ആചാരാനുഷ്ഠാനങ്ങളില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം വളരെ വൈവിധ്യം പുലര്‍ത്തുന്നതാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം. പരശുരാമനാലും ശ്രീശങ്കരാചാര്യരാലും പ്രതിഷ്ഠിതമായ രണ്ടു ശ്രീചക്രങ്ങള്‍ ഈ ക്ഷേത്രത്തെ അത്യധികം ചൈതന്യവത്താക്കി സംരക്ഷിച്ചുപോരുന്നു. ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങള്‍ മകരമാസത്തിലെ താലപ്പൊലിയും മീനമാസത്തിലെ ഭരണിമഹോത്സവവുമാണ്.
ഭരണി കൊടികയറല്‍
കുംഭമാസത്തിലെ ഭരണി നാളില്‍ കൊടികയറുന്നതോടുകൂടി ഭരണി _മഹോത്സവത്തിന് തുടക്കം കുറിക്കുന്നു. മന്ത്രതന്ത്രാദികള്‍ ഒന്നുംതന്നെയില്ലാതെയാണ് കൊടികയറുന്ന ചടങ്ങ് നടക്കുന്നത്. കുംഭമാസത്തിലെ ഭരണി നാളില്‍ രാവിലെ ഏകദേശം എട്ടുമണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
കൊടികയറല്‍ ചടങ്ങിനു മുമ്പ് അവകാശികളായ മലയന്‍ തട്ടാന്‍ തലേദിവസം തന്നെ കൊടുങ്ങല്ലൂര്‍ വലിയതമ്പുരാനെ കണ്ട് തിരുമുല്‍ക്കാഴ്ച സമര്‍പ്പിച്ച് കൊടികയറുവാനുള്ള അനുവാദം വാങ്ങിക്കും. വലിയ തമ്പുരാന്‍ ചടങ്ങിന് ധരിക്കുവാനായി രണ്ടു പവഴിമാലകള്‍ മലയന്‍ തട്ടാനു നല്‍കും. സ്വര്‍ണം കെട്ടിയ പവിഴമാല കാരണവരും പവിഴമാല അനന്തരവനും ധരിച്ചുവേണം ചടങ്ങുനടത്തുവാന്‍. കുംഭ ഭരണി ദിവസം രാവിലെ ഏകദേശം എട്ടുമണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പട്ടുതാലിയും കൊടിക്കൂറകളുമായി അവകാശികളായ മലയന്‍തട്ടാന്‍ ക്ഷേത്രാങ്കണത്തിലെത്തും. അതിനു മുമ്പായിതന്നെ അടികള്‍മാരടക്കം എല്ലാവരും നടയടച്ച് ക്ഷേത്രത്തിന്റെ മര്യാദസീമയ്ക്കപ്പുറം മാറിനില്‍ക്കും. ഈ സമയത്ത് മലയന്‍തട്ടാനും അനന്തരിവനും മണികിലുക്കി മൂന്നുതവണ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കൈയിലുള്ള പട്ടുംതാലിയും കൊടിക്കൂറയും വടക്കേനടയിലുള്ള കൊഴിക്കല്ലില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തിലെ പാരമ്പര്യ ശാന്തിക്കാരായ അടികള്‍മാര്‍ കുളിച്ച് ശുദ്ധമായി വടക്കേ നടവാതുക്കല്‍ വന്ന് ക്ഷേത്രം ശുദ്ധമായോ എന്ന് പിലാപ്പള്ളി മുത്തമ്മയോട് ചോദിക്കും. അടിച്ചു തളിച്ചു ശുദ്ധമായി എന്ന് അവര്‍ മറുപടി പറയും. തുടര്‍ന്ന് അടികള്‍മാര്‍ ശ്രീകോവില്‍ നട തുറന്ന് അഭിഷേകാദി, പൂജാ കര്‍മ്മങ്ങള്‍ ആരംഭിക്കും.
