിനത്തെ വരവേല്‍ക്കുന്നു. ദീപങ്ങളുടെ സമൂഹം എന്നര്‍ത്ഥമാണ് ദീപാവലിക്കുള്ളത്.
   പ്രാഗ്ജ്യോതിഷം തലസ്ഥാനമാക്കി വാണിരുന്ന ഭൂമിപുത്രനായ ദുഷ്ടനരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ ഉത്സാഹം പ്രകടിപ്പിക്കുന്ന ദിനമാണ് ദീപാവലി. നരകാസുരനെ വധിച്ചതിനുശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തിയപ്പോള്‍ ദ്വാരകാ നിവാസികള്‍ ദീപങ്ങള്‍ കൊളുത്തിയും ആരവങ്ങള്‍ മുഴക്കിയും ഭഗവാനെ എതിരേല്‍ക്കുന്നു. ആ ഓര്‍മ്മ പുതുക്കലാണ് ദീപാവലി ദിനം.

  വരാഹാവതാരത്തില്‍ വിഷ്ണുവിന് ഭൂമിയിലുണ്ടായ പുത്രനാണ് നരകന്‍, ഭൂമിദേവിയുടെ അഭ്യര്‍ഥനപ്രകാരം മഹാവിഷ്ണു ശിശുവിന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. അല്ലയോ നരകാ, നിന്റെ കയ്യില്‍ ഈ അസ്ത്രം ഇരിക്കുന്നിടത്തോളം കാലം ഞാനൊഴികെ മറ്റാരും നിന്നെ വധിക്കില്ല. മഹാവിഷ്ണു നരകന് വരവും നല്‍കി. വരം ലഭിച്ചതോടെ നരകന്‍ അഹങ്കാരിയായി മാറി. പ്രാഗ്ജ്യോതിഷം എന്ന നഗരം തലസ്ഥാനമായി തെരഞ്ഞെടുത്തു. അവിടെ ആസ്ഥാനമാക്കി എല്ലാ നീചകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കി. യജ്ഞദാനാദികളില്‍ ശ്രദ്ധയില്ലാത്തവനായി. കാമാഖ്യക്ഷേത്രദര്‍ശനത്തിന് ചെന്ന വസിഷ്ഠനെ ക്ഷേത്രദര്‍ശനത്തിനനനുവദിക്കാതെ തടയുകയും അപമാനിക്കുകയും ചെയ്തു. സ്ത്രീകളെ ബന്ധനസ്ഥരാക്കി. ദേവലോകം ആക്രമിച്ച് ഇന്ദ്രനെ തോല്‍പ്പിച്ചു. ഇന്ദ്രമാതാവായ അദിതിയുടെ സര്‍വ്വരത്നാമൃതസ്രാവിയും ദുഃഖവിഘ്നഹാരവുമായ കുണ്ഡലം രണ്ടും കൈക്കലാക്കി. മുനിമാരെ ഉപദ്രവിക്കുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് അസുരഭാരം സഹിക്കാന്‍ വയ്യാതെ ഭൂമിദേവി ഭഗവാനെ അഭയം പ്രാപിച്ചത്. ദേവന്മാര്‍ക്കും മുനിമാര്‍ക്കും മഹാത്മാക്കളായ പിതൃക്കള്‍ക്കും സകല ജീവികള്‍ക്കും ഭയപ്പെടേണ്ടവനും ദേവനിന്ദകനും സകലരാലും വെറുക്കപ്പെട്ടവനും ദേവശത്രുവും ലോകദ്രോഹിയുമാണ് നിന്റെ മകനായ നരകാസുരന്‍ എന്ന് ശ്രീകൃഷ്ണന്‍ ഭൂമിദേവിയോട് പറഞ്ഞു. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണന്‍ ഗരുഡാരൂഡനായി പ്രാഗ്ജ്യോതിഷപുരം ആക്രമിക്കുകയും ദ്വാരപാലകന്മാരെയും സേനാനായകരേയും സൈന്യങ്ങളേയും കൊന്നൊടുക്കിയശേഷം ഒടുവില്‍ ചക്രായുധം കൊണ്ട് നരകനെ മദ്ധ്യഭാഗത്ത് രണ്ടായിമുറിച്ച്‌ തറയില്‍ വീഴ്ത്തുകയും ചെയ്തു. അനന്തരം കാഷായവാസിനികളും നിയതേന്ദ്രിയകളുമായി നരകന്റെ ബന്ധത്തില്‍ താമസിച്ചിരുന്ന സ്ത്രീകളെ അവരുടെ അപേക്ഷപ്രകാരം ശ്രീകൃഷ്ണന്‍ സ്വീകരിച്ചു. ഇപ്രകാരം ശ്രീകൃഷ്ണന്‍  വിഷ്ണു ഭാവത്തില്‍ സ്വപുത്രനായ നരകനെ വധിച്ചും സ്ത്രീകളെ മോചിപ്പിച്ചും വേദങ്ങളിലെ ഒരു മുഖ്യദേവതയായ ഇന്ദ്രമാതാ അദിതിയെ സന്തോഷിപ്പിച്ചും ഇന്ദ്രനെയും ദേവന്മാരെയും മഹര്‍ഷികളെയും തൃപ്തിപ്പെടുത്തി ലോകകല്യാണം സ്ഥാപിച്ച പുണ്യദിനമാണ് ദീപാവലി. അന്ന് എല്ലാ ദിക്കിലും വിജയസന്തോഷസൂചകമായി ദീപങ്ങള്‍ ധാരാളം കത്തിക്കുന്നത് കൊണ്ട് ദീപാവലിദിനമായി.

