സ്ഥിതപ്രജ്ഞന്‍ (ബുദ്ധി സ്ഥിരത നേടിയവന്‍ )

" സ്ഥിതപ്രജ്ഞനെന്നു ചൊല്ലിടേണമമുണ്ടതായതെങ്കി-
ലിന്ദ്രിയസുഖങ്ങളഞ്ചുമായതും ത്യജിക്കണം;
ആയതല്ല നിന്റെയുള്ളിലുള്ളതാം മനസ്സതിന്നെ 
ശുദ്ധമാക്കിടേണ്ടതുണ്ടതോര്‍ക്ക പാര്‍ത്ഥ നീയെടൊ. "

(മലയാളഗീത)

ആത്മീയമായ സകല അറിവുകളുടെയും അഭ്യാസങ്ങളുടെയും അവസാന വാക്കാണ്‌ സ്ഥിതപ്രജ്ഞനാവുക എന്നത്.

സ്ഥിതപ്രജ്ഞന്‍, എകരസ സ്ഥിതന്‍, ബുദ്ധിയുറച്ചവന്‍, എന്നെല്ലാം സാധാരണയായി യോഗികളെ വിളിക്കുന്നു. യോഗികളെന്നാല്‍ ഉടനെ നമ്മുടെ മനസ്സില്‍ തെളിയുന്നത് എല്ലാം ത്യജിച്ചവനും ജഡാവല്‍ക്കലനും കാഷായവസ്ത്രധാരിയുമായ ഒരു രൂപമായിരിക്കും. യോഗിയെന്നാല്‍ വാസ്തവത്തില്‍ ഈശ്വരന് മുന്നില്‍ ആത്മ സമര്‍പ്പണം ചെയ്തുകൊണ്ട് സാധനാത്മകമായി ജീവിതം നയിക്കുന്ന ഏതൊരാളെയും വിളിക്കാവുന്ന നാമമാണ്. (ഭഗവത്‌ഗീതയില്‍ യുവാവും കര്‍മ്മധീരനും ഗൃഹസ്ഥനുമായ അര്‍ജുനനെ യോഗിയായി ദര്‍ശിച്ചുകൊണ്ടാണ് ഭഗവാന്‍ ജ്ഞാനം നല്‍കുന്നത്.) അങ്ങനെയെങ്കില്‍ ജീവിതം ധാര്‍മ്മികമായും കര്‍മ്മോത്സുകമായും നയിക്കുന്ന ഓരോരുത്തരും യോഗികള്‍ തന്നെയാണ്.

സ്ഥിതപ്രജ്ഞന്‍ എന്ന അവസ്ഥ കാനനത്തില്‍ താപസനായി ജീവിക്കുന്ന യോഗിയെക്കാള്‍ കൂടുതല്‍ ആവശ്യമായി വരുന്നത് കര്‍മ്മക്ഷേത്രത്തിലെ ആത്മീയ യോദ്ധാക്കള്‍ക്കുതന്നെയാണ്. ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഓരോരോ രംഗങ്ങളെയും, അവ നല്ലതായാലും മോശമായാലും, സുഖ ദായകമായാലും ദുഃഖ ദായകമായാലും, നിന്ദയായാലും സ്തുതിയായാലും, അപമാനമായാലും ബഹുമാനമായാലും, ലാഭമായാലും നഷ്ടമായാലും, ഉയർച്ചയായാലും താഴ്ച്ചയായാലും അഹങ്കരിക്കാതെയും മനസ്സ് തളരാതെയും എപ്പോഴും തുലനം ചെയ്തു നിലകൊള്ളുക എന്ന് മാത്രമേ സ്ഥിതപ്രജ്ഞന്‍ എന്ന ഈ പദത്തിനു അര്‍ത്ഥമുള്ളൂ. പറയുവാന്‍ വളരെ സുന്ദരമായി തോന്നുമെങ്കിലും പ്രയോഗികമാക്കുവാന്‍ നിരന്തര പരിശീലനവും സ്വ പരിശോധനയും ആവശ്യമായ ഒരു സാധനയാണ്‌ ഇത്. പരമാത്മാവിനുമുന്നില്‍ സ്വയം എന്നെ ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ചിന്തയാണ് സ്ഥിതപ്രജ്ഞനാകുവാന്‍ ആദ്യം ഉണ്ടാവേണ്ടത്. എന്തുകൊണ്ടെന്നാല്‍ നമ്മുടെ മനസ്സ് എന്തെങ്കിലും ഇനിയും എനിക്ക് നേടാനുണ്ടെന്ന തോന്നല്‍ സദാ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഈ അസംതൃപ്ത മനോഭാവം നമ്മള്‍ എന്തെല്ലാം നേടിയാലും പിന്നെയും നിലനില്‍ക്കും. അത് പൂര്‍ത്തീകരിക്കാന്‍ സാധ്യവുമല്ല. തന്‍റെ സര്‍വ്വ ആഗ്രഹങ്ങളും ഈശ്വര സമര്‍പ്പിതമായാല്‍ മാത്രമേ അവയ്ക്ക് അന്ത്യം ഉണ്ടാവുകയുള്ളൂ. ഭൌതീകമായ ഒന്നും ആഗ്രഹിക്കരുതെന്നോ നേടരുതെന്നോ അല്ല ഇതിനര്‍ത്ഥം. ഭൌതീകമായ ഒന്നിനെയും ആശ്രയിച്ചല്ല ശാന്തിയും സന്തോഷവും നിലനില്‍ക്കുന്നതെന്നും, ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ മാനസിക അഭ്യാസം ആവശ്യമാണെന്നും മനസിലാക്കുന്നവനാണ് യോഗി. അവരുടെ മനസ്സ് ഉയര്‍ച്ചകളിലെന്ന പോലെ താഴ്ച്ചകളിലും സമരസത്തില്‍ നിലകൊള്ളും. അഥവാ മനസ് സുഖലോലുപതകളില്‍ ജീവിതസായൂജ്യത്തെ തിരയുകയാണെങ്കില്‍ ആ തിരച്ചില്‍ ചെന്നെത്തുന്നത് ആഗ്രഹങ്ങളുടെ ഊരാക്കുടുക്കിലായിരിക്കും. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ കോപവും ആഗ്രഹങ്ങള്‍ സാധിക്കുമ്പോള്‍ ലോഭവും അഹങ്കാരവും ഉണ്ടാകുന്നു. ഇത്തരത്തില്‍ വ്യക്തിയുടെ സര്‍വനാശം സംഭവിക്കുന്നു. എന്നാല്‍ സ്ഥിതപ്രജ്ഞന്‍ (ബുദ്ധി സ്ഥിരത നേടിയവന്‍ ) ഈ ഊരാക്കുടുക്കിനെ തിരിച്ചറിഞ്ഞുകൊണ്ട് അവയില്‍ ബന്ധിതനാകാതെ, എന്നാല്‍ എല്ലാവരെക്കാളും സുഖശാന്തി നിറഞ്ഞ ജീവിതം നയിക്കുന്നതാണ്. സ്ഥിതപ്രജ്ഞനാകുവാന്‍ സംതൃപ്തി ആവശ്യമാണ്‌, സംതൃപ്തനാകുവാന്‍ ത്യാഗം ആവശ്യമാണ്‌, ത്യാഗിയാകുവാന്‍ വൈരാഗ്യം (അനാസക്ത ഭാവം) ആവശ്യമാണ്, വൈരാഗ്യം വരണമെങ്കില്‍ പരമാത്മാവിനു മുന്നില്‍ ജീവിതം സമര്‍പ്പിതമായിരിക്കണം.          

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.