ഇതോടെ പലവര്‍ണ്ണങ്ങളിലുള്ള കൊടിക്കൂറകള്‍ ക്ഷേത്രനടയിലും ചുറ്റുമുള്ള ആല്‍വൃക്ഷങ്ങളിലും ഉയര്‍ത്തും. കൊടുങ്ങല്ലൂര്‍ എടമുക്ക് പ്രദേശത്തെ കുഡുംബി സമുദായക്കാര്‍ക്കാണ് കൊടിക്കൂറകള്‍ കെട്ടുന്നതിനുള്ള അവകാശം. ഈ ചടങ്ങ് കഴിഞ്ഞാല്‍ മലയന്‍തട്ടാന്‍ വലിയതമ്പുരാനെ വിവരമറിയിച്ച് തലേ ദിവസം ലഭിച്ച പവിഴമാലകള്‍ തിച്ചേല്‍പ്പിച്ച് ഓണപ്പുടവ വാങ്ങി തിരിച്ചുപോകും.
കുംഭമാസത്തിലെ ഭരണി നാളിലാണ് ദേവീ ദാരികനുമായി യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് ഐതിഹ്യം. ഭദ്രകാളി ദാരിക വധം കഴിഞ്ഞ് വരുമ്പോള്‍ ഉടയാടയില്‍ രക്തം പുരണ്ടിരിക്കുന്നത് കണ്ട് മറ്റൊരു ചുവന്ന ഉടയാടയും സ്വര്‍ണ്ണമാലയും ദേവിക്ക് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രെ ഈ അവകാശം മലയന്‍ തട്ടാന്റെ കുടുംബത്തിന് ലഭിച്ചത്.
കോഴിക്കല്ല് മൂടൽ
ഭരണി ഉത്സവത്തിന്റെ അടുത്ത പ്രധാനചടങ്ങാണ് കോഴിക്കല്‍ മൂടല്‍. മീനമാസത്തിലെ അശ്വതിനാളില്‍ നടക്കുന്ന കാവുതീണ്ടലിന് ഏഴുദിവസം മുമ്പ് തിരുവോണം നാളിലാണ് കോഴിക്കല്‍ മൂടല്‍ ചടങ്ങ് നടക്കുന്നത്. വടക്കേ നടയിലുള്ള വലിയ ദീപസ്തംഭത്തിനോടു ചേര്‍ന്ന് വട്ടത്തിലുള്ള രണ്ടുകല്ലുകളാണ് കോഴിക്കല്ലുകള്‍ എന്ന് അറിയപ്പെടുന്നത്. 1977 വരെ ഈ കല്ലുകളിലാണ് കോഴിയെ ബലി കൊടുത്തിരുന്നത്. യുക്തിവാദികളുടെ / നിരീശ്വരവാദികളുടെ ആവശ്യപ്രകാരം 1968 ലെ ജന്തു പക്ഷി ബലി നിരോധന നിയമ പ്രകാരം കേരള സർക്കാർ 1977 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ജന്തു പക്ഷി ബലി നിരോധന നിയമം നടപ്പിലാക്കിയതോടുകൂടി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴിയെ സമര്‍പ്പിക്കലാണിപ്പോള്‍. സമീപത്തായി വലിയ കുഴിയുണ്ടാക്കി രണ്ടു കല്ലുകളും അതിലിട്ട് മൂടി അതിനു മുകളില്‍ മണല്‍തിട്ടയുണ്ടാക്കി ചുവന്നപട്ടിട്ട് മൂടും. അതിനു മുകളിലായി കോഴിയെ സമര്‍പ്പിക്കുന്നു. ആദ്യം കോഴിയെ സമര്‍പ്പിക്കാനുള്ള അവകാശം തച്ചോളി തറവാട്ടുകാര്‍ക്കും കാരമ്പിള്ളി തറവാട്ടുകാര്‍ക്കുമാണ്. ചടങ്ങിന് മുമ്പ് തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ എന്ന് ഭഗവതി വീട്ടിലെ കാരണവര്‍ മൂന്നുപ്രാവിശ്യം വിളിച്ചു ചോദിക്കും. ഹാജരുണ്ട് എന്നു