അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ,  ഭദ്രേ നാരായണ എന്ന് ഒരിക്കലെങ്കിലും ജപിക്കാത്ത ഹൈന്ദവർ ഉണ്ടാകാൻ ഇടയില്ല.  ബാല്യം മുതൽ നാമേറ്റവും കൂടുതൽ ചൊല്ലുന്ന  നാമവും ഇപ്പോൾ  ജപിക്കുന്ന  നാമവും ഇതു തന്നെയാകും. 

പക്ഷെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി. സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെ പൂർവികരായ മാതാപിതൃക്കളും  ഗുരുക്കന്മാരും  അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് വാസ്തവം.  

 ഒരുപക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പോരായ്മ. 

"അമ്മേ നാരായണ"

അമ്മേ നാരായണ എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്.   ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ മറ്റൊരു ജന്മത്തിന് തയ്യാറെടുത്തു പരിപൂർണ്ണ ഗർഭവതിയായിരിക്കുമ്പോഴാണ്.  സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. 

  പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗർഭാവസ്ഥ എന്നതുകൊണ്ട് അർത്ഥമാക്കിയിരിക്കുന്നത്.    ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു.   ഈ ജഗത് ആ ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. 

 അസദ് വാ ഇദമഗ്രമാസീത്,  തതോവൈ സദജായത – ഈ ജഗത്  ഉത്പത്തിയ്കു മുൻപ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു.  അതിൽ നിന്നാണ്  നാമരൂപ വിശേഷങ്ങളോടു കൂടിയ ജഗത്  (പ്രപഞ്ചം ) ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. 

 അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിർമ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു.   ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗർഭം  ധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച്  ജഗത്തിനെ നിർമ്മിക്കുന്നവളായതിനാൽ ദേവിയെ  ശ്രീമാതാ അഥവാ അമ്മയെന്ന് നാം വിളിക്കുന്നു.  

 നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ് അർത്ഥം.  അയ ഗതൌ എന്ന്  തത്വാർത്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അർത്ഥം.  അമ്മേ നാരായണ എന്നതുകൊണ്ട്   ജഗത്സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിക്കു അഥവാ ജ്ഞാനത്തിന് ആധാരമെന്ന് അർത്ഥം  ലഭിക്കുന്നു.

"ദേവീ നാരായണ"

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ്  ക്രീഡനേ എന്നർത്ഥം.   ഇതനുസരിച്ച്  പ്രപഞ്ചരചനയെന്നത്  കേവലം ലീല മാത്രമാണ്.   സൃഷ്ടിയാൽ ദേവിക്ക്  നേടേണ്ട പ്രയോജനമൊന്നും തന്നെയില്ല.    ലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു.    ബാലാലീലാ വിനോദിനിയായി  പ്രപഞ്ചരചനക്ക്  പുറപ്പെടുന്ന അമ്മയെയാണ്  "ദേവീനാരായണ" യായി പറയുന്നത്.

 സോടകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന്  തൈത്തിരീയ ഉപനിഷദ്  പറയുന്നു.   സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം.    ഈക്ഷത ലോകാൻ നു സൃജാ ഇതി.   എനിക്ക് വിവിധ  ലോകങ്ങളെ സൃഷ്ടിക്കണം എന്ന് വീക്ഷിച്ചു  എന്ന്  ഐതരേയം.   ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.

"ലക്ഷ്മീ നാരായണ."

ലക്ഷ്മീ എന്നതിന് ലക്ഷ ദർശനേ  എന്നാണ് ധാതു.   അതായത് കാണുക.   അമ്മ എവിടെയാണ് കാണുക  എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡ സംഭൂതയെന്നാണ്.   ദേവി എന്നും ഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നർത്ഥം.   ജ്ഞാനസ്വരൂപിണിയായ ദേവി ജീവന്റെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്.  

 അതായത് ഭക്തന്മാരുടെ ഹൃദയകമലത്തിൽ എന്നും ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവി.   ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളായതുകൊണ്ട്  ലക്ഷ്മീയെന്നു ജപിക്കുന്നു .

"ഭദ്രേ നാരായണ"

ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അർത്ഥം.  പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ.    ദേവി സകലജഗത്തിന്റേയും കാരണവും സൃഷ്ടികർത്താവും ആണ്.    എകവും അഖണ്ഡ പരിപൂർണ്ണ സച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സർപ്പമെന്ന പോലെയും കനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവർണ്ണമെന്ന പോലെയും സ്വന്തം മായയാൽ പലതായി വിവർത്തിക്കുന്നു.  

 സ്വയംപ്രകാശസ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായി വിവർത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു.    അത് നാംകാണുന്ന ഈ പ്രപഞ്ചമായി വിവർത്തിക്കപ്പെട്ടിരിക്കുന്നതും പരമാർത്ഥത്തിൽ  ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ്.   ഈ ഭാവമാണ്  ഭദ്രാ രൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തർ ഈ പ്രപഞ്ചസത്യത്തെയാണ്  പ്രാർത്ഥിക്കുന്നതും അനുഗ്രഹത്തിനായി വിളിക്കുന്നതും. സകലപ്രപഞ്ച മനുഷ്യ വാസികൾക്കു മാത്രമല്ലാ  സസ്യ-ജീവജാലങ്ങൾക്കും അനുഗ്രഹം നൽകാനുള്ള നമ്മുടെ പ്രാർത്ഥന എത്ര ഉദാത്തമല്ലേ?   പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ബാലാ ലീലാ വിനോദിനിയായ, ജഗത് സ്വരൂപിണിയായ അമ്മ എല്ലാ ഭക്തർക്കും അനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.

അമ്മേ നാരായണ  ദേവീ നാരായണ 
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.