  നരകവധത്തില്‍ കാമാഖ്യാദേവിയായ കാളി, യുദ്ധം ചെയ്തുകൊണ്ടിരുന്ന ശ്രീകൃഷ്ണന്റെ സമീപത്ത് ഖഡ്ഗശക്തിധാരിണിയായി സഹായത്തിന് നിന്നിരുന്നുവെന്ന് കാളികാപുരാണം പറയുന്നു. വടക്കേ ഇന്ത്യയില്‍ ചിലയിടത്ത് നരകചതുര്‍ദ്ദശി ദിവസം സന്ധ്യകഴിഞ്ഞുള്ള അര്‍ദ്ധരാത്രിയില്‍ കാളീപൂജ നടത്തുന്നു. ലോകത്ത് ഐശ്വര്യം വന്ന ദിവസമായതുകൊണ്ട് അന്ന് ചിലര്‍ ലക്ഷ്മീപൂജ നടത്തുന്നു. സ്ത്രീകളെ അടിമത്തത്തില്‍ വെയ്ക്കുന്നത് തെറ്റെന്നും ബാല്യവിവാഹത്തിനുപകരം ഇന്ദ്രിയ സംയമന ശക്തിയുണ്ടാകത്തക്ക വിദ്യാഭ്യാസം കൊടുത്ത ശേഷം അവര്‍ക്ക് ഭര്‍ത്തൃസ്വീകരണ സ്വാതന്ത്രം അനുവദിക്കുന്നതാണ് ശരിയെന്നും വാദിക്കുന്നവര്‍ക്ക് അനുകൂല ശാസ്ത്രസമ്മതി നല്‍കുന്ന ദിനമാണ് ഇത്. ദീപാവലി ദിനത്തിലെ തേച്ചുകുളി മനോമാലിന്യദുരീകരണത്തിന്റെ പ്രതീകമാണ്.

   ഇഹലോകത്തിനപ്പുറം യാതൊന്നുമില്ലെന്നു കരുതുന്നവന്റെ, അസുക്കളില്‍ രമിക്കുന്നവന്റെ പ്രാണവൃത്തിക്കളായ വിശപ്പും ദാഹവും അടക്കുന്നതു തന്നെ പരമലക്ഷ്യമായി കരുതുന്നവന്റെ സമ്പര്‍ക്കം ഈശ്വരനെയും ധര്‍മ്മത്തെയും മറപ്പിക്കും. ദീപാവലി - പ്രകാശം വന്നാല്‍ നരകന്റെ - വിഷയാസക്തിയുടെ മരണം വരും. അഥവാ നമ്മുടെ പ്രാര്‍ത്ഥനാഫലമായി ഭഗവാന്‍ നരകനെ കൊല്ലുമ്പോള്‍ ദീപാവലിയും ജ്വലിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.