പറഞ്ഞാണ് അവര്‍ കോഴിയെ സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് മറ്റ് അവകാശികളും കോഴിയെ സമര്‍പ്പിക്കും. ഈ ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ തെക്കുകിഴക്കേ മൂലയിലുള്ള രണ്ട് ആല്‍മരങ്ങളില്‍ അനവധി കൊടിക്കൂറകള്‍ കെട്ടിയ കയര്‍ വലിച്ചുകെട്ടും. വേണാടന്‍ കൊടിയുയര്‍ത്തല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതുകഴിഞ്ഞാല്‍ ഭരണിപ്പാട്ട് തുടങ്ങും. മുളവടികള്‍കൊണ്ട് താളമിടിയും തുള്ളിച്ചാടിയുമൊക്കെയാണ് ഭരണിപ്പാട്ടുകള്‍ പാടുന്നത്. കൗളസമ്പ്രദായത്തിലെ പഞ്ചമകാരാദി പൂജകളുടെ ലഘുരൂപങ്ങളായി ഇതിനെ കാണാവുന്നതാണ്. തിരുവോണ നക്ഷത്രം മുതലാണ് ഭദ്രകാളില ദാരികനുമായി നേര്‍ക്കുനേര്‍ യുദ്ധം തുടങ്ങുന്നത്. കോഴിക്കല്ലുമൂടിക്കഴിഞ്ഞാല്‍ പലദേശങ്ങളില്‍ നിന്നുമുള്ള കോമരങ്ങള്‍ വന്നു നിറഞ്ഞ് ശ്രീകുരംബക്കാവിൽ യുദ്ധസമാനമായ ഒരന്തരീക്ഷം തീര്‍ക്കുന്നു.
രേവതി നാളില്‍ വൈകുന്നേരം വടക്കെ നടയിലുള്ള വലിയ ദീപസ്തംഭം തെളിക്കുന്ന ചടങ്ങുണ്ട്. രേവതി വിളക്ക് എന്ന് അറിയപ്പെടുന്നു. കാളി ദാരികനെ നിഗ്രഹിച്ചതിന്റെ സന്തോഷസൂചകമായി അണികള്‍ തെളിയിക്കുന്നതായാണ് അറിയപ്പെടുന്നത്.
അശ്വതിപൂജ (തൃച്ചന്ദനച്ചാര്‍ത്ത്)
രുരുജിത് വിധാനത്തില്‍പ്പെട്ട ഏറ്റവും സവിശേഷമായ ആചാരാനുഷ്ഠാനങ്ങളുള്ള ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഈ വിധാനത്തിലുള്ള ക്ഷേത്രങ്ങളില്‍ നിത്യപൂജകള്‍ക്കു പുറമേ ശ്രീവിദ്യാസമ്പ്രദായത്തില്‍ മാസത്തില്‍ ഒരിക്കല്‍ പര്‍വ പൂജയും വാര്‍ഷികമായി ശുദ്ധ ശ്രീവിദ്യാ സമ്പ്രദായത്തിലുള്ള അതിവിശേഷമായ പൂജയും ഉണ്ടായിരിക്കും. പര്‍വപൂജ സംക്രമദിനത്തിലാണ് ഇവിടെ നടന്നിരുന്നത്. അതിവൈശേഷികമായ വാര്‍ഷിക പൂജ മീനമാസത്തിലെ അശ്വതി നാളിലും അശ്വതി പൂജയും തുടര്‍ന്ന് വിത്യസ്ത യാമങ്ങളിലുള്ള യാമപൂജയുമാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ചൈതന്യം പരിപാലിച്ചു പോരുന്നത്. മൂന്നുമഠങ്ങളിലുമുള്ള കാരണവന്മാര്‍ ചേര്‍ന്നാണ് അതീവരഹസ്യവിധാനത്തിലുള്ള ഈ പൂജകള്‍ നിര്‍വഹിച്ചുപോരുന്നത്. പൂജാവിധികള്‍ പാരമ്പര്യമായി മാത്രം പകര്‍ന്നുവരുന്നതാണ്. പണ്ട് ഭദ്രകാളിയാമത്തില്‍ നടന്നിരുന്ന ഈ പൂജ മലയാളമാസം 1080 ലാണത്ര ഇപ്പോഴത്തെ സമയത്തേക്ക് മാറ്റിയത്. അടികള്‍ കാരണവന്‍മാര്‍ ഒരു ചാന്ദ്രമാസത്തെ വ്രതമെടുത്താണ് അശ്വതി പൂജ നിര്‍വഹിക്കുന്നത്. ദാരിക വധത്തിനു ശേഷം മുറിവുപറ്റിയ ദേവിയെ അശ്വനിദേവതകള്‍ ചികിത്സിച്ച് സുഖപ്പെടുത്തിയതിന്റെ പ്രതീകമായ ചടങ്ങാണ് അശ്വതി പൂജ എന്നു പറയുന്നുണ്ടെങ്കിലും അതിലുപരി ശ്രീവിദ്യാസമ്പ്രദായത്തിലുള്ള അതിശ്രേഷ്ഠമായ പൂജവിധാനമാണ്. വലിയ തമ്പുരാനില്‍ നിന്നും അനുവാദം വാങ്ങിയാണ് അടികള്‍മാര്‍ അശ്വതിപൂജയ്ക്ക് പോകുന്നത്. ഏഴര നാഴിക നീണ്ടുനില്‍ക്കുന്ന ഈ പൂജ മൂന്നുമഠങ്ങളിലെയും കാരണവന്‍മാര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചുവരുന്നത്. ശ്രീകോവില്‍ അടച്ചായിരിക്കും പൂജ. പ്രത്യേക പാത്രങ്ങളും നിവേദ്യങ്ങളുമായിരിക്കും. ഈ സമയത്ത് ക്ഷേത്രത്തില്‍ അന്യജന സാന്നിധ്യം പാടില്ലെന്ന് പ്രത്യേകം നിഷ്‌കര്‍ഷയുണ്ട്.
അശ്വതി പൂജയ്ക്ക് നട അടയ്ക്കുന്നതിനു മുമ്പ് പാലക്കവേലന്‍ പ്രത്യേക വേഷഭൂഷാദികളോടെ പടിഞ്ഞാറെ നടയില്‍ വസൂരിമാല ക്ഷേത്രത്തിനടുത്തായി ഇരിക്കും. തലേദിവസം തന്നെ വലിയ തമ്പുരാനില്‍നിന്നും കാവുതീണ്ടാനുള്ള അനുവാദം വാങ്ങിയിരിക്കും. വലിയ തമ്പുരാന്‍ നല്‍കിയ പവിഴമാലയും പുടവയും വെള്ള വസ്ത്രം കൊണ്ടുണ്ടാക്കിയ കൂമ്പന്‍തൊപ്പിയും ധരിച്ചാണിരിക്കുക. അശ്വതി നാളില്‍ പൂജയ്ക്ക് നട അടയ്ക്കുന്നതിനു വളരെ മുമ്പായി തന്നെ വലിയ തമ്പുരാന്‍ കിഴക്കേ നടയിലെ വാതില്‍മാടത്തില്‍ പരമ്പരാഗത വേഷവിധാനങ്ങളോടെ എഴുന്നള്ളിയിരിക്കും. ഈ ദിവസം തമ്പുരാന്‍ കോവിലകത്തുനിന്നും അമ്പലത്തിലേക്ക് പല്ലക്കിലാണ് എഴുന്നുള്ളുന്നത്. വാതില്‍ മാടത്തില്‍വച്ചാണ് അടികള്‍ക്ക് അശ്വതി പൂജയ്ക്കുള്ള അനുവാദം നല്‍കുന്നത്. അന്നേദിവസം അത്താഴപൂജയടക്കമുള്ള എല്ലാ പൂജകളും നേരത്തെ കഴിച്ചതിനു ശേഷമാണ് അശ്വതി പൂജയ്ക്ക് നട അടയ്ക്കുന്നത്. അടികകള്‍ അശ്വതി പൂജയ്ക്ക് നട അടച്ചു കഴിഞ്ഞാല്‍ കോവിലകത്തെ മറ്റ് അവകാശികളായ അംഗങ്ങള്‍ പരമ്പരാഗത വേഷങ്ങളണിഞ്ഞ് ആയുധ പാണികളായി ക്ഷേത്രത്തിനകത്ത് കിഴക്കുഭാഗത്തുള്ള മണ്ഡപങ്ങളിലായി ഇരിക്കും. യാഗതുല്യമായ ഈ പൂജയ്ക്ക് വിഘ്നങ്ങള്‍ വരാതെ സംരക്ഷിക്കുന്നതിനായാണിത്.
