ഒരു ദിവസം ഭീമൻ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ദൂരത്തായി ഗർഭിണിയായ ഒരു മാൻ നില്‍ക്കുന്നതു കണ്ടു.
ഭീമനെക്കണ്ട് പേടിച്ചരണ്ട മാൻ നാലുദിക്കുകളിലേക്കും നോക്കിയിട്ട് അനങ്ങാതെ നിന്നു.
ഭീമൻ ചുറ്റും നോക്കിയപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് .
മാനിന്റെ മുൻ വശത്തായി ഒരു സിംഹം അതിനെ പിടിക്കാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിറകുവശത്ത് ഒരു വേടൻ വില്ലുകുലച്ച് അമ്പെയ്യാനായി ഒരുങ്ങിനില്‍ക്കുന്നു.
വേടനെ കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടുവരാതിരുന്നത്.
വലതുവശത്ത് അതിശക്തമായി കുത്തി ഒലിച്ചു ഒഴുകുന്ന നദി, മറുവശത്ത് ആളിക്കത്തുന്ന കാട്ടുതീ.
മാനിനു നാലുചുറ്റും ആപത്തു മാത്രം.....
ആ മാൻ പേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു.
എന്നാല്‍ ഭീമൻ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാൻ ശ്രമിച്ചാൽ അതുകണ്ട് മാൻ പേടിച്ചോടി സിംഹത്തിന്റെ വായിൽ ചെന്നുചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാൽ മാൻ നദിയിലേക്കു ചാടി ഒഴുക്കിൽ പ്പെട്ടുമരിക്കും.
മാനിനെ രക്ഷിക്കാൻ ഒരു മാർഗവും കാണാതെ ഭീമൻ ഒടുവിൽ ഈശ്വരനെ വിളിച്ച്,
”ഭഗവാനേ, ഞാൻ തികച്ചും നിസ്സഹായനാണ്. ഈ ജന്തുവിനെ രക്ഷിക്കാൻ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നുതന്നെ അതിനെ രക്ഷിക്കണേ” എന്നു പ്രാർഥിച്ചു.
അടുത്തനിമിഷം മാനത്ത് കാർ മേഘങ്ങൾ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി.
തുടർന്ന് അതിശക്തമായ മഴപെയ്തുതുടങ്ങി.
ഇടിമിന്നലേറ്റ് വേടൻ ബോധംകെട്ടുവീണു.
മഴയിൽ കാട്ടുതീയണഞ്ഞു,
സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാൻ പേടയും ഓടി രക്ഷപ്പെട്ടു.
ഇതെല്ലാം കണ്ടുനിന്ന ഭീമൻ അത്ഭുതപരതന്ത്രനായി.
നമ്മുടെ കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോൾ ഈശ്വരകൃപ ഒന്നുമാത്രമേ നമ്മുടെ പ്രയത്‌നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും.
മനസ്സിൽ വെറും ഒരു നിസാര ജീവിയായ മാൻ പേടയോടുള്ള കാരുണ്യവും , ഈശ്വരനോടുള്ള സമർപ്പണവും ഒന്നിച്ചപ്പോഴാണ് ഭീമൻ ഈശ്വരകൃപയ്ക്ക് പാത്രമായത്. പ്രയത്‌നവും കാരുണ്യവും സമര്‍പ്പണവും എവിടെ ഒന്നിക്കുന്നുവോ അവിടെ ഈശ്വരന്‍ തീര്‍ച്ചയായും കൃപ ചൊരിയുന്നു.