സര്‍വ്വൈശ്വര്യങ്ങള്‍ നല്‍കും പുണ്യദര്‍ശനം
ഏഴരനാഴിക നീണ്ടുനില്‍ക്കുന്ന അശ്വതി പൂജ കഴിഞ്ഞാല്‍ കിഴക്കെനടയിലൂള്ള വാതില്‍ മാടത്തിലിരുന്ന് വലിയ തമ്പുരാന്‍ അടികള്‍മാര്‍ക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് അവകാശികള്‍ക്കും മുദ്രവടികള്‍ നല്‍കും. തുടര്‍ന്ന് വലിയ തമ്പുരാനും പരിവാരങ്ങളും മറ്റവകാശികളും നിലപാട് തറയിലേക്ക് എഴുന്നള്ളി കോയ്മയോട് പട്ടുകുട നിവര്‍ത്താന്‍ പറഞ്ഞ് കാവുതീണ്ടലിനുള്ള അനുവാദം നല്‍കും. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ കാവുതീണ്ടല്‍ ചടങ്ങ് നടക്കും.
കാവുതീണ്ടല്‍
കോഴിക്കല്ല് മൂടിക്കഴിഞ്ഞാല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ദേശങ്ങളിലെ ആബാലവൃദ്ധം ഭക്തജനങ്ങള്‍ കോമരങ്ങളുടെയോ അതാത് ദേശങ്ങളിലെ മൂപ്പന്‍മാരുടെയോ നേതൃത്വത്തില്‍ ശ്രീകുരംബക്കാവില്‍ എത്തിച്ചേരുന്നു. ഉത്രട്ടാതി, രേവതി, അശ്വതിനാളുകളിലാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത്. ഭക്തര്‍ കുരുമുളക്, മഞ്ഞള്‍, നാളികേരം, കാണിക്കകോഴികള്‍ എന്നിവ പള്ളിമാടത്തിലേക്ക് വലിച്ചെറിഞ്ഞ് ഭരണിപ്പാട്ടുകള്‍ പാടും. വടക്കേടത്ത്, തേറോടം തറവാടുകളിലെ വള്ളിച്ചപാടന്മരുടെ മുന്നില്‍ വെട്ടിത്തെളിഞ്ഞും യുദ്ധഭൂമിയെ ഓര്‍മ്മപ്പെടുത്തുന്നതുമായ ദിനങ്ങളായിരിക്കും രേവതി, അശ്വതി നാളുകളില്‍.
അശ്വതി പൂജയ്ക്ക് നട അടയ്ക്കുന്നതിനു മുമ്പായി ഓരോ ദേശത്തുനിന്നെത്തിയ കോമരക്കൂട്ടങ്ങള്‍ വടക്കേടത്തു തറവാട്ടില്‍ തങ്ങളുടെ വാളുകള്‍ പൂജിയ്ക്കും. അതിനു ശേഷം അവരവര്‍ക്ക് അവകാശപ്പെട്ടതായ ആല്‍ത്തറകളില്‍ നിലകൊള്ളും.
അശ്വതി പൂജ കഴിഞ്ഞാല്‍ വലിയ തമ്പുരാന്‍ പരിവാരസമേതം നിലപാട് തറയിലേക്ക് എഴുന്നള്ളി കോയ്മയോട് പട്ടുകുട നിവര്‍ത്താന്‍ പറഞ്ഞു കാവുതീണ്ടലിന് അനുവാദം നല്‍കും. പാലയ്ക്കാവേലനാണ് ആദ്യം കാവുതീണ്ടാനുള്ള അവകാശം. അതോടെ ഭീകരത തോന്നുന്ന കാവുതീണ്ടല്‍ ചടങ്ങ് നടക്കും. അവകാശ തറകളിലും ക്ഷേത്രത്തിനു ചുറ്റും തടിച്ചുകൂടി നില്‍ക്കുന്നവരും ചുവന്ന പട്ടുടുത്ത് കൈയില്‍ വാളും കാലില്‍ ചിലമ്പുമണിഞ്ഞ് അരമണികള്‍ കിലുക്കിക്കൊണ്ട് കോമരങ്ങളുടെ നേതൃത്വത്തില്‍ കൈയിലേക്ക് വടികള്‍ ഉയര്‍ത്തി ശരണം വിളികളോടെ ക്ഷേത്രമേല്‍ക്കൂരകളില്‍ അടിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി നിലപാട് തറയിലുള്ള തമ്പുരാനു ദക്ഷിണ സമര്‍പ്പിച്ച് വന്ദിച്ച് അനുഗ്രഹം വാങ്ങി തിരിച്ചുപോകും.
ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സൂര്യക്ഷേത്രം
അശ്വതി പൂജയ്ക്ക് ശേഷം ദേവി സുഖം പ്രാപിച്ചു എന്ന് ഈ അറിയിപ്പ് നല്‍കുന്നതാണ് പട്ടുകുട നിവര്‍ത്തുന്നതെന്നും തുടര്‍ന്ന് ഭക്തരുടെ ആഹ്ലാദപ്രകടനമാണ് കാവുതീണ്ടലെന്നും വ്യാഖ്യാനമുണ്ട്. കാവുതീണ്ടല്‍ എന്ന പ്രയോഗം തെറ്റാണ്. കാവുപൂകുക എന്നതാണ് ശരി. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിച്ചതിന്റെ ആഹ്ലാദപ്രകടനമാണ് കാവുതീണ്ടല്‍ എന്നൊക്കെ ദുര്‍വ്യാഖ്യാനങ്ങളാണ്. ആദ്യകാലം മുതല്‍ക്കുതന്നെ കൊടുങ്ങല്ലൂരമ്മ ഒരു സോഷ്യലിസ്റ്റ് ദേവതയാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും ക്ഷേത്രവുമായി എന്തെങ്കിലുമൊക്കെ അവകാശങ്ങളുണ്ട്. ഐതിഹ്യങ്ങള്‍ക്കെല്ലാം അപ്പുറം ഈ ക്ഷേത്രത്തിലെ ഓരോ ആചാരാനുഷ്ഠനത്തിനും താന്ത്രികമായി വളരെ പ്രധാന്യമേറിയതാണ്. യഥാര്‍ഥത്തില്‍ കാവുതീണ്ടല്‍ ചടങ്ങ് മറ്റു ക്ഷേത്രങ്ങളിലെ പോലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ഗ്രാമബലിയുമായി ബന്ധപ്പെട്ട ചടങ്ങാണെന്ന് മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ കാണാം.
വരിയരി പായസം
അശ്വതി പൂജയ്ക്കു ശേഷം ക്ഷേത്രനട അടച്ച് ഭരണിനാളില്‍ ദേവിക്കു നിവേദിക്കുന്നതാണ് വരിയരിപ്പായസം. ദാരിക വധത്തിനുശേഷം ദേവി സുഖം പ്രാപിച്ച് ആദ്യമായി കഴിക്കുന്ന ആഹാരമാണ് വരിയരിപ്പായസം എന്നാണ് സങ്കല്‍പ്പം. കൊല്ലത്തിലൊരിക്കല്‍ മീനമാസത്തിലെ ഭരണിനാളില്‍ മാത്രമാണ് ഇത് നിവേദിക്കുന്നത്. വളരെ ഔഷധഗുണമുള്ളതാണ് ഇത്. ഇതിന് ആവശ്യമായ വരിനെല്ല് എത്തിക്കുന്നതിനുള്ള അവകാശം ഗുരുവായൂരിനടുത്തുള്ള കിഴാപ്പാട്ട് നായര്‍ തറവാട്ടുകാര്‍ക്കാണ്. ഭരണിനാളില്‍ ഉദയത്തിനു മുമ്പ് (സരസ്വതി യാമം കഴിയുന്നതിനു മുമ്പ്) വരിയരിപ്പായസം നിവേദിച്ച് പൂജ കഴിഞ്ഞ് നടയടയ്ക്കണം.
യാമപൂജ
വര്‍ഷത്തിലൊരിക്കലുള്ള അതിവിശിഷ്ടമായ അശ്വതി പൂജയും (തൃച്ചന്ദനച്ചാര്‍ത്ത്) തുടര്‍ന്നുള്ള യാമപൂജകളുമാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ചൈതന്യം പരിപാലിച്ചുപോരുന്നത്. അശ്വതിനാളില്‍ ഭദ്രകാളിയാമത്തില്‍ നടക്കേണ്ട തൃച്ചന്ദനച്ചാര്‍ത്ത് പൂജയും തുടര്‍ന്നുള്ള യാമപൂജകളും ശ്രീവിദ്യ സമ്പ്രദായത്തിലുള്ള വിശിഷ്ടമായ പൂജകളുമാണ്. കൗള സമ്പ്രദായത്തില്‍ ഒരു ദിവസത്തെ ആറുയാമങ്ങളായി തിരിച്ചിരിക്കുന്നു. ഉദയം മുതല്‍ പകല്‍ മൂന്ന്, രാത്രി മൂന്ന് എന്നിങ്ങനെയാണ് ശ്രീ, ജ്യേഷ്ഠ,പാര്‍വതി, ദുര്‍ഗ, കാളി, സരസ്വതി എന്നിങ്ങനെ.കഴിഞ്ഞ് പിറ്റെ ദിവസം ഭരണി നാളില്‍ സരസ്വതി യാമത്തില്‍ വരിയരിപായസം നിവേദിച്ച് പൂജ കഴിയണം. ഏകദേശം സമയം പുലര്‍ച്ചെ 2.20 മുതല്‍ 6.20 വരെ. ഉദയത്തിനനുസരിച്ചു വ്യതിയാനം വരാവുന്നതാണ്. കാര്‍ത്തിക നാളില്‍ കാളിയാമം- രാത്രി 10.20 മുതല്‍ 2.20 വരെ. രോഹിണിനാളില്‍ ദുര്‍ഗായാമം വൈകിട്ട് 6.20 മുതല്‍ രാത്രി 10.20 വരെ. മകയിരം നാളില്‍ പാര്‍വതി യാമം ഉച്ചകഴിഞ്ഞ് 2.20 മുതല്‍ വൈകിട്ട് 6.20 വരെ. തിരുവാതിര നാളില്‍ ജ്യേഷ്ഠയാമം രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 2.20 വരെ. പുണര്‍തം നാളില്‍ ശ്രീഭഗവതി യാമം രാവിലെ 6.20 മുതല്‍ 10.20 വരെ. പൂയം നാളില്‍ നടതുറക്കുന്ന ദിവസം വീണ്ടും സരസ്വതി യാമത്തില്‍ വരും. അശ്വതി പൂജയും തുടര്‍ന്നുള്ള പൂജകളും കഴിഞ്ഞ് നടതുറക്കുന്ന ദിവസം തൊഴുന്നത് അത്യന്തം വിശേഷവും ശ്രേയസ്‌ക്കരമായ യാമപൂജ തൊഴുതാൽ ഫലം ലഭിക്കുന്നതാണ്.